ലണ്ടന്‍: 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സമൂഹമാധ്യമ ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള യുകെ സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ആശങ്ക പ്രകടിപ്പിച്ച് കൗമാരക്കാര്‍. കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പാക്കാനാണ് നടപടിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുമ്പോഴും, ഇത്തരമൊരു നിയന്ത്രണം യുവ പ്രതിഭകളുടെ വളര്‍ച്ചയ്ക്കും അവസരങ്ങള്‍ക്കും തിരിച്ചടിയാകുമെന്നാണ് ഒരു വിഭാഗം കൗമാരക്കാരുടെയും രക്ഷിതാക്കളുടെയും അഭിപ്രായം. സംഗീതം, നൃത്തം, അഭിനയം, ഫാഷന്‍, ഡിജിറ്റല്‍ കണ്ടന്റ് ക്രിയേഷന്‍ തുടങ്ങിയ മേഖലകളില്‍ കഴിവ് തെളിയിച്ച നിരവധി കുട്ടികള്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് തങ്ങളുടെ പ്രതിഭ ലോകത്തിനു മുന്നില്‍ എത്തിച്ചതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. കൗമാരപ്രായത്തില്‍ തന്നെ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയ നിരവധി കലാകാരന്മാരും ഇന്‍ഫ്‌ലുവന്‍സര്‍മാരും പിന്നീട് വലിയ അവസരങ്ങളിലേക്ക് ഉയര്‍ന്നിട്ടുണ്ടെന്നും അവര്‍ പറയുന്നു. അതിനാല്‍, പ്രായത്തിന്റെ പേരില്‍ പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് കഴിവുള്ള കുട്ടികളുടെ സ്വപ്നങ്ങളെ ബാധിക്കുമെന്ന ആശങ്കയാണ് ഉയരുന്നത്.
ഒരു ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള നിരവധി കൗമാര കണ്ടന്റ് ക്രിയേറ്റര്‍മാരും തീരുമാനത്തില്‍ നിരാശ പ്രകടിപ്പിച്ചിട്ടുണ്ട്. വിമര്‍ശനങ്ങളും വിദ്വേഷ കമന്റുകളും നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും, തങ്ങള്‍ പങ്കുവയ്ക്കുന്ന ഉള്ളടക്കം പലര്‍ക്കും ആത്മവിശ്വാസവും പ്രചോദനവും നല്‍കുന്നുണ്ടെന്ന് ഇവരില്‍ ചിലര്‍ പറയുന്നു. സമൂഹമാധ്യമങ്ങളിലൂടെ സ്വന്തം കഴിവ് പ്രദര്‍ശിപ്പിക്കുന്നതിനു പുറമെ ചെറുതല്ലാത്ത വരുമാനവും കണ്ടെത്താന്‍ കഴിയുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. അതേസമയം, സമൂഹമാധ്യമങ്ങളുടെ അപകടസാധ്യതകള്‍ നിഷേധിക്കാനാകില്ലെന്നും കൗമാരക്കാര്‍ സമ്മതിക്കുന്നു. പരിചയമില്ലാത്തവരില്‍ നിന്നുള്ള അനാവശ്യ സന്ദേശങ്ങള്‍, സൈബര്‍ പീഡനം, വിദ്വേഷ കമന്റുകള്‍, സ്ഥിരമായി കണ്ടന്റ് ഉണ്ടാക്കേണ്ടതിന്റെ സമ്മര്‍ദം, ഓണ്‍ലൈന്‍ അംഗീകാരത്തിനായി ജീവിക്കേണ്ടിവരുന്ന മാനസിക സമ്മര്‍ദം തുടങ്ങിയ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇതിന് പരിഹാരം പൂര്‍ണ നിരോധനമല്ല, മറിച്ച് സുരക്ഷിതമായ ഉപയോഗരീതികളും ശക്തമായ നിരീക്ഷണ സംവിധാനങ്ങളുമാണെന്നാണ് ഇവരുടെ വാദം.
കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗത്തില്‍ മാതാപിതാക്കള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് രക്ഷിതാക്കളില്‍ ചിലരും അഭിപ്രായപ്പെട്ടു. കുട്ടികളുടെ അക്കൗണ്ടുകള്‍ നിരീക്ഷിക്കല്‍, സ്വകാര്യതാ ക്രമീകരണങ്ങള്‍ ശക്തമാക്കല്‍, പരിചയമില്ലാത്തവരുമായി ആശയവിനിമയം നിയന്ത്രിക്കല്‍, ഓണ്‍ലൈന്‍ സമയപരിധി നിശ്ചയിക്കല്‍ എന്നിവയിലൂടെ സുരക്ഷാ പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ നിയന്ത്രിക്കാനാകുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. സമൂഹമാധ്യമങ്ങള്‍ കുട്ടികളുടെ കഴിവുകളും സ്വപ്നങ്ങളും വളര്‍ത്താന്‍ സഹായിക്കുന്ന വേദിയായതിനാല്‍ പൂര്‍ണ നിരോധനം ശരിയായ പരിഹാരമല്ലെന്ന നിലപാടും ശക്തമാണ്. പ്ലാറ്റ്ഫോമുകളെ നിരോധിക്കുന്നതിന് പകരം അവ കൂടുതല്‍ സുരക്ഷിതമാക്കാന്‍ സാങ്കേതിക കമ്പനികള്‍ക്ക് മേല്‍ സര്‍ക്കാര്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തണമെന്ന് കൗമാരക്കാര്‍ ആവശ്യപ്പെടുന്നു.
യുവാക്കളുടെയും കുട്ടികളുടെയും അനുഭവങ്ങളും അഭിപ്രായങ്ങളും കേട്ടശേഷം മാത്രമേ ഇത്തരം നയപരമായ തീരുമാനങ്ങള്‍ എടുക്കാവൂവെന്നും വിമര്‍ശകര്‍ പറയുന്നു. കുട്ടികളെ ഹാനികരമായ ഉള്ളടക്കങ്ങളില്‍ നിന്നും സൈബര്‍ പീഡനങ്ങളില്‍ നിന്നും ഓണ്‍ലൈന്‍ വേട്ടക്കാരില്‍ നിന്നും സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മറുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം യുവതലമുറയുടെ സൃഷ്ടിപരമായ സാധ്യതകള്‍ അടച്ചുപൂട്ടാത്ത രീതിയിലായിരിക്കണം നിയമനടപടികളെന്നാണ് കൗമാരക്കാരുടെയും രക്ഷിതാക്കളുടെയും ആവശ്യം.