തിരുവോണത്തിന് ഇനി ദിവസങ്ങള്‍ മാത്രം. നമ്മുടെ പഴയ തലമുറ ഓണത്തിന് തയ്യാറാക്കിയിരുന്ന ഓണവിഭവങ്ങള്‍ കണ്ടെത്തി അവ തയ്യാറാക്കാന്‍ എല്ലാവര്‍ക്കും താല്‍പ്പര്യംകാണും. അത്തരത്തില്‍ ഓണക്കാലത്ത് ഉണ്ടാക്കുന്ന ഒരു വിഭവമാണ് പൂവട. നല്ല വെളുത്തിരിക്കുന്നതുകൊണ്ട് തന്നെയാണ് ഇതിനെ പൂവട എന്ന പേരുവന്നത്. ഓണത്തിന് ഓണത്തപ്പന് നേദിക്കാനാണ് സാധാരണയായി പൂവട തയ്യാറാക്കുന്നത്.
ആവശ്യമായ സാധനങ്ങള്‍
പച്ചരി നേര്‍മ്മയായി പൊടിച്ചത് - ഒരു കിലോ
വാഴയിലക്കഷ്ണങ്ങള്‍ - ആവശ്യത്തിന്
ഉള്ളില്‍ വയ്ക്കാനുള്ള കൂട്ടിന് ആവശ്യമായവ
ഞാലിപ്പൂവന്‍ പഴം - 5 എണ്ണം
തേങ്ങ ചിരകിയത് - ഒരു മുറി
പഞ്ചസാര - ആവശ്യത്തിന്
ഏലയ്ക്കാപ്പൊടി - അല്‍പ്പം
തയ്യാറാക്കുന്ന വിധം:
വാഴയിലക്കഷ്ണങ്ങള്‍ വാട്ടിയെടുക്കുക. അരിപ്പൊടി ദോശമാവിന്റെ അയവില്‍ കലക്കുക. മാവ് കുറച്ചെടുത്ത് ഇലയുടെ നടുക്കൊഴിക്കുക. കൈവിരലുകളുടെ അറ്റം കൊണ്ട് മെല്ലെ ദോശ പരത്തുന്നതുപോലെ വട്ടത്തില്‍ പരത്തുക.
ഇനി അടയുടെ കൂട്ട് തയ്യാറാക്കുന്നവിധം
പഴം ചെറുതായി നുറുക്കിയതില്‍ തേങ്ങ ചിരകിയതും പാകത്തിന് പഞ്ചസാരയും സ്വല്പം ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. മധുരം മുന്നിട്ടുനില്‍ക്കണം.ഇനി, ഇലയില്‍ പരത്തിവച്ചിരിക്കുന്ന മാവിന്റെ പകുതിഭാഗത്ത് ഈ കൂട്ട് നിരത്തുക. അതിനുശേഷം ഇല മടക്കി ഇഡ്ഡലിപാത്രത്തില്‍ വച്ച് വേവിക്കുക.