ലണ്ടന്‍: ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള അടിയന്തര സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി 2024 സെപ്റ്റംബര്‍ മുതല്‍ 2025 ജൂണ്‍ വരെ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ഏകദേശം 40,000 തടവുകാരെ നേരത്തെ മോചിപ്പിച്ചതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. നീതിന്യായ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഈ കാലയളവില്‍ 38,042 തടവുകാര്‍ മോചിതരായി.
കഴിഞ്ഞ വര്‍ഷം ജയിലുകള്‍ പൂര്‍ണ്ണശേഷിയില്‍ എത്തിച്ചേരുകയും, പുരുഷ ജയില്‍ എസ്റ്റേറ്റിലുടനീളം നൂറോളം സ്ഥലങ്ങള്‍ മാത്രം അവശേഷിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ലേബര്‍ സര്‍ക്കാര്‍ ഈ അടിയന്തര നടപടി സ്വീകരിച്ചത്. അന്നത്തെ ജസ്റ്റിസ് സെക്രട്ടറി ഷബാന മഹമൂദ് മുന്നറിയിപ്പ് നല്‍കിയിരുന്നു: ''നടപടി വൈകിയാല്‍ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയും ക്രമസമാധാനവും തകര്‍ന്നുപോകും.''
പദ്ധതിയുടെ ഭാഗമായി ചില തടവുകാരെ അവരുടെ ശിക്ഷയുടെ 50% പൂരിപ്പിക്കുന്നതിന് പകരം 40% ശിക്ഷ അനുഭവിച്ചതിന് ശേഷം മോചിപ്പിക്കാനാണ് തീരുമാനിച്ചത്. മുന്‍ കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ അവതരിപ്പിച്ച പ്രത്യേക മോചന പദ്ധതിക്ക് പകരമായാണ് പുതിയ പദ്ധതി നിലവില്‍ വന്നത്. 2023 ഒക്ടോബര്‍ മുതല്‍ 2024 സെപ്റ്റംബര്‍ വരെ 13,325 തടവുകാരെ മുന്‍പേ മോചിപ്പിച്ചിരുന്നു.
മോചന വ്യവസ്ഥ ലംഘനം വര്‍ദ്ധിക്കുന്നു
തടവുകാരെ നേരത്തെ മോചിപ്പിച്ചതോടെ ജയിലുകളില്‍ ''കൂടുതല്‍ ആളുകളുടെ വരവും പോക്കും'' ഉണ്ടായതായി ജയില്‍ വൃത്തങ്ങള്‍ ബിബിസിയോട് പറഞ്ഞു. അതേസമയം, മോചന വ്യവസ്ഥകള്‍ ലംഘിച്ചതിനാല്‍ തിരിച്ചുവിളിക്കപ്പെടുന്നവരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
2025 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 11,041 പേരെ വീണ്ടും ജയിലിലടച്ചതായി കണക്കുകള്‍ പറയുന്നു. 2024-ലെ ഇതേ കാലയളവില്‍ ഈ സംഖ്യ 9,782 ആയിരുന്നു. 2023-ലെ അതേ കാലയളവില്‍ 6,814 പേരെ മാത്രമാണ് തിരിച്ചുവിളിച്ചത്, അതിനാല്‍ ഈ വര്‍ഷം സംഖ്യ ഇരട്ടിയായി.