പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'കടുവ' നാളെ തിയേറ്ററുകളിലെത്തും. നേരത്തേ പ്രഖ്യാപിച്ചപോലെ ഈ മാസം ഏഴിന് തന്നെ ചിത്രം റിലീസ് ചെയ്യുമെന്ന് നിര്‍മാതാവ് കൂടിയായ പൃഥ്വിരാജ് അറിയിച്ചു. അറിയിച്ചിരിക്കുന്നത്. സെന്‍സറിങ് പൂര്‍ത്തിയായ ചിത്രത്തിന് യു.എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.
എല്ലാ തടസ്സങ്ങളെയും ഭേദിച്ച് 'കടുവ' ജൂലൈ 7ന് തിയേറ്ററുകളില്‍ എത്തുന്നു എന്നാണ് സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പൃഥ്വിരാജ് കുറിച്ചത്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. പ്രേക്ഷകരെ കാത്തിരിപ്പിച്ചതിനും ബുക്കിംഗ് ആരംഭിക്കാന്‍ വൈകിയതിനും ക്ഷമ ചോദിക്കുന്നതായും പൃഥ്വിരാജ് പറഞ്ഞു. ചിത്രത്തിലെ പ്രോമോ ഗാനം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാണാന്‍ കാത്തിരിക്കുന്ന സിനിമകളുടെ ഐഎംഡിബി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് 'കടുവ'. സിനിമയുടെ നിര്‍മ്മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ട്വിറ്റര്‍ പേജിലൂടെയാണ് അണിയറപ്രവര്‍ത്തകര്‍ ഈ വിവരം പുറത്ത് വിട്ടത്. ജോണ്‍ എബ്രഹാമിന്റെ ഏക് വില്ലനാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്.
ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നിയമ തടസങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ജൂണ്‍ 30ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ജൂലൈ 7ലേക്ക് മാറ്റുകയായിരുന്നു.
പൃഥ്വിരാജ് പ്രൊഡക്ഷന്സിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറില്‍ സുപ്രിയ മേനോനും ലിസ്റ്റിന് സ്റ്റീഫനും ചേര്‍ന്ന് നിര്‍മ്മിച്ച കടുവയില്‍, വിവേക് ഒബ്രോയിയാണ് വില്ലനായി എത്തുന്നത്. . കനല് കണ്ണനും മാഫിയ ശശിയും ചേര്‍ന്നാണ് സിനിമയുടെ ആക്ഷന്‍ രംഗങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത്. 1990 സ്റ്റൈലിലെ സംഘട്ടന രംഗങ്ങളാണ് സിനിമയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. |