ലണ്ടന്‍: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇന്ത്യയിലേക്ക് കടന്നുകളഞ്ഞ പ്രതിയെ പിടികൂടാന്‍ ബ്രിട്ടിഷ് പൊലീസ് ഇന്ത്യയില്‍ അന്വേഷണം ശക്തമാക്കി. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ വംശജയായ ഹര്‍ഷിത ബ്രെല്ല (24) കൊല്ലപ്പെട്ട കേസില്‍ ഭര്‍ത്താവും ഇന്ത്യന്‍ വംശജനുമായ പങ്കജ് ലാംബയെ തേടിയാണ് നോര്‍ത്താംപ്ടണ്‍ഷര്‍ പൊലീസ് ഇന്ത്യയിലെത്തിയിരിക്കുന്നത്.
2023 നവംബര്‍ 14ന് ഇല്‍ഫോര്‍ഡില്‍ വച്ച് പങ്കജിന്റെ കാറിന്റെ ഡിക്കിയില്‍നിന്നാണ് ഹര്‍ഷിതയുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്തുഞെരിച്ചാണ് കൊലപാതകം നടന്നതെന്ന് സ്ഥിരീകരിച്ചിരുന്നു. സംഭവത്തിന് നാല് ദിവസം മുന്‍പാണ് ഹര്‍ഷിതയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. നോര്‍ത്താംപ്ടണ്‍ഷറില്‍ വച്ച് കൊലപാതകം നടത്തിയ ശേഷം കാറില്‍ മൃതദേഹം ഈസ്റ്റ് ലണ്ടനിലെ ഇല്‍ഫോര്‍ഡിലേക്ക് കൊണ്ടുപോയതായും പൊലീസ് പറയുന്നു.
ഹര്‍ഷിതയ്ക്ക് ഭീഷണി ഉണ്ടെന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് കോര്‍ബിയിലെ ഇവരുടെ വീട്ടില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നെങ്കിലും അവിടെ ഇവരെ കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
2023 ഓഗസ്റ്റിലായിരുന്നു ഇവരുടെ വിവാഹം. അതേ വര്‍ഷം ഏപ്രിലില്‍ ഡല്‍ഹിയില്‍നിന്ന് യുകെയിലേക്ക് താമസം മാറിയതായിരുന്നു. അന്വേഷണത്തില്‍ ഹര്‍ഷിത ഗാര്‍ഹിക പീഡനത്തിന് ഇരയായിരുന്നുവെന്നും കൊലപാതകത്തിന് മുമ്പ് ഇരുവരും വഴക്കിട്ടിരുന്നതായും അയല്‍വാസികള്‍ പറഞ്ഞു. പങ്കജിന്റെ പീഡനത്തെ തുടര്‍ന്ന് ഹര്‍ഷിത മുന്‍പ് വീട്ടില്‍ നിന്ന് ഓടിപ്പോയിരുന്നുവെന്നും പിന്നീട് തിരിച്ചെത്തിയതായും കുടുംബം വ്യക്തമാക്കി.
കേസില്‍ സ്ത്രീധന നിരോധന നിയമപ്രകാരം പങ്കജിന്റെ മാതാപിതാക്കളായ ദര്‍ശന്‍ സിങ്ങും സുനില്‍ ദേവിയും ഇന്ത്യയില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മുഖ്യപ്രതിയായ പങ്കജിനെ ഇതുവരെ പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടില്ല. ഹര്‍ഷിതയുടെ കുടുംബം ഇന്നും നീതിക്കായി കാത്തിരിക്കുകയാണ്.