ആദ്യ ഘട്ടത്തില്‍ മുന്നേറിയ കോണ്‍ഗ്രസ് വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പിറക പോയത് പാര്‍ട്ടി നേതാക്കളെ ഞെട്ടിച്ചു. ജാട്ട് സമുദായത്തിന് മുന്‍തൂക്കമുള്ള മേഖലകളിലടക്കം അട്ടിമറി മുന്നേറ്റം നടത്തിയ ബിജെപി 49 സീറ്റുകളുമായി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സീറ്റ് നിലയിലെത്തി. ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപി തകര്‍ന്നടിഞ്ഞു. ഐഎന്‍എല്‍ഡി ഒരു സീറ്റില്‍ ഒതുങ്ങി. കോണ്‍ഗ്രസിന് 36 സീറ്റാണ് നേടാനായത്.
ആദ്യ മണിക്കൂറിലെ മുന്നേറ്റത്തിനിടെ തന്നെ കോണ്‍ഗ്രസ് ക്യാമ്പുകളില്‍ ആഘോഷം തുടങ്ങിയിരുന്നു. എക്‌സിറ്റ് പോളുകളും കോണ്‍ഗ്രസിന് വലിയ ഭൂരിപക്ഷം പ്രവചിച്ചിരുന്നു. എന്നാല്‍ വോട്ടെണ്ണല്‍ പുരോഗമിച്ചതോടെ ഫലം മാറിമറിഞ്ഞു. വോട്ടിങ് മെഷീനുകളിലെ കണക്ക് വന്നു തുടങ്ങിയതോടെ കോണ്‍ഗ്രസ് പെട്ടെന്ന് താഴേക്ക് പോയി. ഇടയ്ക്ക് ഇഞ്ചാടിഞ്ചായെങ്കിലും പിന്നീട് ബിജെപി വ്യക്തമായ മേധാവിത്വം ഉറപ്പിച്ച് കുതിക്കുകയായിരുന്നു. തെക്കന്‍ ഹരിയാനയും രാജസ്ഥാനുമായി ചേര്‍ന്നു കിടക്കുന്ന ആഹിര്‍വാള്‍ മേഖലയും ബിജെപി തൂത്തു വാരി. ഡല്‍ഹിക്ക് ചുറ്റും കിടക്കുന്ന പത്തില്‍ എട്ടു സീറ്റിലും ബിജെപിയാണ് ജയിച്ചത്. യുപിയുമായി ചേര്‍ന്നു കിടക്കുന്നു ജാട്ട് സ്വാധീന മേഖലകളില്‍ പകുതി സീറ്റുകളില്‍ കോണ്‍ഗ്രസിനെ തോല്‍പിക്കാന്‍ ബിജെപിക്ക് സാധിച്ചു. പഞ്ചാബുമായി ചേര്‍ന്നു കിടക്കുന്ന ജാട്ട്-സിഖ് മേഖലകളിലും മധ്യ ഹരിയാനയിലുമാണ് കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ വിജയിക്കാനായത്. |