ലണ്ടന്‍: ബ്രിട്ടന് വീണ്ടും യൂറോപ്യന്‍ യൂണിയനില്‍ ചേരണമെങ്കില്‍ ജനഹിതപരിശോധനയിലൂടെ ജനങ്ങളുടെ അംഗീകാരം തേടണമെന്ന് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം. ഹിതപരിശോധനയില്ലാതെ രാജ്യത്തെ യൂറോപ്യന്‍ യൂണിയനിലേക്ക് തിരികെ കൊണ്ടുപോകുന്നത് ചിന്തിക്കാനാകില്ലെന്ന് അദ്ദേഹം പാര്‍ലമെന്റില്‍ വ്യക്തമാക്കി. എന്നാല്‍ ഇപ്പോള്‍ പുതിയ ഹിതപരിശോധന നിര്‍ദേശിക്കുന്നില്ലെന്നും ബേണ്‍ഹാം കൂട്ടിച്ചേര്‍ത്തു.
യൂറോപ്യന്‍ യൂണിയനുമായുള്ള പുതിയ ധാരണകള്‍ വിശദീകരിക്കുന്നതിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ഭാവിയിലെ യുകെ-യൂറോപ്യന്‍ യൂണിയന് ബന്ധം സംബന്ധിച്ച സാധ്യതകള്‍ അടുത്ത മാസം അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. നിലവിലെ ലേബര്‍ പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും നടപടികളെന്നും അദ്ദേഹം വ്യക്തമാക്കി. വീണ്ടും അംഗത്വം നേടുന്നതാണ് ഉചിതമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചാല്‍, യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ചകള്‍ ആരംഭിക്കാന്‍ അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ജനവിധി തേടാനാണ് സാധ്യത. തുടര്‍ന്ന് അന്തിമ കരാര്‍ അംഗീകരിക്കുന്നതിനായി ജനഹിതപരിശോധന നടത്താമെന്നാണ് ലേബര്‍ മന്ത്രിമാര്‍ സൂചിപ്പിക്കുന്നത്. ഇത് അന്തിമമായി പ്രഖ്യാപിച്ച തീരുമാനമല്ല. ബ്രെക്സിറ്റ് ചര്‍ച്ചകള്‍ വീണ്ടും തുറക്കരുതെന്ന മുന്‍ പ്രധാനമന്ത്രിമാരുടെ വിമര്‍ശനവും ബേണ്‍ഹാം തള്ളി. മുന്‍ സര്‍ക്കാരുകളുടെ ബ്രെക്സിറ്റ് സമീപനം രാജ്യത്തെ പ്രതിസന്ധിയിലാക്കിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന വാഗ്ദാനം നിറവേറ്റുകയാണ് പുതിയ ധാരണകളിലൂടെ ചെയ്യുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.