Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 14th May 2024
 
 
UK Special
  Add your Comment comment
ഇന്ത്യക്കാര്‍ക്ക് പ്രതിവര്‍ഷം 3000 വിസ നല്‍കുമെന്ന് ഋഷി സുനക്
reporter

 ബാലി: ഇന്ത്യയില്‍ നിന്നുള്ള യുവ പ്രഫഷനലുകള്‍ക്ക് ഓരോ വര്‍ഷവും യുകെയില്‍ ജോലി ചെയ്യുന്നതിനായി 3,000 വീസയ്ക്ക് അനുമതി. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് ഇന്തൊനീഷ്യയിലെ ബാലിയില്‍ ജി20 സമ്മേളന വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് നിര്‍ണായക പ്രഖ്യാപനം.

'കഴിഞ്ഞ വര്‍ഷം അംഗീകരിച്ച യുകെ-ഇന്ത്യ മൈഗ്രേഷന്‍ ആന്റ് മൊബിലിറ്റി പങ്കാളിത്ത കരാരിന്റെ തുടര്‍ച്ചയായി ഇന്ന് യുകെ ഇന്ത്യ യങ് പ്രഫഷനല്‍ സ്‌കീം യഥാര്‍ഥ്യമായിരിക്കുന്നു. ബിരുദധാരികളായ 18 മുതല്‍ 30 വയസ് വരെയുള്ള യുവാക്കള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് വീസയുടെപ്രയോജനം ലഭിക്കും''- ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ഓഫിസ് പ്രസ്താവനയില്‍ അറിയിച്ചു.പുതിയ പദ്ധതി പ്രകാരം പ്രയോജനം ലഭിക്കുന്ന ആദ്യത്തെ രാജ്യമാകും ഇന്ത്യ. യുകെയില്‍ രണ്ട് വര്‍ഷകാലം ജീവിക്കുന്നതിനും തൊഴില്‍ ചെയ്യുന്നതിനുമാണ് വീസ അനുവദിച്ചത്. യുകെയില്‍ ഉള്ള രാജ്യാന്തര വിദ്യാര്‍ഥികളില്‍ നാലിലൊന്നു പേരും ഇന്ത്യയില്‍ നിന്നുള്ളവരാണ്.കുടിയേറ്റവുമായി ബന്ധപ്പെട്ട് മികച്ച സഹകരണം ഉറപ്പാക്കുന്നതിനായാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ സര്‍ക്കാരുമായി ബ്രിട്ടിഷ് സര്‍ക്കാര്‍ യുകെ-ഇന്ത്യ മൈഗ്രേഷന്‍ ആന്റ് മൊബിലിറ്റി പങ്കാളിത്ത കരാറില്‍ ഒപ്പുവച്ചത്. ഇന്ത്യയുമായുള്ള മൈഗ്രേഷന്‍ ആന്‍ഡ് മൊബിലിറ്റി പങ്കാളിത്ത കരാറിനെ (എംഎംപി) പരാമര്‍ശിച്ച് ബ്രിട്ടിഷ് ആഭ്യന്തര മന്ത്രി സുവെല്ല ബ്രേവര്‍മാന്‍ നേരത്തെ നടത്തിയ പ്രസ്താവനകള്‍ക്കെതിരെ ഇന്ത്യ അനിഷ്ടം പ്രകടിപ്പിച്ചിരുന്നു.ഇന്ത്യന്‍ പ്രഫഷനലുകളുടെ തൊഴില്‍പരമായ നൈപുണ്യവും വിശാലമായ വിപണിയും ബ്രിട്ടന്റെ സാമ്പത്തിക ഉന്നമനത്തിനായി പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യവും യുകെ-ഇന്ത്യ മൈഗ്രേഷന്‍ ആന്റ് മൊബിലിറ്റി പങ്കാളിത്ത കരാരിനുണ്ട്. എന്നാല്‍ ഋഷി സുനക്കിന്റെയും സുവെല്ല ബ്രേവര്‍മാന്റെയും നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കുടിയേറ്റ നിയമങ്ങള്‍ കര്‍ക്കശമാക്കിയേക്കുമെന്ന ആശങ്ക നിലനിന്നിരുന്നു. ജി20 സമ്മേളന വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയില്‍ യുകെയില്‍ ഇന്ത്യക്കാര്‍ക്കുള്ള തൊഴില്‍ അവസരങ്ങള്‍ ഉറപ്പാക്കുമെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി ഉറപ്പു നല്‍കുകയായിരുന്നു.

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന് പുറമേ ചൈനീസ് പ്രസിഡന്റ് ഷി ജിപിങ്, യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ തുടങ്ങി നിരവധി ലോകനേതാക്കള്‍ ഇന്തൊനേഷ്യയിലെ ബാലിയില്‍ രണ്ടു ദിവസം നീണ്ടുനിന്ന ജി20 സമ്മേളനത്തില്‍ പങ്കെടുത്തു. ജി20യുടെ പുതിയ അധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുത്തു. അടുത്ത വര്‍ഷം ഉച്ചകോടി ഇന്ത്യയില്‍ നടക്കും.സമാപന ദിനമായ ഇന്ന് നടത്തിയ പ്രസംഗത്തില്‍ ജി20യുടെ അജണ്ടയില്‍ സ്ത്രീകളുടെ ഉന്നമനത്തിന് പ്രാധാന്യം നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സമ്മേളനത്തിനിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ബുധനാഴ്ച യുക്രെയ്‌നിനോട് ചേര്‍ന്ന് കിഴക്കന്‍ പോളണ്ടിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ജി-20 സമ്മേളനത്തിനിടെ നാറ്റോയുടെ അടിയന്തര യോഗവും ചേര്‍ന്നിരുന്നു.ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക, തുര്‍ക്കിയ, ആസ്‌ട്രേലിയ, സൗദി, യു.എസ്, അര്‍ജന്റീന, ബ്രസീല്‍, മെക്‌സികോ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, യു.കെ, ചൈന, ഇന്തൊനേഷ്യ, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനുമാണ് ജി20 കൂട്ടായ്മയിലുള്ളത്.

 
Other News in this category

 
 




 
Close Window