Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3885 INR  1 EURO=110.1686 INR
ukmalayalampathram.com
Wed 17th Jun 2026
 
 
പാചകം
  Add your Comment comment
ഓണസദ്യ
Staff correspondent

പതിവുപോലെ ഓണമെത്തി എന്ന പല്ലവി ഒഴിവാക്കാം. ഇത്തവണ കെങ്കേമമാക്കണം സദ്യ എന്നു മാറ്റിപ്പറയാം. പൂക്കളവും പുത്തനുടുപ്പും കഴിഞ്ഞാല്‍ പിന്നെ സദ്യയാണല്ലോ ഓണത്തിലെ താരം. ഒരു ഫുള്‍ മീല്‍സിനുള്ള റെസിപ്പി ഇതാ. ഉത്രാടത്തിനും തിരുവോണത്തിനും അവിട്ടത്തിനും മതിമറന്നു മധുരം നുകരാന്‍ വിവിധ തരം പായസങ്ങളും.


നേന്ത്രക്കായ ഉപ്പേരി




മൂപ്പെത്തിയ നേന്ത്രക്കായ തൊലി കളഞ്ഞ് കനം കുറച്ച് കുറുകെ നുറുക്കുക. വെളിച്ചെണ്ണ അല്ലെങ്കില്‍ പാം ഓയില്‍ അടുപ്പത്തു വച്ച് ചൂടായതിനു ശേഷം കായ കഷ്ണങ്ങള്‍ അതിലിട്ട് ഇളക്കുക. മൂപ്പ് പാകമാകുന്നതു വരെ ഇളക്കി ക്കൊണ്ടിരിക്കുക.മൂപ്പായ കായ കോരി കുഴിഞ്ഞ ഒരു പാത്രത്തില്‍ ഇടുക. ഏതാനും തുള്ളി ഉപ്പ് ഇതിലൊഴിച്ച് നന്നായി ഇളക്കുക.




ശര്‍ക്കര ഉപ്പേരി




മൂപ്പെത്തിയ നേന്ത്രക്കായ തൊലി കളഞ്ഞ് കനം കുറഞ്ഞ കഷ്ണങ്ങളായി കുറുകെ മുറിക്കുക.വെളിച്ചെണ്ണ അടുപ്പത്ത് വച്ച് ചൂടായതിനു ശേഷം കഷണങ്ങള്‍ അതിലിടുക.പിന്നീട് തീ അധികം കത്തിക്കരുത്.ചെറുതീയില്‍ ഇടയ്ക്ക് ഇളക്കണം.മൂപ്പ് നോക്കിക്കൊണ്ടിരിക്കണം.പാകമായാല്‍ ഉപ്പേരി കോരി മാറ്റി വയ്ക്കുക.




ശര്‍ക്കര പാനിയാക്കുകയാണ് അടുത്ത പടി.ഇതിനായി വറുത്തെടുത്ത കായയുടെ തൂക്കത്തിനു തുല്യം ശര്‍ക്കര കുറച്ചു വെള്ളത്തില്‍ അലിയിച്ച് ഉരുക്കി അരിച്ചെടുക്കുക.അടിഭാഗം കനമുള്ള പാത്രത്തില്‍ (ഉരുളിയായാല്‍ നന്ന്) ശര്‍ക്കര പാനി അഥവാ പാവ് അടുപ്പത്തു വയ്ക്കുക. ഇത് നൂല്‍ പരുവമാകുന്നതു വരെ ഇളക്കിക്കൊണ്ടിരിക്കണം. നൂല്‍ പരുവമായാല്‍ അടുപ്പില്‍ നിന്നുമിറക്കി അല്‍പം തണുപ്പിക്കുക.അതിനു ശേഷം വറുത്ത കായ പാവിലിട്ട് നന്നായി ഇളക്കണം. ശര്‍ക്കര പാനി കായയില്‍ നന്നായി പിടിക്കത്തക്ക രീതിയില്‍ ഇളക്കണം.




വറുക്കാതെ പൊടിച്ചെടുത്ത രണ്ടു സ്പൂണ്‍ ജീരകം, ഒരു കഷണം ചുക്ക് പൊടിച്ചത്, നാലു സ്പൂണ്‍ പഞ്ചസാര എന്നീ ചേരുവകളും കായക്കൊപ്പം പാനിയില്‍ ഇടണം. ആറ് ടേബിള്‍ സ്പൂണ്‍ നെയ്യും ഇതോടൊപ്പം ഒഴിക്കുക.പാവ് വേണ്ടത്ര പിടിച്ചു കഴിഞ്ഞാല്‍ ബാക്കി വരുന്ന ശര്‍ക്കര പൊടിയായി പാത്രത്തില്‍ കാണുന്നതുവരെ ഇളക്കണം. ഉപ്പേരി തയ്യാര്‍.ചൂടാറിയ ശേഷം ശര്‍ക്കര ഉപ്പേരി ഉപയോഗിക്കാം.




ഇഞ്ചിക്കറി




ചേരുവകള്‍




ഇഞ്ചി - 250 ഗ്രാം




മുളക് പൊടി - 2 ടീസ് സ്പൂണ്‍




മല്ലി പൊടി - ഒന്നര ടീസ് സ്പൂണ്‍




മഞ്ഞള്‍ പൊടി - ഒരു നുള്ള്




വെളിച്ചെണ്ണ - 3 ടീസ് സ്പൂണ്‍




ഉപ്പു - ആവശ്യത്തിന്നു




പുളി വെള്ളം - ഒരു കപ്പു




ഉലുവ പൊടി - അര ടീസ് സ്പൂണ്‍




കടുക് - അര ടീസ് സ്പൂണ്‍




പാകം ചെയ്യുന്ന വിധം




ഇഞ്ചി ചെറിയ കഷ്ണങ്ങളായി കൊത്തിയരിയുക. ഒരു ഒരുളിയില്‍ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് കടുകിട്ട് പൊട്ടുമ്പോള്‍ രണ്ടു ചെറിയ ഒള്ളിയും, വറ്റല്‍ മുളകും ഇട്ടു പൊട്ടിച്ചു അതില്‍ കൊത്തിയരിഞ്ഞ ഇഞ്ചി ഇട്ടു നല്ല ബ്രൗണ്‍ നിറമാവും വരെ വഴറ്റുക. ചൂടാറിയശേഷം മിക്‌സിയില്‍ വറുത്ത ഇഞ്ചിപ്പൊടിയും കുറച്ചു വറുത്ത തേങ്ങയും ചേര്‍ത്ത് പൊടിച്ചെടുക്കുക. ഒരുളിയില്‍ ഇതും പുളിവെള്ളവും മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ഉലുവപ്പൊടിയും ചേര്‍ത്ത് ചെറുതീയില്‍ തിളപ്പിക്കുക. 10 മിനിട്ട് തിളപ്പിച്ചിട്ട് ഇവിടെവച്ച് ഇതിന്റെ എരിവു ,മധുരം, പുളി, വെള്ളം എന്നിവ കൃത്യമാക്കുക. ഇതില്‍ ആവശ്യത്തിന്നു ഉപ്പിട്ട് ,കുറുകിയതിന്നു ശേഷം വാങ്ങി വയ്ക്കുക.




ഉള്ളിത്തീയല്‍




ചേരുവകള്‍




ചെറിയ ഉള്ളി - രണ്ടു കപ്പ്




വെളുത്തുള്ളി - രണ്ട് ഇതള്‍




വറ്റല്‍ മുളക് - 15എണ്ണം




മല്ലി രണ്ട് - ടേബിള്‍ സ്പൂണ്‍




ജീരകം - ഒരു ടീസ്പൂണ്‍




വെളിച്ചെണ്ണ - ഒരു ടേബിള്‍ സ്പൂണ്‍




കറിവേപ്പില - ഒരു കപ്പ്




ഉലുവ - അര ടീസ്പൂണ്‍




കായം - ചെറിയ കഷ്ണം




പുളി - ചെറിയ നാരങ്ങ വലിപ്പത്തില്‍




മഞ്ഞള്‍ - ആവശ്യത്തിന്




പാകം ചെയ്യുന്ന വിധം




വറ്റല്‍ മുളക്, മല്ലി, കുരുമുളക്, ജീരകം, കറിവേപ്പില എന്നിവ ചേര്‍ത്ത് വറുത്തെടുത്ത് നല്ലതുപോലെ അരച്ച് പുളി പിഴിഞ്ഞ വെള്ളത്തില്‍ കലക്കി ഉപ്പും മഞ്ഞളും ചേര്‍ത്ത് ചെറിയ തീയില്‍ തിളക്കാന്‍ വെക്കുക. വെളിച്ചെണ്ണയില്‍ കടുക് താളിച്ച് ഉലുവ, കായം, ഉള്ളി എന്നിവ എണ്ണയിലിട്ട് വഴറ്റിയ ശേഷം തിളച്ചു കൊണ്ടിരിക്കുന്ന പുളിവെള്ളത്തില്‍ ഒഴിച്ച് ചെറിയ തീയില്‍ തിളപ്പിച്ച് കട്ടിയാകുന്നത് വരെ വേവിക്കുക. ഇത് കൂടുതല്‍ ദിവസം ചീത്തയാവാതെയിരിക്കും. ചപ്പാത്തി, ചോറ് എന്നിവയോടൊപ്പം കഴിക്കാം. വേണമെങ്കില്‍ വറുക്കുമ്പോള്‍ ഒരു ടേബിള്‍ സ്പൂണ്‍ തേങ്ങയും കൂടി ചേര്‍ക്കാം.




മാങ്ങ അച്ചാര്‍




ചേരുവകള്‍




പച്ച മാങ്ങ - 1




മുളകു പൊടി - ഒന്നര ടേബിള്‍ സ്പൂണ്‍




ഉപ്പ് - ആവശ്യത്തിന്




കായം - 1 ടീസ്പൂണ്‍




ഉലുവ - പൊടിച്ചത് ഒരു നുള്ള്




കടുക് - പൊടിച്ചത് അര ടീസ്പൂണ്‍




നല്ലെണ്ണ - 1 ടേബിള്‍ സ്പൂണ്‍




പാകം ചെയ്യുന്ന വിധം




മാങ്ങ ചെറിയ കഷ്ണങ്ങളായി മുറിക്കുക. അതിലേക്ക് മുളകുപാടി, ഉപ്പ്, കായം, ഉലുവ എന്നിവ ചേര്‍ത്ത് ഇളക്കുക. ഇത് നന്നായി യോജിക്കാന്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് ഈ മിശ്രിതം വയ്ക്കുക.ഒരു പാനില്‍ എണ്ണ നന്നായി ചൂടാക്കുക. ഈ എണ്ണയും കടുക് പൊട്ടിച്ചതും മാങ്ങ മിശ്രിതത്തിലേക്ക് ചേര്‍ക്കുക. വായു കടക്കാത്ത കുപ്പിയിലേക്ക് മാറ്റിയ ശേഷം തണുപ്പിച്ച് ഉപയോഗിക്കാം.




നാരങ്ങാ അച്ചാര്‍




ചേരുവകള്‍




നാരങ്ങ-25 എണ്ണം




മുളകുപൊടി-50 ഗ്രാം




ഉപ്പ്-200 ഗ്രാം




ഇഞ്ചി അരിഞ്ഞത്-15 ഗ്രാം




വെളുത്തുള്ളി-5/6 അല്ലി




കായപ്പൊടി-രണ്ട് ടേബിള്‍ സ്പൂണ്‍




ഉലുവാപ്പൊടി-ഒരു ടേബിള്‍ സ്പൂണ്‍




നല്ലെണ്ണ-അരകപ്പ്




വിനാഗിരി-കാല്‍ കപ്പ്




പാകം ചെയ്യുന്ന വിധം




നാരങ്ങ കഴുകി തുടച്ച് ആവി കയറ്റി മയം വരുത്തുക.എണ്ണ ചൂടാക്കി അതില്‍ ആദ്യം ഇഞ്ചി അരിഞ്ഞതും വെളുത്തുള്ളി അല്ലിയും വഴറ്റി കോരുക.ബാക്കി എണ്ണയിലേക്ക് നാരങ്ങ ആവി കയറ്റിയത് ഇട്ട് വഴറ്റുക.ഏകദേശം പത്തു മിനിട്ട് ഇങ്ങനെ വഴറ്റണം.വഴറ്റിയ നാരങ്ങ ആറിയതിനുശേഷം ഓരോ നാരങ്ങയും എട്ടായി മുറിച്ച് നേരത്തെ വഴറ്റിയ ഇഞ്ചിയും വെളുത്തുള്ളിയും ബാക്കി എല്ലാ ചേരുവകളും ചേര്‍ത്ത് നന്നായി ഇളക്കി ഭരണിയിലോ ചില്ല് കുപ്പികളിലോ ആക്കി അടച്ചുവെക്കുക.




ഓലന്‍




ചേരുവകള്‍




കുമ്പളങ്ങ ചെറുതായി അരിഞ്ഞത് -300 ഗ്രാം




വന്‍പയര്‍ -100 ഗ്രാം




പച്ചമുളക്-അഞ്ചെണ്ണം




വെളിച്ചെണ്ണ-പാകത്തിന്




തേങ്ങ-ഒരു മുറി




കറിവേപ്പില-രണ്ടു തണ്ട്




ഉപ്പ്-പാകത്തിന്




പാകം ചെയ്യുന്ന വിധം




കുമ്പളങ്ങ അരിഞ്ഞതും വന്‍പയറും പച്ചമുളകും പാകത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക(വന്‍പയര്‍ കുറച്ച് നേരം വെള്ളത്തില്‍ ഇട്ടു വെച്ചാല്‍ വേഗം വെന്തു കിട്ടും. അല്ലെങ്കില്‍ വന്‍പയര്‍ വേറെ വേവിച്ചു ചേര്‍ത്താലും മതി). ഇതിലേക്ക് തേങ്ങയുടെ രണ്ടാം പാല്‍ ചേര്‍ത്ത് കഷണങ്ങള്‍ വേവിക്കുക.നന്നായി വെന്ത ശേഷം ഒന്നാം പാല്‍ ഒഴിക്കുക.അല്‍പ്പം വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്ത് വാങ്ങാം.




അവിയല്‍




ചേരുവകള്‍




കുമ്പളങ്ങ, കായ, ചേന, മുരിങ്ങക്കായ, ബീന്‍സ്, കാരറ്റ്ഇവ ഒരിഞ്ചു നീളത്തിലും കാല്‍ ഇഞ്ചു കനത്തിലും നുറുക്കിയത് ഒരു കപ്പു വീതം.




പുളി കുറഞ്ഞ കൊഴുത്ത - മോര് ഒരു കപ്പ്.




മഞ്ഞള്‍പ്പൊടി - ഒരു ടീസ്പൂണ്‍




ജീരകം- അര ടീസ്പൂണ്‍




പച്ച മുളക് - എട്ട് എണ്ണം




വെണിച്ചെണ്ണ - രണ്ട് ടേബിള്‍ സ്പൂണ്‍




കറിവേപ്പില - എട്ട് ഇതള്‍




പാകം ചെയ്യുന്ന വിധം




കഷ്ണങ്ങള്‍ ഉപ്പു ചേര്‍ത്ത് ഉടഞ്ഞു പൊകാതെ വേവിക്കുക. പച്ചമുളകും തേങ്ങയും വെള്ളം കൂട്ടാതെ തരുതരുപ്പായി അരയ്ക്കുക. കഷ്ണങ്ങള്‍ വേവിച്ചതിനു ശേഷം മോര് ചേര്‍ത്തിളക്കി പതയുമ്പോള്‍ അരപ്പ് ചേര്‍ത്ത് വാങ്ങുക. കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ത്ത് ഇളക്കി ഉപയോഗിക്കുക. അവിയല്‍ റെഡി




വെണ്ടയ്ക്ക കിച്ചടി




ചേരുവകള്‍




വെണ്ടയ്ക്ക - കാല്‍കിലോ




തേങ്ങ - അര മുറി(ചിരകിയത് )




പച്ചമുളക് - 8 എണ്ണം




തൈര് - ആവശ്യത്തിന്




കടുക് - (വറുത്തിടാനും തേങ്ങയില്‍ ചേര്‍ത്തരക്കാനും )ആവശ്യത്തിന്




മഞ്ഞള്‍പ്പൊടി- ആവശ്യത്തിന്




ഉപ്പ് - ആവശ്യത്തിന്




മുളക് - വറുക്കാന്‍ ആവശ്യമുള്ളത്




കറിവേപ്പില - വറുക്കാന്‍ ആവശ്യമുള്ളത്




വെളിച്ചെണ്ണ - വറുക്കാന്‍ ആവശ്യമുള്ളത്




പാകം ചെയ്യുന്ന വിധം




വെണ്ടയ്ക്ക കഴുകിയെടുത്ത് വട്ടത്തില്‍ കനം കുറച്ചരിയുക. ഇതില്‍ മൂന്നോ നാലോ പച്ചമുളകും മുറിച്ചിടുക. തേങ്ങ, ഒരു സ്പൂണ്‍ കടുകും 34 പച്ചമുളകും ചേര്‍ത്ത് നന്നായി അരച്ചുവയ്ക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച്, കടുകും മുളകും കറിവേപ്പിലയും ഇട്ട്, കടുകു പൊട്ടിയാലുടന്‍ അരിഞ്ഞുവച്ചിരിക്കുന്ന വെണ്ടയ്ക്കയും പച്ചമുളകും ചേര്‍ത്തിളക്കുക. വെണ്ടയ്ക്ക നന്നായി വറുത്തെടുക്കുകയാണ് ഇനി വേണ്ടത്.




ഇനി ഇതിലേക്ക് ഒരു ഗ്ലാസ്സ് വെള്ളമൊഴിച്ച് പാകത്തിന് മഞ്ഞള്‍പ്പൊടിയും ഉപ്പും ഇട്ട് തിളപ്പിക്കുക. കുറുകാന്‍ തുടങ്ങുമ്പോള്‍ തീ നന്നായി കുറച്ചശേഷം തേങ്ങ അരച്ചതും തൈരും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. (തൈര് കുറേശ്ശെയായി ചേര്‍ത്ത് പാകത്തിനാക്കുകയാണ് നല്ലത്. പുളിപ്പ് കൂടിപ്പോകാതെ നോക്കണം). ഇനി തിളപ്പിക്കേണ്ടതില്ല. തൈര് പതഞ്ഞുവരാന്‍ തുടങ്ങുമ്പോള്‍ വാങ്ങിവയ്ക്കാം.




കാബേജ് തോരന്‍




ചേരുവകള്‍




ക്യാബേജ്-2 കപ്പ് (അരിഞ്ഞത്)




സവാള-1




തേങ്ങ-1/2 കപ്പ്




പച്ചമുളക്-3




ചുവന്ന മുളക്-2




കറിവേപ്പില-പാകത്തിന്




ഉപ്പ്-പാകത്തിന്




കടുക്-1/2 ടീസ്പൂണ്‍




മഞ്ഞള്‍പ്പൊടി-2 നുള്ള്




ജീരകം-1/2 ടീസ്പൂണ്‍




വെളുത്തുള്ളി-4




വെളിച്ചെണ്ണ-പാകത്തിന്




പാകം ചെയ്യുന്ന വിധം




വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.അതില്‍ ചുവന്ന മുളകും കറിവേപ്പിലയും ചേര്‍ക്കുക.വെളുത്തുള്ളി, പച്ചമുളക്, ജീരകം എന്നിവ ചതച്ചതും മഞ്ഞള്‍പ്പൊടിയും ചേര്‍ക്കുക. അതില്‍ അരിഞ്ഞ ക്യാബേജും സവാളയും തേങ്ങയും പാകത്തിന് ഉപ്പും ചേര്‍ത്തിളക്കി തീ കുറച്ച് വേവിക്കുക.




കൂട്ടുകറി




ചേരുവകള്‍




ചേന - 1 കപ്പ്




നേന്ത്രക്കായ- 1 കപ്പ്




കടല - 1/2 കപ്പ് (തലേദിവസം നന്നായി വെള്ളമൊഴിച്ച് കുതിര്‍ത്ത് വെക്കുക)




ജീരകം - 1 1/2 ടീസ്പൂണ്‍




മഞ്ഞള്‍ പൊടി - 1/2 ടീസ്പൂണ്‍




മുളകുപൊടി - 1 ടീസ്പൂണ്‍




തേങ്ങ - 1 1/2 കപ്പ്




ഉപ്പ്, കടുക്, കറിവേപ്പില, വറ്റ്‌ല് മുളക് - ആവശ്യത്തിന്




പാകംചെയ്യുന്നവിധം




ചേനയും കായയും കടലയേക്കാളും കുറച്ചുംകൂടെ വലുപ്പത്തില്‍ നല്ല ചതുരക്കഷണങ്ങളായി മുറിക്കുക. കടലയും ചേനയും നേന്ത്രക്കായയും മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ഇട്ട് വേവിക്കുക. വെന്ത് കഴിഞ്ഞാല്‍ അധിക വെള്ളം ഉണ്ടാകരുത്. വേവിക്കുമ്പോള്‍ ആവശ്യത്തുനു മാത്രം ചേര്‍ക്കുക. വെന്തതിനുശേഷം ഉപ്പ് ചേര്‍ക്കുക.




1 കപ്പ് തേങ്ങ, ജീരകവും ചേര്‍ത്ത് അരച്ച് ഇതില്‍ ചേര്‍ത്ത് തിളപ്പിക്കുക.വാങ്ങിയിട്ട്, കടുകും, വറ്റല്‍ മുളകും, കറിവേപ്പിലയും മൊരിച്ചെടുക്കുക.ബാക്കിയുള്ള തേങ്ങ അല്‍പം വെളിച്ചെണ്ണയൊഴിച്ച് നന്നായി ചുവക്കെ വറുത്ത് കറിയില്‍ ചേര്‍ക്കുക.തേങ്ങ വറുക്കുമ്പോള്‍ കരിഞ്ഞ് പോകരുത്. നന്നായാല്‍ ഇതുപോലെ മറ്റൊരു വിഭവമില്ല.




പാവയ്ക്ക പച്ചടി




ചേരുവകള്‍




പാവയ്ക്ക - 2




തേങ്ങ - അര മുറി (ചിരകിയത്)




പച്ചമുളക് - 5




തൈര് - 1 കപ്പ്




വെളിച്ചെണ്ണ - 2 ടേബിള്‍സ്പൂണ്‍




കടുക് - 1 ടീസ്പൂണ്‍




വറ്റല്‍മുളക് - 3 എണ്ണം




കറിവേപ്പില - 1 ഇതള്‍




ഉപ്പ് - പാകത്തിന്




പാകം ചെയ്യുന്ന വിധം




പാവയ്ക്ക കുരുവും പാടയും കളഞ്ഞ് ചെറുതായി അരിഞ്ഞെടുക്കുക.തേങ്ങയും പച്ചമുളകും നന്നായി അരച്ചെടുക്കുക.എണ്ണ ചൂടാകുമ്പോള്‍ കഷണങ്ങള്‍ ഇട്ടു വഴറ്റുക.അരപ്പും തൈരും പാകത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കുക.തിളയ്ക്കുമ്പോള്‍ വാങ്ങി വെച്ചു കടുക് താളിച്ചെടുക്കുക. പാവയ്ക്കാ പച്ചടി തയ്യാര്‍ .




കാളന്‍




ചേരുവകള്‍




മൂപ്പെത്തിയ നേന്ത്രക്കായ, ചേന ഇവ നുറുക്കിയത്-ഒരു കപ്പ്




പുളിയും കൊഴുപ്പുമുള്ള മോര്-എട്ടു കപ്പ്




മഞ്ഞള്‍ പൊടി-രണ്ട് ടീസ്പൂണ്‍




കുരുമുളക് പൊടി-നാല് ടീസ്പൂണ്‍




തേങ്ങ ചിരവിയത്- ഒരെണ്ണം




കറിവേപ്പില-10 ഇതള്‍




ജീരകം-അര ടീസ്പൂണ്‍




പച്ചമുളക്-ആറ് എണ്ണം




ഉലുവ വറുത്തു പൊടിച്ചത്-രണ്ട് ടീസ്പൂണ്‍




ചുവന്ന മുളക്-രണ്ട് എണ്ണം




കടുക്- ആവശ്യത്തിന്




വെളിച്ചെണ്ണ-രണ്ട് സ്പൂണ്‍




പാകം ചെയ്യുന്ന വിധം




മഞ്ഞള്‍ പൊടിയും കുരുമുളക് പൊടിയും ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് കഷണങ്ങള്‍ വേവിക്കുക.തേങ്ങ, പച്ചമുളക്, ജീരകം ഇവ വെള്ളം കൂട്ടാതെ മിനുസമായി അരച്ചു വെച്ചിരിക്കണം.വേവിച്ചു വെച്ചിരിക്കുന്ന കഷണക്കൂട്ടില്‍ അരപ്പ് ചേര്‍ത്ത് തിളപ്പിക്കുക.അതിനു ശേഷം മോരു ചേര്‍ത്ത് ചൂടാക്കുക.അതിനു ശേഷം വെളിച്ചെണ്ണയില്‍ കടുകും മുളകും കറിവേപ്പിലയും വറുത്തിടുക.




സാമ്പാര്‍




ചേരുവകള്‍




തുവരപരിപ്പ് - 1കപ്പ്




ചുവന്നുള്ളി - 150 ഗ്രാം




പച്ചമുളക് - 4 എണ്ണം




വെണ്ടക്കാ - 6




മുരിങ്ങാക്കായ - 2




ഉരുളകിഴങ്ങ് - 1




കുമ്പളങ്ങ - 250 ഗ്രാം




തക്കാളി - 2




മല്ലി - 1 ടേബിള്‍ സ്പൂണ്‍




കടല്‍പരിപ്പ് - 1 ടീ സ്പൂണ്‍




ഉലുവ - 1/4 ടീ സ്പൂണ്‍




മുളക് - 5




കായം - ചെറിയ കഷ്ണം




പുളി - ചെറുനാരങ്ങ വലുപ്പത്തില്‍




വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂണ്‍




കടുക് - 1 ടീ സ്പൂണ്‍




മുളകുപൊടി - 1 ടീ സ്പൂണ്‍




കറിവേപ്പില - 2 കൊത്ത്




പച്ചകൊത്തമല്ലിയില - 1/2 കപ്പ്




പാകം ചെയ്യുന്നവിധം




വെള്ളം വെട്ടിതിളയ്ക്കുമ്പോള്‍ തുവരപരിപ്പ് കഴുകി മഞ്ഞപ്പൊടിയും പച്ചമുളകും ചുവന്നുള്ളിയും ഇട്ട് വേവിക്കുക.മല്ലി, മുളക്, കായം, ഉലുവ, കടലപരിപ്പ് ഇവ കുറച്ച് വെളിച്ചെണ്ണ ചീനച്ചടിയില്‍ ഒഴിച്ച് വറുത്ത് അരയ്ക്കുക.വെണ്ടക്ക നുറുക്കി കുറച്ചു വെളിച്ചെണ്ണ ചീനചട്ടിയില്‍ ഒഴിച്ച് വാട്ടിവെയ്ക്കുക.വീണ്ടും പരിപ്പ് അടുപ്പത്ത് വെച്ച് പുളിയും അരച്ചമസാലയും കഷ്ണങ്ങളും പാകത്തിന് ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക.കഷ്ണങ്ങള്‍ വെന്താല്‍ വാങ്ങിവെച്ച് കറിവേപ്പിലയും കൊത്തമല്ലിയിലയും ഇടുക.നന്നായി കൂട്ടും കഷണങ്ങളും കൂടി യോജിച്ചു പാകം ആവുമ്പോള്‍ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക്, മുളക് ,കറിവേപ്പില ഇട്ട് താളിക്കുക.




എരിശ്ശേരി




ചേരുവകള്‍




നേന്ത്രക്കായ, ചേന - രണ്ട് കപ്പ് വീതം




കുരുമുളക് പൊടി - രണ്ട് ടീസ്പൂണ്‍




മഞ്ഞള്‍ പൊടി - അര ടീസ്പൂണ്‍




തേങ്ങ - ഒരെണ്ണം (ചിരവിയത്)




ജീരകം - അര ടീസ്പൂണ്‍




കടുക് - ഒരു ടീസ്പൂണ്‍




വെളിച്ചെണ്ണ - നാല് സ്പൂണ്‍




പാകം ചെയ്യുന്ന വിധം




പൊടികളും കഷ്ണങ്ങളും പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക.തേങ്ങയുടെ പകുതി ,ജീരകവും ചേര്‍ത്ത് നന്നായി അരച്ചത് വേവിച്ച കഷ്ണത്തില്‍ ചേര്‍ക്കുക. ബാക്കയുള്ള തേങ്ങ അല്‍പം എണ്ണയില്‍ ചുവപ്പു നിറമാകുന്നതു വരെ മൂപ്പിക്കുക. കടുക് എണ്ണയില്‍ ഇട്ട് പൊട്ടിയതിനു ശേഷം തേങ്ങ ഇടുക.വറുത്തെടുത്ത തേങ്ങ നേരത്തേ വാങ്ങി വച്ച കറിയില്‍ ഇട്ട് ഇളക്കുക. എരിശ്ശേരി തയ്യാര്‍ .




പുളിശ്ശേരി




ചേരുവകള്‍




നന്നായി പഴുത്ത നേന്ത്രപ്പഴം - രണ്ട് എണ്ണം




തേങ്ങ - രണ്ട് കപ്പ് (ചിരവിയത്)




ശര്‍ക്കര - 10 ഗ്രാം




പുളിയുള്ള കൊഴത്ത മോര് - ഒരു കപ്പ്




വെളിച്ചെണ്ണ - രണ്ട് ടീസ്പൂണ്‍




മഞ്ഞള്‍പ്പൊടി - ഒരു ടീസ്പൂണ്‍




ജീരകം - അര ടീസ്പൂണ്‍




കറിവേപ്പില - നാല് ഇതള്‍




പച്ചമുളക് - നാല് എണ്ണം




ചുവന്ന മുളക് - രണ്ട് എണ്ണം




കടുക് - പാകത്തിന്




പാകം ചെയ്യുന്നവിധം




പഴം തൊലി കളഞ്ഞ് നന്നായി വേവിച്ച് ഉടയ്ക്കുക. ശര്‍ക്കര ഉരുക്കി, അരിച്ച് മഞ്ഞളും ഉപ്പും ഉടച്ച പഴവും കൂട്ടി അടുപ്പത്തു വച്ച് തിളപ്പിക്കുക. അതിനു ശേഷം മോര് ചേര്‍ത്ത് തിളപ്പിക്കുക. പതയുമ്പോള്‍ ഇറക്കി വയ്ക്കുക.തേങ്ങ,പച്ചമുളക്, ജീരകം ഇവ കൂട്ടി അരച്ചത് കറിയില്‍ ചേര്‍ത്ത് കറിവേപ്പിലയും ഇടുക. കടുകും ചുവന്ന മുളക് പൊടിച്ചതും വെളിച്ചെണ്ണയില്‍ വറുത്ത് ചേര്‍ക്കുക.പഴപ്പുളിശ്ശേരി തയ്യാര്‍ .അവിട്ടം, ചതയം ദിവസങ്ങളിലാണ് ഈ കറിക്ക് പ്രാധാന്യം.




രസം




ചേരുവകള്‍




കായം - കാല്‍ ടീസ്പൂണ്‍




മല്ലി - 1 ടേബിള്‍സ്പൂണ്‍




ചുവന്ന മുളക് - 2 എണ്ണം




ജീരകം - 1/4 ടീസ്പൂണ്‍




വെളുത്തുള്ളി - 3 അല്ലി (ചതച്ചത്)




എണ്ണ - 1 ടീസ്പൂണ്‍




പുളി, ശര്‍ക്കര, മഞ്ഞള്‍പൊടി




പരിപ്പ് - ഒരു പിടി




കടുക്, മല്ലിയില, കറിവേപ്പില, ചുമന്നമുളക് - വറത്തിടാന്‍




പാകം ചെയ്യുന്നവിധം




തക്കാളിയും ഉപ്പും ചേര്‍ത്ത് പരിപ്പ് ഉടഞ്ഞുപോകുന്ന രീതിയില്‍ വേവിക്കുക.എണ്ണ ചൂടാക്കി കായം, മല്ലി, മുളക്, ജീരകം എന്നിവ മൂപ്പിച്ചിട്ട്, ചതയ്ക്കുക. പുളി പൊഴിഞ്ഞ വെള്ളത്തില്‍ ചതച്ച സാധനങ്ങളും ശര്‍ക്കര, മഞ്ഞള്‍ , ഉപ്പ്, പരിപ്പ് എല്ലാം ചേര്‍ത്ത് 4മിനിട്ട് തിളപ്പിക്കുക മല്ലിയില അരിഞ്ഞത്, വറുത്തത്, കുരുമുളക് പൊടി എന്നിവ ഇടുക.രസം തയ്യാര്‍ .




പായസങ്ങള്‍




പാലട




ചേരുവകള്‍




അട- അര കപ്പ്




നെയ്യ്- 2 ടേബിള്‍സ്പൂണ്‍




പഞ്ചസാര-1 കപ്പ്




പാല്‍-1 ലിറ്റര്‍




പാകം ചെയ്യുന്ന വിധം




ചുവടുകട്ടിയുള്ള പാത്രം (ചെറിയ ഉരുളിയുമാവാം) എടുത്ത് അടുപ്പില്‍ വെച്ച് 3 ടീസ്പൂണ്‍ നെയ്യ് ഒഴിച്ച് ചൂടാക്കുക.ചൂടായ പാത്രത്തിലേക്ക് അടയിട്ടിളക്കുക.തീ കൂട്ടി അട പകുതി മൊരിഞ്ഞ പാകത്തില്‍ ഇറക്കുക.




മറ്റൊരു പാത്രത്തില്‍ 2.5 ലിറ്റര്‍ പാലെടുത്ത് തിളപ്പിക്കുക.തിളച്ചു കഴിഞ്ഞാല്‍ തീ കുറച്ച് മെല്ലെ ഇളക്കിക്കൊണ്ടിരിക്കുക.പഞ്ചസാര ചേര്‍ത്ത് 5 മിനിട്ട് കൂടി ഇടത്തരം തീയില്‍ ഇളക്കുക.പിന്നീട് അട ചേര്‍ത്ത് 10 മിനുട്ട് ഇളക്കുക.അട പൊടിയാതെ ഇളക്കണം.പാല്‍ കുറച്ചു വറ്റിവരുമ്പോള്‍ ആവശ്യത്തിനു പഞ്ചസാര ചേര്‍ക്കുക.പാല്‍ കുറുകി വരുമ്പോള്‍ ബാക്കി പാലും ചേര്‍ത്ത് ഇളക്കുക.തീയില്‍ നിന്നിറക്കി ഏലക്കാപ്പൊടിയും ബാക്കി നെയ്യും ചേര്‍ത്തിളക്കുക.




പരിപ്പു പായസം




ചേരുവകള്‍




പരിപ്പ് -100 ഗ്രാം




തേങ്ങാപാല്‍ - 2 തേങ്ങയുടെ പാല്‍




ശര്‍ക്കര-200 ഗ്രാം




നെയ്യ് - 3 സ്പൂണ്‍




ഏലയ്ക്ക പൊടിച്ചത് : 12 സ്പൂണ്‍




വറുത്തിടാനുള്ള തേങ്ങാക്കൊത്ത് ,അണ്ടിപ്പരിപ്പ് , കിസ്മിസ് : ആവശ്യത്തിന്




പാകം ചെയ്യുന്ന വിധം




പരിപ്പ് നെയ്യൊഴിച്ച് തവിട്ട് നിറമാകുന്ന വരെ മൂപ്പിക്കുക.നാളികേരത്തിന്റെ 1,2,3 പാലുകള്‍ എടുത്തു വയ്ക്കുക.അടുപ്പില്‍ ശര്‍ക്കര വെള്ളമൊഴിച്ച് തിളപ്പിച്ച് പാനി പരുവമാക്കാം.അതിനു ശേഷം എടുത്തു വച്ച 2, 3 നാളികേര പാല്‍ ഇതിലൊഴിക്കാം , ഇതിനൊപ്പം പരിപ്പ് കൂടിയിട്ട് നന്നായി തിളപ്പിക്കാം.വെന്തു കഴിഞ്ഞാല്‍ അണ്ടിപ്പരിപ്പ് വറുത്തിടാം.ഒപ്പം നേരത്തെ എടുത്തു വച്ച ഒന്നാം പാലും ചേര്‍ത്ത് വാങ്ങി വയ്ക്കാം.അതിലേയ്ക്ക് ഏലക്കാപ്പൊടി ചേര്‍ത്തിളക്കിയശേഷം നെയ്യില്‍ വറുത്ത തേങ്ങാക്കൊത്ത്, അണ്ടിപ്പരിപ്പ്, കിസ്മിസ് മുതലായ ചേര്‍ക്കുക. 

 
Other News in this category

 
 




 
Close Window