ലണ്ടന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയില്‍ പ്രസംഗങ്ങള്‍ എഡിറ്റ് ചെയ്ത് തെറ്റായ സന്ദേശം നല്‍കിയത് സംബന്ധിച്ച വിവാദത്തില്‍ ബ്രിട്ടിഷ് പബ്ലിക് ബ്രോഡ്കാസ്റ്റര്‍ ബിബിസിയുടെ അധ്യക്ഷന്‍ സമീര്‍ ഷാ ഔദ്യോഗികമായി ക്ഷമാപണം നടത്തി. സംഭവത്തെ തുടര്‍ന്ന് ബിബിസി ഡയറക്ടര്‍ ജനറല്‍ ടിം ഡേവിയും വാര്‍ത്താവിഭാഗം മേധാവി ഡെബോറ ടേണിസും രാജിവെച്ചു.
2021 ജനുവരിയില്‍ നടന്ന യുഎസ് ക്യാപ്പിറ്റല്‍ കലാപത്തില്‍ ട്രംപിന്റെ പങ്ക് ഉണ്ടെന്ന തോന്നല്‍ സൃഷ്ടിക്കുന്ന തരത്തില്‍ രണ്ട് വ്യത്യസ്ത പ്രസംഗങ്ങള്‍ ചേര്‍ത്താണ് ഡോക്യുമെന്ററി തയ്യാറാക്കിയതെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരാഴ്ച മുന്‍പായിരുന്നു ഡോക്യുമെന്ററി സംപ്രേഷണം ചെയ്തത്. എഡിറ്റിങ്ങില്‍ പക്ഷപാതം കാട്ടിയെന്ന ആരോപണങ്ങള്‍ ബിബിസിയുടെ ആഭ്യന്തര അന്വേഷണത്തില്‍ സ്ഥിരീകരിച്ചതോടെയാണ് വിവാദം ശക്തമായത്.
ഈ വര്‍ഷാദ്യം നടത്തിയ അന്വേഷണത്തില്‍ സംഭവത്തില്‍ ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നുവെന്നും അപ്പോള്‍ തന്നെ നടപടി സ്വീകരിക്കേണ്ടതായിരുന്നുവെന്നും സമീര്‍ ഷാ അംഗീകരിച്ചു. സംഭവത്തെക്കുറിച്ച് ബ്രിട്ടിഷ് എംപിമാര്‍ക്ക് അയച്ച കത്തില്‍, ബിബിസി ഒരു സ്വതന്ത്ര പൊതുസ്ഥാപനമായ നിലയില്‍ വിശ്വാസ്യത വീണ്ടെടുക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ, ഗാസ യുദ്ധം റിപ്പോര്‍ട്ട് ചെയ്തതില്‍ ബിബിസിയുടെ അറബ് ചാനല്‍ ഇസ്രയേല്‍ വിരുദ്ധ നിലപാട് സ്വീകരിച്ചതായും ആഭ്യന്തര റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.