ഡബ്ലിന്‍: അയര്‍ലന്‍ഡിലെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായ മാവേലിക്കര സ്വദേശി വിനോദ് പിള്ളയെ പീസ് കമ്മീഷണറായി നിയമിച്ചു. 25 വര്‍ഷത്തിലേറെയായി അയര്‍ലന്‍ഡില്‍ താമസിക്കുന്ന അദ്ദേഹത്തിന്റെ സമഗ്ര സേവനത്തിന് ലഭിച്ച അംഗീകാരമാണ് ഈ നിയമനം.
അയര്‍ലന്‍ഡിലെ ഇന്ത്യന്‍ സമൂഹത്തിനും ഐറിഷ് സമൂഹത്തിനും ഇടയില്‍ ഐക്യവും ധാരണയും വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച വിനോദ് പിള്ള കോണ്‍സുലാര്‍ സേവനങ്ങള്‍, കമ്മ്യൂണിറ്റി പരിപാടികള്‍, കായിക സംഘടനകളിലെ നേതൃത്വം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയ സേവനം നല്‍കിയിട്ടുണ്ട്. കേരള ഹൗസ് അയര്‍ലന്‍ഡ് കോഓര്‍ഡിനേറ്ററായും നാസ് ക്രിക്കറ്റ് ക്ലബ് ചെയര്‍മാനായും അദ്ദേഹം പ്രവര്‍ത്തിക്കുന്നു.
പീസ് കമ്മീഷണറായി നിയമിതനായതോടെ നിയമപരമായ പ്രഖ്യാപനങ്ങള്‍ എടുക്കല്‍, രേഖകളില്‍ ഒപ്പുകള്‍ സാക്ഷ്യപ്പെടുത്തല്‍ തുടങ്ങിയ ചുമതലകള്‍ അദ്ദേഹം ഏറ്റെടുക്കും. ഭാര്യ രേണു, മക്കളായ ഗായത്രി, പൂജ എന്നിവരുമൊത്ത് ഡബ്ലിനിലാണ് വിനോദ് പിള്ളയുടെ താമസം.