വില്‍റ്റ്‌ഷെയറിലെ ലാര്‍ക്ക്ഹില്‍ സൈനിക ക്യാംപില്‍ 2021-ല്‍ ആത്മഹത്യ ചെയ്ത ആര്‍ട്ടിലറി ഗണ്ണര്‍ ജെയ്സ്ലി ബെക്ക് (19) എന്ന യുവ സൈനിക ഉദ്യോഗസ്ഥയുടെ മരണത്തില്‍ സഹപ്രവര്‍ത്തകനെ ശിക്ഷിച്ചു. ജഡ്ജ് അഡ്വക്കേറ്റ് ജനറല്‍ അലന്‍ ലാര്‍ജിന്റെ നേതൃത്വത്തിലുള്ള മിലിട്ടറി ബോര്‍ഡ് റയാന്‍ മേസണ്‍ എന്ന പ്രതിയെ ആറു മാസം സിവിലിയന്‍ ജയിലില്‍ തടവിന് ശിക്ഷിച്ചു.
ജെയ്സ്ലിയെ ചുംബിക്കാന്‍ ശ്രമിക്കുകയും അനുചിതമായി സ്പര്‍ശിക്കുകയും ചെയ്ത കേസില്‍ പ്രതി കുറ്റം സമ്മതിച്ചതിനാല്‍ വിചാരണ ഒഴിവാക്കി. യുവതി പരാതി നല്‍കിയതിനു പിന്നാലെയാണ് ആത്മഹത്യ ചെയ്തത്.
'മകള്‍ക്ക് നീതി ലഭിച്ചില്ല': മാതാവ് വിമര്‍ശിക്കുന്നു
ശിക്ഷ കുറഞ്ഞതിനെതിരെ ജെയ്സ്ലിയുടെ അമ്മ ലെയ്ഗന്‍ മക്രെഡി ശക്തമായി പ്രതികരിച്ചു. ''മകള്‍ക്ക് നീതി ലഭിച്ചില്ല. സൈന്യം നല്‍കിയ വാഗ്ദാനങ്ങള്‍ പൊള്ളയായവയാണ്. യുവതികള്‍ക്ക് സുരക്ഷിതമായ സ്ഥലമല്ല സൈനിക സേവനം,'' എന്ന് ലെയ്ഗന്‍ ആരോപിച്ചു. ''പ്രതി ആറു മാസം തടവുശിക്ഷ അനുഭവിക്കുമ്പോള്‍ ജീവപര്യന്തം തടവില്‍ ജീവിക്കുന്നത് ഞങ്ങളാണ്,'' എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ജെയ്സ്ലിയുടെ മാതാപിതാക്കളും അവരുടെ നിയമ സംഘവും സൈനിക കമാന്‍ഡ് ശൃംഖലയെ വിമര്‍ശിച്ചു. യുവതിയുടെ പരാതികള്‍ക്കനുസരിച്ച് കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കേണ്ടതുണ്ടായിരുന്നുവെന്ന് കുടുംബം വ്യക്തമാക്കി.