തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ (എന്‍ബിഎഫ്‌സികള്‍) കൈവശം വയ്ക്കുന്ന സ്വര്‍ണശേഖരത്തില്‍ വന്‍ വര്‍ധനവ്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ട് പ്രകാരം, സംസ്ഥാനത്തെ മുത്തൂറ്റ്, മണപ്പുറം, മുത്തൂറ്റ് ഫിന്‍കോര്‍പ്, കെ.എസ്.എഫ്.ഇ., ഇന്‍ഡല്‍ മണി തുടങ്ങിയ സ്ഥാപനങ്ങള്‍ ചേര്‍ന്ന് കൈവശം വയ്ക്കുന്ന സ്വര്‍ണത്തിന്റെ ആകെ തൂക്കം 381 ടണ്‍. ഈ കണക്കുകള്‍ പ്രകാരം, കേരളത്തിലെ എന്‍ബിഎഫ്‌സികള്‍ ഒരു രാജ്യമായിരുന്നെങ്കില്‍, ലോക സ്വര്‍ണശേഖരത്തില്‍ 16-ാം സ്ഥാനത്തെത്തുമായിരുന്നു.
ബ്രിട്ടന്റെ ഔദ്യോഗിക സ്വര്‍ണശേഖരം 310 ടണ്‍ മാത്രമാണെന്നും, സ്‌പെയിനിന്റെത് 282 ടണ്‍ മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതായത്, കേരളത്തിലെ എന്‍ബിഎഫ്‌സികളുടെ സംയുക്ത ശേഖരം ഈ രാജ്യങ്ങളെയും മറികടക്കുന്നു. നിലവിലെ റെക്കോര്‍ഡ് സ്വര്‍ണവിലയില്‍ ഈ ശേഖരത്തിന്റെ മൂല്യം 4.6 ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ്.
സ്ഥാപനങ്ങളുടെയും ശേഖര തൂക്കവും:
- മുത്തൂറ്റ് ഫിനാന്‍സ് - 208 ടണ്‍
- മണപ്പുറം ഫിനാന്‍സ് - 56.4 ടണ്‍
- മുത്തൂറ്റ് ഫിന്‍കോര്‍പ് - 43.69 ടണ്‍
- കെ.എസ്.എഫ്.ഇ. - 67.22 ടണ്‍
- ഇന്‍ഡല്‍ മണി - ഏകദേശം 6 ടണ്‍
അടിയന്തര ആവശ്യങ്ങള്‍ക്ക് സ്വര്‍ണവായ്പ
ടയര്‍-3, ടയര്‍-4, ടയര്‍-5 നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്കിടയില്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് സ്വര്‍ണവായ്പയാണ് ആദ്യചോയ്‌സ്. മക്കളുടെ കോളേജ് ഫീസ്, വീട് പെയിന്റ് ചെയ്യല്‍, വര്‍ക്ക്‌ഷോപ്പിനുള്ള യന്ത്രം വാങ്ങല്‍ തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്കായി ഈ വായ്പകള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. 'സ്വര്‍ണവില കുതിച്ചുയര്‍ന്നതോടെ ഗ്രാമിന് ലഭിക്കുന്ന വായ്പയുടെ മൂല്യവും ഉയര്‍ന്നു. കൂടുതല്‍ ആഭരണങ്ങള്‍ വായ്പയ്ക്കായി വിപണിയിലെത്തുന്നു,' എന്ന് ഇന്‍ഡല്‍ മണി സി.ഇ.ഒ ഉമേഷ് മോഹനന്‍ പറഞ്ഞു.
ആര്‍.ബി.ഐയുടെ നിയന്ത്രണങ്ങള്‍ എന്‍ബിഎഫ്‌സികള്‍ക്ക് അനുകൂലമായി
അണ്‍സെക്യൂര്‍ഡ് വായ്പകളുടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതും എന്‍ബിഎഫ്‌സികള്‍ക്ക് അനുകൂലമായി. 'താഴ്ന്ന വരുമാന വിഭാഗത്തിന് സ്വര്‍ണവില വര്‍ധന വലിയ അനുഗ്രഹമായി. ക്രെഡിറ്റ് ക്രഞ്ച് നേരിടാന്‍ സ്വര്‍ണവായ്പകള്‍ വലിയ പങ്കുവഹിച്ചു,' ഉമേഷ് മോഹനന്‍ കൂട്ടിച്ചേര്‍ത്തു.
വായ്പ തിരിച്ചടവ് മെച്ചപ്പെട്ടു
മുത്തൂറ്റ് ഫിന്‍കോര്‍പ് സി.ഇ.ഒ ഷാജി വര്‍ഗീസ് വ്യക്തമാക്കുന്നത് പ്രകാരം, 'വില കൂടിയതിനാല്‍ ഉപഭോക്താക്കള്‍ കൂടുതല്‍ വായ്പയെടുക്കുന്നില്ല. 12 മാസത്തെ വായ്പാ കാലാവധിയില്‍ 5-6 മാസത്തിനുള്ളില്‍ മിക്കവരും സ്വര്‍ണം വീണ്ടെടുക്കുന്നു.' തിരിച്ചടവില്ലാത്ത പണയ ഉരുപ്പടികളുടെ ലേല നിരക്ക് 2.5%ല്‍ നിന്ന് 1% ആയി കുറഞ്ഞതും ഉത്തരവാദിത്തമുള്ള വായ്പയുടെ സൂചനയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ സ്വര്‍ണവായ്പാ ഭൂപടത്തില്‍ കേരളം മുന്നില്‍
ഇന്ത്യയില്‍ സ്വര്‍ണവായ്പകളില്‍ 37% മാത്രമാണ് സംഘടിത മേഖലയിലുള്ളത്. ബാക്കി 63% വായ്പകളും പണയഷോപ്പുകള്‍, ചെറുകിട ധനകാര്യ സ്ഥാപനങ്ങള്‍, പ്രാദേശിക പലിശക്കാര്‍ എന്നിവരിലൂടെയാണ് നടക്കുന്നത്. രാജ്യത്തെ സ്വര്‍ണവായ്പാ വിപണിയില്‍ 2950-3350 ടണ്‍ സ്വര്‍ണം വൗള്‍ട്ടുകളില്‍ പൂട്ടിയിട്ടതുപോലെയാണെന്നും, അതില്‍ കേരളം തന്നെ മുന്‍പന്തിയിലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.