Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 30th Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
തിരുവനന്തപുരത്ത് കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണം; ഡിസിസി ഓഫീസിന്റെ ചില്ലുകള്‍ തകര്‍ത്തു, ആനാവൂരില്‍ തീയിട്ടു
reporter

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കേരളസന്ദര്‍ശനത്തിനിടെയുണ്ടായ പ്രതിഷേധങ്ങളെച്ചൊല്ലി കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ തിരുവനന്തപുരത്ത് കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണം. കഴിഞ്ഞ രാത്രി ഡിസിസി ഓഫീസിന് നേരെയുണ്ടായ കല്ലേറില്‍ ചില്ലുകള്‍ തകര്‍ന്നു. ആനാവൂര്‍ മണ്ഡലം കമ്മിറ്റി ഓഫീസിന് തീയിടുകയും ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ആക്രമണങ്ങള്‍ക്ക് പിന്നില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. ഡിസിസി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തില്‍ മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അക്രമികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. ശനിയാഴ്ച കൊല്ലത്ത് മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ അമിത് ഷായെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയിരുന്നു. ഇതിനു പിന്നാലെ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ യുവമോര്‍ച്ച പ്രതിഷേധവുമായി രംഗത്തെത്തി.

ഇന്നലെ ബാലരാമപുരത്ത് മന്ത്രി ഒജെ ജനീഷിനെതിരായ കരിങ്കൊടി പ്രതിഷേധത്തിനിടെ യൂത്ത് കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. സംഭവത്തില്‍ ബിജെപി തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജുവിന് പരിക്കേറ്റിരുന്നു. ഇതിനു പിന്നാലെയാണ് രാത്രിയില്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ ആക്രമിക്കപ്പെട്ടത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഡിസിസി ഓഫീസിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. സംസ്ഥാനത്ത് പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കുന്ന പതിവില്ലെന്നും അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും ഡിസിസി ഓഫീസ് സന്ദര്‍ശിച്ചു. ബിജെപി നേതൃത്വം അക്രമികളെ കയറൂരിവിടുകയാണെന്ന് ആരോപിച്ച അദ്ദേഹം, ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ജില്ലയില്‍ കോണ്‍ഗ്രസ് മാര്‍ച്ചുകള്‍ സംഘടിപ്പിക്കുമെന്നും അറിയിച്ചു.

 
Other News in this category

 
 




 
Close Window