പണം സമ്പാദിക്കാനുള്ള വിചിത്രമായ വഴികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഓണ്‍ലൈനില്‍ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാറുണ്ട്. മനുഷ്യന്റെ ആരോഗ്യവും വൈദ്യശാസ്ത്ര ഗവേഷണങ്ങളും തമ്മിലുള്ള അവിശ്വസനീയമായ ബന്ധത്തെക്കുറിച്ച് ഒരു യുവതി പങ്കുവെച്ച വീഡിയോ ക്ലിപ്പ് ഇപ്പോള്‍, സമൂഹ മാധ്യമ ഉപയോക്താക്കള്‍ക്കിടെയില്‍ വലിയ കൗതുകം ഉണര്‍ത്തിയിരിക്കുകയാണ്. മിക്ക ആളുകളും ഒരിക്കലും വില്‍ക്കാന്‍ ചിന്തിക്കാത്ത ഒരു കാര്യം വാങ്ങാന്‍ ചില കമ്പനികള്‍ തയ്യാറാണെന്നാണ് ആ വീഡിയോയില്‍ അവകാശപ്പെടുന്നത്.
ഈ ക്ലിപ്പിലെ അവകാശവാദം പലരെയും അമ്പരപ്പിക്കുകയും അതേസമയം കൗതുകത്തിലാഴ്ത്തുകയും ചെയ്തു. ചിലര്‍ ഇതിനെ തമാശയായി കണ്ടപ്പോള്‍, മറ്റുള്ളവര്‍ ഈ ആശയത്തിന് പിന്നിലെ ശാസ്ത്രത്തെക്കുറിച്ചും അത് ആധുനിക വൈദ്യശാസ്ത്രവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ചും അറിയാന്‍ താല്പര്യം കാണിച്ചു. ''നിങ്ങളുടെ മലം വിറ്റാല്‍ നിങ്ങള്‍ക്ക് 1.5 കോടി രൂപ ലഭിക്കുമെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? എന്ന ചോദ്യത്തോടെയാണ് യുവതി വീഡിയോ ആരംഭിക്കുന്നത്. തുടര്‍ന്ന്, അമേരിക്കയിലെ ഒരു കമ്പനി മലം ദാനം ചെയ്യുന്നവര്‍ക്ക് പണം നല്‍കാന്‍ തയ്യാറാണെന്ന് അവര്‍ വിശദീകരിക്കുന്നു. ഓരോ തവണ മലം ദാനം ചെയ്യുമ്പോഴും 41,000 രൂപ വരെ ലഭിക്കുമെന്നും, തുടര്‍ച്ചയായി ദാനം ചെയ്താല്‍ വര്‍ഷത്തില്‍ ഏകദേശം 1.5 കോടി രൂപ വരെ സമ്പാദിക്കാന്‍ കഴിയുമെന്നുമാണ് അവരുടെ അവകാശവാദം.
ആ യുഎസ് കമ്പനിയുടെ വെബ്സൈറ്റില്‍ നിന്നുള്ള വിവരങ്ങളും ഇവര്‍ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 'പണം സമ്പാദിക്കൂ, ജീവന്‍ രക്ഷിക്കൂ. ഗവേഷണത്തിനായി ഒരു സ്റ്റൂള്‍ ഡോണര്‍ (മലം ദാതാവ്) ആകുക.' എന്ന കമ്പനി വെബ്‌സൈറ്റിലെ വാചകമാണ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വളരെ ഫിറ്റും ആരോഗ്യവാനുമായ ആളുകള്‍ക്ക് ഇതിലും കൂടുതല്‍ തുക ലഭിക്കുമെന്നും ആ യുവതി അവകാശപ്പെടുന്നു. ഇത് തമാശയല്ലന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
മലം ദാനത്തിന് പിന്നിലെ ശാസ്ത്രത്തെക്കുറിച്ചും യുവതി സംസാരിക്കുന്നുണ്ട്. ''ഇതിലെ ശാസ്ത്രം ഇതാണ്: നിങ്ങളുടെ മലത്തിന്റെ പകുതിയോളം ഭാഗം കുടലിലെ ബാക്ടീരിയകളാണ്. ദഹനം മുതല്‍ മെറ്റബോളിസം, മാനസികാരോഗ്യം വരെയുള്ള കാര്യങ്ങളില്‍ ഇവ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. ആരോഗ്യവാന്മാരായ ആളുകളില്‍ നിന്ന് ഈ നല്ല ബാക്ടീരിയകളെ വേര്‍തിരിച്ചെടുത്ത്, അവയെ ക്യാപ്‌സൂളുകളാക്കി മാറ്റി, അമിതവണ്ണം, ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം (IBS), ബൈപോളാര്‍ ഡിസോര്‍ഡര്‍ തുടങ്ങിയ രോഗങ്ങളാല്‍ കഷ്ടപ്പെടുന്നവര്‍ക്ക് നല്‍കുകയാണ് ഈ കമ്പനികള്‍ ചെയ്യുന്നത്. ഈ പ്രക്രിയയെ ഫീക്കല്‍ മൈക്രോബയോണ ട്രാന്‍സ്പ്ലാന്റ് എന്ന് വിളിക്കുന്നു, ഇതിന് ധാരാളം വിജയഗാഥകളുമുണ്ട്. ശാസ്ത്രരംഗത്തിന് വളരെ കൗതുകകരമായ ഒരു കാലഘട്ടമാണിതെന്ന പ്രസ്താവനയോടൊണ് വീഡിയോ അവസാനിപ്പിക്കുന്നത്.
മാര്‍ച്ച് 8-ന് പങ്കുവെച്ച ഈ വീഡിയോ ക്ലിപ്പ് ഇതിനകം നാല് ലക്ഷത്തിലധികം പേരാണ് കണ്ടത്. ഇത് സമൂഹ മാധ്യമ ഉപയോക്താക്കള്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്കും രസകരമായ പ്രതികരണങ്ങള്‍ക്കും വഴിവെച്ചു. വീഡിയോ കണ്ട പലരും അമ്പരപ്പ് രേഖപ്പെടുത്തിയപ്പോള്‍, മറ്റു ചിലര്‍ രസകരമായ കുറിപ്പുകളുമായെത്തി. 'ഇതൊന്ന് കാണാന്‍ മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്,' എന്ന് ഒരാള്‍ കുറിച്ചു. 'ദൈവമേ, എന്തുകൊണ്ടാണ് ഈ വീഡിയോ ഇത്ര വൈകി എന്റെ മുന്നിലെത്തിയത്,' എന്ന് മറ്റൊരു ഉപയോക്താവ് കമന്റ് ചെയ്തു.
2020-ല്‍ മൈക്കല്‍ ഹാരോപ്പ് (Michael Harrop) സ്ഥാപിച്ച 'ഹ്യൂമന്‍ മൈക്രോബ്‌സ്' (Human Microbes) എന്ന സംഘടനയാണ് ഈ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. പ്രധാനമായും അമേരിക്കയിലും കാനഡയിലുമാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും, മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരില്‍ നിന്നും മലം ദാനമായി സ്വീകരിക്കാറുണ്ട്. സാധ്യമാകുമ്പോള്‍ അന്താരാഷ്ട്ര തലത്തിലുള്ള ഷിപ്പിംഗ് സൗകര്യങ്ങളും ഇവര്‍ ക്രമീകരിക്കുന്നു.
വൈദ്യശാസ്ത്ര ചികിത്സകള്‍ക്കും ഗവേഷണങ്ങള്‍ക്കും സഹായകമായേക്കാവുന്ന വളരെ ആരോഗ്യവാനായ ദാതാക്കളെ കണ്ടെത്താനാണ് ഈ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഹാരോപ്പിന്റെ സ്വന്തം ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നും, ഇന്നത്തെ കാലത്ത് മോശം ആരോഗ്യാവസ്ഥയിലൂടെ കടന്നുപോകുന്ന ഒട്ടേറെ ആളുകളെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നുമാണ് അദ്ദേഹം ഈ പദ്ധതി ആരംഭിച്ചത്.
മൈക്രോബയോമിനെക്കുറിച്ചും (microbiome), ഫീക്കല്‍ മൈക്രോബയോണ ട്രാന്‍സ്പ്ലാന്റിനെക്കുറിച്ചും (FMT), മനുഷ്യന്റെ ആരോഗ്യത്തെക്കുറിച്ചും അദ്ദേഹം നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ഇതുകൂടാതെ, മൈക്രോബയോമിനെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ ശേഖരിക്കുകയും വിദഗ്ധര്‍ക്കും സാധാരണ വായനക്കാര്‍ക്കും മനസ്സിലാകുന്ന രീതിയില്‍ വിശദീകരിക്കുകയും ചെയ്യുന്ന 'HumanMicrobiome.info' എന്ന വലിയൊരു ഓണ്‍ലൈന്‍ ഡാറ്റാബേസും അദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്.