Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3502 INR  1 EURO=106.4396 INR
ukmalayalampathram.com
Fri 13th Mar 2026
ഇതാണ് ജെന്‍സി ഫാഷന്‍ ലോകം

ജെന്‍ സികള്‍, ഇന്ന് ആഗോള ഫാഷന്‍ ഇന്‍ഡസ്ട്രിയെ നിയന്ത്രിക്കുന്ന ഏറ്റവും വലിയ ശക്തിയായി മാറിയിരിക്കുകയാണെന്ന് എല്ലവര്‍ക്കും അറിയുന്ന ഒരു കാര്യം തന്നെയാണല്ലോ. കേവലം വസ്ത്രധാരണം എന്നതിലുപരി, സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താനും, നിലപാടുകള്‍ അറിയിക്കാനും, ക്രിയേറ്റിവിറ്റി പ്രകടിപ്പിക്കാനുമുള്ള ഒരു ടൂളായി ഇവര്‍ ഫാഷനെ കാണുന്നു. സസ്റ്റൈനബിലിറ്റി, ഇന്‍ക്ലൂസിവിറ്റി, ഇന്‍ഡിവിജ്വാലിറ്റി എന്നിവയാണ് ഇവരുടെ ഫാഷന്‍ തെരഞ്ഞെടുപ്പുകളെ നയിക്കുന്ന പ്രധാന ഘടകങ്ങള്‍.

മില്ലേനിയലുകളുടെ വളരെ പോളിഷ്ഡ് 'മിനിമലിസം' കണ്ടു വളര്‍ന്ന ജെന്‍ സി, പക്ഷേ തിരഞ്ഞെടുത്തത് കുറച്ചുകൂടി പരീക്ഷണാത്മകമായ ശൈലിയാണ്. റോബര്‍ട്ട് ഫ്രോസ്റ്റിന്റെ 'ദി റോഡ് നോട്ട് ടേക്കണ്‍' എന്ന കവിതയിലെ വരികള്‍ പോലെ, അധികമാരും സഞ്ചരിക്കാത്ത പാതകളിലൂടെ സഞ്ചരിക്കാനാണ് ഈ തലമുറയ്ക്ക് ഇഷ്ടം. അതുകൊണ്ടുതന്നെ ഒരു പ്രത്യേക ഫാഷന്‍ രീതിയില്‍ മാത്രം ഒതുങ്ങിനില്‍ക്കാന്‍ ഇവര്‍ തയ്യാറല്ല.

90-കളിലെ 'ഗ്രഞ്ച്' (Grunge) ലുക്ക്, 2000-കളുടെ തുടക്കത്തിലെ 'വൈ ടു കെ' (Y2K) പോപ്പ് കള്‍ച്ചര്‍, സ്ട്രീറ്റ്വെയര്‍, വിന്റേജ് ടെയ്ലറിംഗ് എന്നിങ്ങനെ പല കാലഘട്ടങ്ങളിലെ ഫാഷന്‍ ഒരേ വാര്‍ഡ്രോബില്‍ ഒത്തുചേരുന്നു. ഈ വൈവിധ്യമാണ് ജെന്‍ സി ഫാഷനെ വേറിട്ടു നിര്‍ത്തുന്നത്.

ജെന്‍ സി ഫാഷന്‍ വരുന്നത് ഒരിടത്തുനിന്നല്ല. ഇന്റര്‍നെറ്റിലെ ഒരു സ്‌ക്രോളിംഗിലൂടെ അവര്‍ 90-കളിലെ റണ്‍വേ ക്ലിപ്പുകളും, വൈ ടു കെ സ്റ്റാര്‍സിന്റെ ഔട്ട്ഫിറ്റുകളും, വെറും 200 രൂപയ്ക്ക് കിട്ടുന്ന സെക്കന്‍ഡ് ഹാന്‍ഡ് ലെതര്‍ ജാക്കറ്റും, സോളിലെ സ്ട്രീറ്റ്വെയര്‍ ലുക്കും ഒരേപോലെ നോക്കി മനസിലാക്കുന്നു. സോഷ്യല്‍ മീഡിയയിലെ 'Get Ready With Me' വീഡിയോകളും പിന്റെറസ്റ്റ് ബോര്‍ഡുകളും ഇവരുടെ ഡിസൈന്‍ പ്രോസസിനെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ഇന്ന് ഫാഷന്‍ ലോകം 'കോറുകളുടെ' കാലമാണ്. ബാലെകോര്‍, ബ്ലോക്കകോര്‍, ഡാര്‍ക്ക് അക്കാഡമിയ എന്നിങ്ങനെ നിരവധിയായ മൈക്രോ-യൂണിവേഴ്‌സുകള്‍ ഇവിടെയുണ്ട്. എല്ലാവരും ഒരേപോലെ വസ്ത്രം ധരിക്കുക എന്നതല്ല, മറിച്ച് ഓരോരുത്തരും എത്രത്തോളം വ്യത്യസ്തരാകുന്നു എന്നതാണ് ജെന്‍ സി ഫാഷനിലെ പോയിന്റ്.

ജെന്‍ സിക്ക് യൂണീക്‌നെസ് എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതുകൊണ്ടുതന്നെ മാള്‍ റാക്കുകളില്‍ കാണുന്ന ഒരേപോലെയുള്ള 'മാസ്-പ്രൊഡ്യൂസ്ഡ്' വസ്ത്രങ്ങള്‍ ഇവര്‍ക്ക് താല്പര്യമില്ല. ഇവിടെയാണ് 'ത്രിഫ്റ്റിംഗ്' കടന്നുവരുന്നത്. മറ്റൊരാള്‍ക്കും ഇല്ലാത്ത വസ്ത്രങ്ങള്‍ കണ്ടെത്തുക എന്നത് ഇവരുടെ സ്‌റ്റൈല്‍ കറന്‍സിയാണ്. ഇതിനെക്കുറിച്ച് മാക്കിള്‍മോര്‍ തന്റെ 'ത്രിഫ്റ്റ് ഷോപ്പ്' എന്ന പാട്ടില്‍ പറഞ്ഞതുപോലെ, മുത്തച്ഛന്റെ പഴയ കോട്ട് ധരിച്ചാലും ഇവര്‍ ഇന്‍ക്രെഡിബിളായി തോന്നിപ്പിക്കും.

ക്ലൈമറ്റ് ചേഞ്ച്, ഓവര്‍ കണ്‍സപ്ഷന്‍ തുടങ്ങിയ ഗൗരവകരമായ ചര്‍ച്ചകള്‍ക്കിടയില്‍ വളര്‍ന്ന ഈ തലമുറ ഫാസ്റ്റ് ഫാഷനേക്കാള്‍ സ്ലോ ഫാഷനെ പിന്തുണയ്ക്കുന്നു. സെക്കന്‍ഡ് ഹാന്‍ഡ് പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നതും പഴയ വസ്ത്രങ്ങള്‍ 'അപ്സൈക്കിള്‍' ചെയ്യുന്നതും ഇവര്‍ക്കിടയില്‍ ഒരു ട്രെന്‍ഡ് ആണ്. പരിസ്ഥിതിക്ക് ദോഷമില്ലാത്ത രീതിയില്‍ മികച്ച നിലവാരമുള്ള വസ്ത്രങ്ങള്‍ വാങ്ങുക എന്നതാണ് ഇവരുടെ ലക്ഷ്യം.

ജെന്‍ സി ഫാഷന്‍ ആദ്യ കാഴ്ചയില്‍ അല്പം കുഴപ്പങ്ങള്‍ നിറഞ്ഞതായി തോന്നാം. എന്നാല്‍ ഈ ഫാഷന്‍ കായോസ് ബോധപൂര്‍വ്വമുള്ള ഒന്നാണ്. തങ്ങളെ ഒരു പ്രത്യേക ചട്ടക്കൂടിനുള്ളില്‍ തളച്ചിടാന്‍ ഇവര്‍ ആഗ്രഹിക്കുന്നില്ല. ഇന്ന് ധരിക്കുന്ന സ്‌റ്റൈലല്ല ഇവര്‍ നാളെ പരീക്ഷിക്കുന്നത്. ഫാഷനെ ഒരു 'പ്ലേ ലിസ്റ്റ്' പോലെ ഷഫിള്‍ ചെയ്യാനും മിക്‌സ് ചെയ്യാനും ഇവര്‍ ഇഷ്ടപ്പെടുന്നു. വ്യത്യസ്ത സംസ്‌കാരങ്ങളെയും കാലഘട്ടങ്ങളെയും റെഫറന്‍സായി എടുത്തുകൊണ്ട് ഇവര്‍ സൃഷ്ടിക്കുന്ന ഈ ഫാഷന്‍ രീതിക്ക് ഒരു പ്രത്യേക വൈബ് ഉണ്ട്. ഇതിനെ 'ഐഡന്റിറ്റി ക്രൈസിസ്' എന്ന് വിളിക്കാമെങ്കിലും, ആ വൈവിധ്യമാണ് ജെന്‍ സി ഫാഷന്റെ കരുത്ത്. ഒരു പ്രത്യേക നിയമങ്ങള്‍ക്കും വഴങ്ങാത്ത, സ്വതന്ത്രമായ ഫാഷന്‍ ഭാഷയാണ് ഇന്ന് ലോകം കീഴടക്കുന്നത്. ചുരുക്കത്തില്‍, ഏറ്റവും പുതിയ വസ്ത്രം വാങ്ങുന്നതല്ല, മറിച്ച് ഏറ്റവും യൂണികായ വസ്ത്രം ധരിക്കുന്നതാണ് ജെന്‍ സിയുടെ ഫാഷന്‍.


 
Other News in this category

  • ഇതാണ് ജെന്‍സി ഫാഷന്‍ ലോകം
  • കോടികള്‍ സമ്പാദിച്ചത് മലം വിറ്റ്
  • വര്‍ക്ക് ഫ്രം ഹോം തരണേ
  • ആ രഹസ്യം ഒടുവില്‍ കണ്ടെത്തി
  • ബൈക്ക് യാത്രക്കാരന്റെ വിഡിയോ വൈറലായി




  •  
    Close Window