ലണ്ടന്‍: ഇംഗ്ലണ്ടിലും വെയില്‍സിലും ഭിന്നശേഷിക്കാര്‍ക്കും ദീര്‍ഘകാല ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ക്കും നല്കുന്ന പേഴ്സണല്‍ ഇന്‍ഡിപെന്‍ഡന്‍സ് പേയ്മെന്റിന്റെ (പിഐപി) വിലയിരുത്തല്‍ നടപടികള്‍ പരിഷ്കരിക്കാന്‍ ശുപാര്‍ശ. ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ വ്യക്തമായ രേഖകളിലൂടെ സ്ഥിരീകരിക്കപ്പെട്ട അപേക്ഷകര്‍ക്ക് നടപടിക്രമങ്ങള്‍ ലളിതമാക്കി ആനുകൂല്യം വേഗത്തില്‍ ലഭ്യമാക്കുകയാണ് പ്രധാന നിര്‍ദേശം.
സര് സ്റ്റീഫന്‍ ടിംസിന്റെ നേതൃത്വത്തിലുള്ള അവലോകനത്തിന്റെ ഭാഗമായി, അപേക്ഷകരുടെ വ്യക്തിഗത ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള വിലയിരുത്തല്‍ സംവിധാനമാണ് മുന്നോട്ടുവയ്ക്കുന്നത്. രോഗാവസ്ഥ ദൈനംദിന ജീവിതത്തെ എങ്ങനെ ബാധിക്കുന്നു, അതുമൂലം എന്തെല്ലാം അധികച്ചെലവുകള്‍ ഉണ്ടാകുന്നു തുടങ്ങിയ കാര്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും. വ്യക്തമായ തെളിവുകളുള്ള കേസുകളില്‍ അനാവശ്യ പരിശോധനകള്‍ കുറയ്ക്കാനും നിര്‍ദേശമുണ്ട്. ഏറ്റവും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ള ഏകദേശം പത്ത് ശതമാനം അപേക്ഷകര്‍ക്ക് ലളിതമായ അതിവേഗ നടപടിക്രമം പ്രയോജനപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജീവിതകാലം മുഴുവന്‍ തുടരുന്നതോ ക്രമേണ വഷളാകുന്നതോ ആയ രോഗങ്ങളുള്ളവരെ ആവര്‍ത്തിച്ചുള്ള പുനഃപരിശോധനകള്‍ക്ക് വിധേയരാക്കുന്നതിലെ ബുദ്ധിമുട്ടുകളും അവലോകനം പരിഗണിക്കുന്നു.