|
പത്തനംതിട്ടയില്‍ മൂന്നിടത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. അടൂര്‍ പഴകുളത്ത് കാറിലെത്തിയ സ്ത്രീയും പുരുഷനുമാണ് 9 വയസുള്ള പെണ്‍കുട്ടികളെ കാറില്‍ കയറ്റി കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഇതേ സംഘം കൊടുമണ്‍ അങ്ങാടിക്കലില്‍ അഞ്ചാംക്ലാസുകാരനെ കാറില്‍ കയറ്റാനും ശ്രമിച്ചു. ഇരുസംഭവങ്ങളിലും അടൂര്‍ പോലീസ് അന്വേഷണം തുടങ്ങി. പന്തളത്ത് ഇതരസംസ്ഥാന തൊഴിലാളികളുടെ മകളായ ഒന്നരവയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവം ഇങ്ങനെ പഴകുളത്ത് കെഐബി കനാല്‍ റോഡിലൂടെ മദ്രസ പഠനം കഴിഞ്ഞ് വരികയായിരുന്ന ഒന്‍പത് വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെയാണ് കാറിലെത്തിയ സ്ത്രീയും പുരുഷനും ചേര്‍ന്ന് തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. വെള്ള നിറത്തിലുള്ള കാറിലെത്തിയ സംഘം ഡോര്‍ തുറന്ന് കുട്ടികളെ വാഹനത്തിലേക്ക് നിര്‍ബന്ധിച്ച് കയറ്റാന്‍ ശ്രമിക്കുകയായിരുന്നു.
മാതാപിതാക്കളെ അറിയാമെന്നും വീട്ടില്‍ കൊണ്ടാക്കാമെന്നും പറഞ്ഞായിരുന്നു ഇവര്‍ കുട്ടികളെ പ്രലോഭിപ്പിച്ചത്. കുട്ടികള്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് സംഘം വീണ്ടും നിര്‍ബന്ധിച്ചു. എന്നാല്‍, തൊട്ടടുത്ത വീട്ടിലെ സ്ത്രീ ഇത് കണ്ട് ബഹളം വെച്ചതോടെ സംഘം കാറുമായി വേഗത്തില്‍ രക്ഷപ്പെടുകയായിരുന്നു. ഇതേ സംഘം തന്നെയാണ് കൊടുമണ്‍ അങ്ങാടിക്കലില്‍ സ്‌കൂളില്‍ പോകാന്‍ നില്‍ക്കുകയായിരുന്ന അഞ്ചാം ക്ലാസുകാരനെയും സമാന രീതിയില്‍ കാറില്‍ കയറ്റാന്‍ ശ്രമിച്ചത്. കുട്ടി വാഹത്തില്‍ കയറിയില്ല. |