Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
നവകേരള ബസ് പൊതു ജനങ്ങള്‍ക്കായുള്ള ആദ്യ യാത്ര തുടങ്ങി:ഡോറിന്റെ തകരാര്‍ പരിഹരിച്ച് ബസ് ബാംഗ്ലൂരിലേക്കു നീങ്ങുന്നു
Text By: Team ukmalayalampathram
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിസഭ കേരളം മുഴുവന്‍ സഞ്ചരിച്ച 'നവകേരള ബസ്' പൊതുജനങ്ങള്‍ക്കായുള്ള ആദ്യത്തെ സര്‍വീസ് ആരംഭിച്ചു. കോഴിക്കോടുനിന്നു ബെംഗളൂരുവിലേക്കുള്ള ഗരുഡപ്രീമിയം സര്‍വീസ് പുലര്‍ച്ചെ നാലരയോടെയാണ് ആരംഭിച്ചത്. യാത്ര തുടങ്ങി അല്‍പ്പസമയത്തിനകം തന്നെ ഹൈഡ്രോളിക് ഡോര്‍ കേടായത് കല്ലുകടിയായി. ബസിന്റെ ഡോര്‍ ഇടയ്ക്കിടെ തനിയെ തുറന്നു പോകുകയായിരുന്നു. ശക്തമായി കാറ്റ് അടിക്കാന്‍ തുടങ്ങിയതോടെ കാരന്തൂര്‍ എത്തിയപ്പോള്‍ ബസ് നിര്‍ത്തി. യാത്രക്കാരുടെ നേതൃത്വത്തില്‍ ബാഗിന്റെ വള്ളി ഉപയോഗിച്ച് വാതില്‍ കെട്ടിവച്ച് യാത്ര തുടരുകയായിരുന്നു. തുടര്‍ന്നു ബത്തേരി ഡിപ്പോയില്‍നിന്ന് വാതിലിന്റെ തകരാര്‍ പരിഹരിച്ചു.
2023 നവംബറിലായിരുന്നു വാര്‍ത്തകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നവകേരള ബസിന്റെ പിറവി. നവകേരളാ യാത്രയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച ബസാണിത്. നവകേരള സദസ് കഴിഞ്ഞ് നാല് മാസത്തിന് ശേഷമാണ് ബസ് പൊതു ഉപയോഗത്തിനായി നിരത്തുകളില്‍ എത്തുന്നത്. ബസിനുള്ളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനും മറ്റുമായി ജനുവരിയില്‍ ഈ വാഹനം ബെംഗളൂരുവിലേക്ക് കൊണ്ടുപോയിരുന്നു. മൂന്ന് മാസത്തോളം ബസ് അവിടെ കിടന്നു. പിന്നീട് പണികള്‍ തീര്‍ത്ത് എത്തിയ ബസ് കെ.എസ്.ആര്‍.ടി.സിയുടെ പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്‌സില്‍ എത്തിച്ചു. അവിടെ നിന്നും കഴിഞ്ഞ ദിവസമാണ് കോഴിക്കോട് എത്തിച്ചത്.

ഭാരത് ബെന്‍സിന്റെ ഒ.എഫ് 1624 എന്ന മോഡല്‍ ഷാസി ഉപയോഗിച്ചാണ് ബസിന്റെ നിര്‍മ്മാണം. 240 കുതിരശക്തിയുള്ള 7200 സിസി എന്‍ജിനും 380 ലിറ്റര്‍ ഇന്ധനശേഷിയും ഈ ബസിനുണ്ട്. ഏകദേശം 38 ലക്ഷം രൂപയാണ് ഷാസിയുടെ എക്‌സ് ഷോറൂം വില. ഓണ്‍ റോഡ് അത് 44 ലക്ഷം രൂപക്കടുത്തെത്തും. ഇത്തരം വാഹനങ്ങളുടെ ബോഡിയുടെ നിര്‍മ്മാണച്ചിലവ് സൗകര്യങ്ങള്‍ക്കനുസൃതമായി ഏറിയും കുറഞ്ഞുമിരിക്കും. മുന്നിലും പിന്നിലുമായി രണ്ട് വാതിലുകളും ശുചിമുറി അടക്കമുള്ള സൗകര്യങ്ങളും ഇതില്‍ അധികമായി ഒരുക്കിയിരുന്നു. 25 സീറ്റുകളായിരുന്നു ബസില്‍. ഇതിനെല്ലാമായി ഏകദേശം 45 ലക്ഷത്തിനുമേലെ ചിലവുവന്നിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ എസി ബസില്‍ 26 പുഷ് ബാക്ക് സീറ്റുകള്‍ ഉണ്ട്. യാത്രക്കാര്‍ക്ക് ആവശ്യാനുസരണം അവരുടെ ലഗേജ് സൂക്ഷിക്കാനുള്ള സ്ഥലവും സൗകര്യവും ബസില്‍ സജ്ജീകരിച്ചിട്ടുണ്ട്. ശുചിമുറി, ഹൈഡ്രോളിക് ലിഫ്റ്റ്, വാഷ്ബെയ്സിന്‍ എന്നിവയോടുകൂടിയ ബസിലെ യാത്രാനുഭവം മികച്ചതായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു. ഫുട് ബോര്‍ഡ് ഉപയോഗിക്കാന്‍ കഴിയാത്ത ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങിയവര്‍ക്ക് ബസിനുള്ളില്‍ കയറാന്‍ ഹൈഡ്രോളിക് ലിഫ്റ്റ് സൗകര്യമുണ്ട്. ആധുനിക സൗകര്യങ്ങളോടു കൂടി ഗരുഡ പ്രീമിയം എന്ന പേരിലാണ് കോഴിക്കോട് ബെംഗളൂരു റൂട്ടില്‍ നാളെ മുതല്‍ ഈ ബസ് സര്‍വീസ് നടത്തുന്നത്.

ഭാരത് ബെന്‍സിന്റെ ഒ.എഫ് 1624 എന്ന മോഡല്‍ ഷാസി ഉപയോഗിച്ചാണ് ഈ ബസ് നിര്‍മ്മിച്ചിരിക്കുന്നത്. പൂര്‍ണസൗകര്യമുള്ള യാത്രാ ബസ്സാക്കി മാറ്റാനുള്ള ഉത്തരവാദിത്വം സര്‍ക്കാര്‍ ഏല്‍പ്പിച്ചത് എസ് എം കണ്ണപ്പ എന്ന തെന്നിന്ത്യയിലെ മികച്ച ഓട്ടോ മൊബൈല്‍ ഗ്രൂപ്പിനെയാണ്. അന്നത്തെ ട്രഷറി നിയന്ത്രണങ്ങളെ വരെ മറികടന്ന് ഒരുകോടി അഞ്ച് ലക്ഷം രൂപയാണ് ബസിനായി സര്‍ക്കാര്‍ അനുവദിച്ചത്. കര്‍ണാടകയിലെ മണ്ഡ്യയിലുള്ള കണ്ണപ്പയുടെ ഫാക്ടറിയിലാണ് ബസിന്റെ ബോഡി നിര്‍മ്മിച്ചിരിക്കുന്നത്.

കേരളത്തിന്റെ തനത് സാസ്‌കാരിക അടയാളങ്ങളുടെ ചിത്രീകരണമാണ് ബസിന്റെ ബോഡിയില്‍. കെഎസ് ആര്‍ടിസി എംഡി പുറപ്പെടുവിച്ച പ്രത്യേക വിജ്ഞാന പ്രകാരം ഗതാഗത അതോറിറ്റിയുടെ മാനദണ്ഡങ്ങളില്‍ പ്രത്യേകം ഇളവ് നേടി വിവിധങ്ങളായ മാറ്റങ്ങളും ബസില്‍ വരുത്തിയിരുന്നു. കോണ്‍ട്രാക് ക്യാരേജ് വാഹനങ്ങള്‍ക്കുള്ള വെള്ള നിറം എന്ന നിബന്ധന ഈ ബസിന് ബാധമകമായിരുന്നില്ല. മുന്‍ നിരയിലെ ഒരു കസേരക്ക് 180 ഡിഗ്രി കറങ്ങാന്‍ സാധിക്കും. വാഹനം നിര്‍ത്തുമ്പോള്‍ പുറത്തുനിന്നും ജനനേറ്റര്‍ വഴിയോ ഇന്‍വേര്‍ട്ടര്‍ വഴിയോ വൈദ്യുതി നല്‍കാം. സര്‍ക്കാര്‍ ആവശ്യപ്പെടുമ്പോള്‍ വണ്ടി വില്‍ക്കണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
 
Other News in this category

 
 




 
Close Window