ലണ്ടന്‍: ഒന്‍പത് വര്‍ഷം മുന്‍പ് ലണ്ടനിലെ പുട്ട്‌നി പാലത്തില്‍ യുവതിയെ ഡബിള്‍ ഡെക്കര്‍ ബസിന് മുന്നിലേക്ക് തള്ളിയിട്ടെന്ന കേസില്‍ 44 വയസ്സുകാരനായ കോടീശ്വര ബാങ്കര്‍ അറസ്റ്റില്‍. പടിഞ്ഞാറന്‍ ലണ്ടനിലെ വസതിയില്‍നിന്ന് ജൂണ്‍ 15നാണ് മെട്രോപൊളിറ്റന്‍ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഗുരുതരമായി പരുക്കേല്‍പ്പിക്കാന്‍ ശ്രമിച്ചതെന്ന സംശയത്തിലാണ് അറസ്റ്റ്. 2017 മേയ് 5ന് രാവിലെ 7.40ഓടെയായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം. പുട്ട്‌നി പാലത്തിലൂടെ നടന്നുപോകുകയായിരുന്ന 33 വയസ്സുകാരിയെ എതിര്‍ദിശയില്‍ നിന്ന് ജോഗിങ് ചെയ്‌തെത്തിയ ഒരാള്‍ പെട്ടെന്ന് റോഡിലേക്ക് തള്ളിയിടുകയായിരുന്നു. യുവതി അതുവഴി വന്ന ഡബിള്‍ ഡെക്കര്‍ ബസിന് മുന്നിലേക്ക് വീണെങ്കിലും, ഡ്രൈവറുടെ സമയോചിത ഇടപെടലിനെ തുടര്‍ന്ന് വലിയ ദുരന്തം ഒഴിവായി.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കേസ് രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു. മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും പ്രതിയെ 'പുട്ട്‌നി പുഷര്‍' എന്ന പേരില്‍ വിശേഷിപ്പിക്കുകയും ഇയാളെ കണ്ടെത്തണമെന്ന ആവശ്യം ശക്തമാകുകയും ചെയ്തു. സംഭവത്തിന് പിന്നാലെ മെട്രോപൊളിറ്റന്‍ പൊലീസ് 50ലധികം പേരെ ചോദ്യം ചെയ്യുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ മതിയായ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ ആര്‍ക്കുമെതിരെ കുറ്റം ചുമത്താനായില്ല. പിന്നീട് 2018ല്‍ അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു. സമീപകാലത്ത് ലഭിച്ച പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ് വീണ്ടും അന്വേഷിക്കാന്‍ പൊലീസ് തീരുമാനിച്ചത്. അറസ്റ്റിലായ 44കാരന്‍ ബ്രിട്ടിഷ് സൈന്യത്തിലെ മുന്‍ ഉദ്യോഗസ്ഥനും സ്വകാര്യ ബാങ്കിലെ ഡയറക്ടറുമാണെന്നാണ് ബ്രിട്ടിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബ്രിട്ടിഷ് രാജകുടുംബവുമായി ഇയാളുടെ കുടുംബത്തിന് ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, അറസ്റ്റിലായ വ്യക്തിയുടെ പേര് പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. കേസില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.