ലണ്ടന്‍: യുകെയിലെ ചില നഗരങ്ങളില്‍ വീട് വാങ്ങിയുള്ള മോര്‍ട്ട്ഗേജ് തിരിച്ചടവിനേക്കാള് കുറഞ്ഞ പ്രതിമാസ ചെലവില്‍ വാടകയ്ക്ക് താമസിക്കാമെന്ന് ലോയ്ഡ്സ് ബാങ്കിന്റെ പഠനം. ലണ്ടന്‍ ഒഴികെയുള്ള 12 പ്രധാന നഗരങ്ങളില്‍ അഞ്ചിടത്താണ് ശരാശരി വാടക, ആദ്യമായി വീട് വാങ്ങുന്നവരുടെ കണക്കാക്കിയ മോര്‍ട്ട്ഗേജ് തിരിച്ചടവിനേക്കാള് കുറവുള്ളത്. അഞ്ച് ശതമാനം ഡെപ്പോസിറ്റ് അടിസ്ഥാനമാക്കിയാണ് പഠനത്തിലെ താരതമ്യം. വാടകയ്ക്ക് താമസിക്കുമ്പോള്‍ പ്രതിമാസ ചെലവില്‍ ഏറ്റവും കൂടുതല്‍ വ്യത്യാസമുള്ളത് ഷെഫീല്‍ഡിലാണ്. ഇവിടെ ശരാശരി വാടക 936 പൗണ്ടും മോര്‍ട്ട്ഗേജ് തിരിച്ചടവ് 1,073 പൗണ്ടുമാണ്. വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് മാസം 137 പൗണ്ടിന്റെ ചെലവുകുറവുണ്ട്. കാര്‍ഡിഫില്‍ പ്രതിമാസ വാടക 1,179 പൗണ്ടായിരിക്കുമ്പോള് മോര്‍ട്ട്ഗേജ് തിരിച്ചടവ് 1,313 പൗണ്ടാണ്; വ്യത്യാസം 134 പൗണ്ട്. ബര്‍മിംഗ്ഹാമില്‍ 84 പൗണ്ടും ലിവര്‍പൂളില്‍ 56 പൗണ്ടും ലീഡ്സില്‍ 53 പൗണ്ടുമാണ് വാടകയുടെ പ്രതിമാസ ചെലവുകുറവ്.
അതേസമയം, പഠനത്തില്‍ ഉള്‍പ്പെട്ട ശേഷിക്കുന്ന ഏഴ് നഗരങ്ങളില്‍ മോര്‍ട്ട്ഗേജ് തിരിച്ചടവാണ് ശരാശരി വാടകയേക്കാള്‍ കുറവ്. ഗ്ലാസ്ഗോ, ന്യൂകാസില്‍, ബ്രിസ്റ്റല്‍ എന്നിവിടങ്ങളിലാണ് ഈ വ്യത്യാസം കൂടുതല്‍. പ്രതിമാസ ചെലവ് മാത്രം നോക്കി ദീര്‍ഘകാല സാമ്പത്തിക നേട്ടം വിലയിരുത്താനാകില്ലെന്നും ബാങ്ക് ചൂണ്ടിക്കാട്ടുന്നു. മോര്‍ട്ട്ഗേജ് തിരിച്ചടയ്ക്കുമ്പോള്‍ വായ്പയുടെ മുതല്‍ കുറയുകയും വീടിലുള്ള ഉടമയുടെ സാമ്പത്തിക പങ്ക് വര്‍ധിക്കുകയും ചെയ്യും. ഇതുകൂടി കണക്കിലെടുക്കുമ്പോള്‍, പഠനത്തിലെ അനുമാനങ്ങള്പ്രകാരം അഞ്ചുവര്‍ഷത്തിനുശേഷം 12 നഗരങ്ങളില്‍ എട്ടിടത്ത് വീട് വാങ്ങുന്നവര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാകാമെന്നാണ് വിലയിരുത്തല്‍