റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനും എംഡിയുമായ മുകേഷ് അംബാനിയുടെ ഇളയ മകന്‍ അനന്ത് അംബാനിയും എന്‍കോര്‍ ഹെല്‍ത്ത് കെയര്‍ സിഇഒയും വൈസ് ചെയര്‍മാനുമായ വിരേന്‍ മെര്‍ച്ചന്റിന്റെ മകള്‍ രാധിക മെര്‍ച്ചന്റിന്റെയും വിവാഹ ക്ഷണ പത്രിക ലോകമാകെ ചര്‍ച്ചയായി. ഒരു വലിയ സ്വര്‍ണപ്പെട്ടിയിലാണ് ക്ഷണക്കത്ത്. അതിന്റെ രൂപകല്‍പന പരമ്പരാഗത ഇന്ത്യന്‍ ക്ഷേത്രങ്ങളോടു സാമ്യമുള്ളതാണ്. വെള്ളിയില്‍ നിര്‍മ്മിച്ചതും ഗണപതി, മഹാവിഷ്ണു, ലക്ഷ്മി ദേവി, രാധാ-കൃഷ്ണന്‍, ദുര്‍ഗ്ഗാ ദേവി തുടങ്ങിയ ഹൈന്ദവ ദൈവങ്ങളുടെ ചിത്രങ്ങളാല്‍ അലങ്കരിച്ചതുമാണ്.
ഇതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. പെട്ടി തുറക്കുമ്പോള്‍ തന്നെ പശ്ചാത്തലത്തില്‍ വിശ്വാസമന്ത്രങ്ങള്‍ മുഴങ്ങുന്നത് കേള്‍ക്കാം. വലിയ പെട്ടിക്കകത്ത് മറ്റൊരു ചെറിയ പെട്ടിയും വിഡിയോയില്‍ കാണാം. ആ ചെറിയ പെട്ടി 'ട്രാവല്‍ ടെംപിള്‍' എന്നാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്ന ആള്‍ പരിചയപ്പെടുത്തുന്നത്. യാത്രകള്‍ക്കൊക്കെ ഉപയോഗിക്കാന്‍ പറ്റിയ ചെറിയ ഒരു ക്ഷേത്രത്തിന്റെ മാതൃകയാണ് അതെന്ന് കണ്ടാല്‍ മനസ്സിലാകും. ഓരോ പേജിലും ഓരോ ചടങ്ങുകളുടെ വിശദാംശങ്ങളാണ്. അവയില്‍ ഓരോന്നിലും വ്യത്യസ്ത ദൈവങ്ങളുടെ ചിത്രങ്ങളും അടങ്ങിയിരിക്കുന്നു. പെട്ടി തുറക്കുമ്പോള്‍ മറുവശത്തായി വൈകുണ്ഡത്തിന്റെ പശ്ചാത്തലമാണ് കാണുക. സ്വര്‍ണത്തിലും വെള്ളിയിലുമുള്ള ചെറിയ വിഗ്രഹങ്ങളും ഈ ക്ഷണപ്പെട്ടിക്കൊപ്പമുണ്ട്. നിത അംബാനിയുടെ കൈയ്യക്ഷരത്തിലുള്ള ഒരു കുറിപ്പും ക്ഷണപ്പെട്ടിക്കുള്ളില്‍ അടങ്ങിയിരിക്കുന്നു. |