പന്‍വേലില്‍ നിന്ന് ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസിലേക്ക് (CSMT) സര്‍വീസ് നടത്തുന്ന എസി ലോക്കല്‍ ട്രെയിന്‍ ഒരൊറ്റ സ്റ്റേഷനിലും നിര്‍ത്താതെ മുന്നോട്ട് പാഞ്ഞ് പോയപ്പോള്‍ ആദ്യം അമ്പരപ്പും പിന്നാലെ ഭയന്നും യാത്രക്കാര്‍. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ റെയില്‍വേ അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ട് യാത്രക്കാരുടെ സംഘടന രംഗത്തെത്തി.
മുംബൈ റെയില്‍ പ്രവാസി സംഘയാണ് എക്സില്‍ സംഭവത്തിന്റെ വീഡിയോ പങ്കുവച്ചത്. ട്രെയിന്‍ തുടര്‍ച്ചയായി സഞ്ചരിക്കുന്നതിനിടെ കോച്ചിനുള്ളിലെ യാത്രക്കാര്‍ ആശങ്കയോടെ പരസ്പരം സംസാരിക്കുന്നതും ചിലര്‍ അടിയന്തര ഇന്റര്കോമിന് സമീപം ഒത്തുകൂടുന്നതും ദൃശ്യങ്ങളില്‍ കാണാം. ഒരു കുട്ടിയുള്‍പ്പെടെ എട്ട് മുതല്‍ പത്ത് യാത്രക്കാര്‍ വരെ കോച്ചിലുണ്ടായിരുന്നതായാണ് വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നത്.
ട്രെയിന്‍ സ്റ്റേഷനുകളില്‍ നിര്‍ത്താത്തതിന്റെ കാരണം അറിയാന്‍ രണ്ടോ മൂന്നോ യാത്രക്കാര്‍ എമര്‍ജന്‍സി ഇന്റര്‍കോം വഴി ലോക്കോ പൈലറ്റുമായി ബന്ധപ്പെടാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തില്‍ യാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് ഗുരുതര ആശങ്ക ഉയര്‍ത്തിയ യാത്രക്കാരുടെ സംഘടന, റെയില്‍വേ അധികൃതരോട് അടിയന്തര അന്വേഷണം ആവശ്യപ്പെട്ടു. ഇത്തരമൊരു സാഹചര്യം നിയന്ത്രിക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ എന്തുകൊണ്ട് പ്രവര്‍ത്തിച്ചില്ലെന്നും സംഘടന ചോദിച്ചു.