കൊച്ചി: വിമാനയാത്രക്കാരുടെ ലഗേജുകള്‍ വീടുകളില്‍നിന്ന് ശേഖരിച്ച് വിമാനത്താവളത്തിലെത്തിക്കുന്ന സേവനം അവതരിപ്പിക്കാനൊരുങ്ങി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാല്‍). പദ്ധതിയുടെ പ്രായോഗികത പരിശോധിക്കാന്‍ ഏജന്‍സിയെ ചുമതലപ്പെടുത്തിയതായും പ്രാഥമിക പരീക്ഷണങ്ങള്‍ക്ക് അനുമതി നല്‍കിയതായും സിയാല്‍ വൃത്തങ്ങള്‍ അറിയിച്ചു. രണ്ടു ഘട്ടങ്ങളിലായി സേവനം നടപ്പാക്കാനാണ് ആലോചന.
ആദ്യഘട്ടത്തില്‍ ഏജന്‍സി ജീവനക്കാര്‍ യാത്രക്കാരുടെ വീടുകളിലെത്തി ലഗേജുകള്‍ ശേഖരിക്കും. തുടര്‍ന്ന് വെയര്‍ഹൗസുകളിലേക്ക് മാറ്റുന്ന ലഗേജുകള്‍ വിമാനത്താവള ടെര്‍മിനലിന് പുറത്തുള്ള പ്രത്യേക കേന്ദ്രത്തിലെത്തിക്കും. യാത്രക്കാര്‍ ഇവിടെനിന്ന് ലഗേജ് ഏറ്റുവാങ്ങി ടെര്‍മിനലിനുള്ളിലേക്ക് കൊണ്ടുപോകണം. യാത്രക്കാരനില്ലാതെ ലഗേജ് ടെര്‍മിനലിനുള്ളില്‍ എത്തിക്കുന്നതിന് സുരക്ഷാ മാനദണ്ഡങ്ങള്‍ അനുവദിക്കാത്തതിനാലാണ് ഈ ക്രമീകരണം. വീടുകളില്‍നിന്ന് ശേഖരിക്കുന്നതുമുതല്‍ വിമാനത്താവളത്തിലെത്തുന്നതുവരെയുള്ള ലഗേജുകളുടെ നീക്കം ഡിജിറ്റലായി ട്രാക്ക് ചെയ്യാനാകും. കൂടുതല്‍ ലഗേജുകളുമായി യാത്ര ചെയ്യുന്ന കുടുംബങ്ങള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും സേവനം സഹായകരമാകുമെന്നാണ് പ്രതീക്ഷ. വിമാനത്താവളത്തില്‍നിന്ന് 200 കിലോമീറ്റര്‍ വരെ ദൂരത്തിലുള്ള, എറണാകുളത്തിന് പുറത്തുള്ള ജില്ലകളിലേക്കും സേവനം വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ട്. കൊച്ചിയില്‍ വിമാനമിറങ്ങുന്ന യാത്രക്കാര്‍ക്കും സൗകര്യം ഉപയോഗിക്കാം. ടെര്‍മിനലിന് പുറത്ത് ഏജന്‍സിയെ ഏല്‍പ്പിക്കുന്ന ലഗേജുകള്‍ വീടുകളില്‍ എത്തിച്ചുനല്‍കും.
ലഗേജിന്റെ ഭാരവും എത്തിക്കേണ്ട ദൂരവും അടിസ്ഥാനമാക്കിയായിരിക്കും നിരക്ക് നിശ്ചയിക്കുക. വെബ്‌സൈറ്റ് വഴി ബുക്കിങ് സൗകര്യം ഒരുക്കും. ആദ്യഘട്ടത്തില്‍ വിമാനക്കമ്പനികളുമായി ബന്ധിപ്പിക്കാതെ സ്വതന്ത്ര സേവനമായിട്ടാകും പ്രവര്‍ത്തനം. രണ്ടാംഘട്ടത്തില്‍ വിമാനത്താവളത്തിലെ 'മീറ്റ് ആന്‍ഡ് ഗ്രീറ്റ്', ലഗേജ് അസിസ്റ്റന്‍സ് സേവനങ്ങളുമായി പദ്ധതി സംയോജിപ്പിക്കും. ഇതോടെ ടെര്‍മിനലിന് പുറത്തുള്ള പ്രത്യേക കേന്ദ്രത്തില്‍നിന്ന് ചെക്ക്-ഇന്‍ കൗണ്ടര്‍ വരെ ലഗേജ് എത്തിക്കാന്‍ യാത്രക്കാര്‍ക്ക് സഹായം ലഭിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട പ്രാരംഭ പരീക്ഷണങ്ങളും ചര്‍ച്ചകളും പുരോഗമിക്കുകയാണ്. പ്രായോഗികതയും വിജയസാധ്യതയും വിലയിരുത്തിയ ശേഷമായിരിക്കും സേവനം ഔദ്യോഗികമായി ആരംഭിക്കുന്നതും നിരക്കുകള്‍ നിശ്ചയിക്കുന്നതും സംബന്ധിച്ച് സിയാല്‍ അന്തിമ തീരുമാനമെടുക്കുക.