ന്യൂഡല്‍ഹി: രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കുമെതിരെ വിദേശവും ആഭ്യന്തരവുമായ ശക്തികളില്‍ നിന്നുള്ള ഭീഷണികളെ പ്രതിരോധിക്കാനും പ്രതികരിക്കാനും ലക്ഷ്യമിട്ടുള്ള ദേശീയ സമഗ്ര സുരക്ഷാ തന്ത്രം (National Security Strategy - NSS) ഈ വര്‍ഷം ഡിസംബറോടെ തയ്യാറാകുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയുടെ ആദ്യത്തെ സമഗ്ര സുരക്ഷാ നയമായ NSS-ന്റെ കരട് രൂപം അന്തിമഘട്ടത്തില്‍ എത്തിയതായും, പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ദേശീയ സുരക്ഷാ കൗണ്‍സിലിന് അംഗീകാരത്തിനായി ഉടന്‍ സമര്‍പ്പിക്കുമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു പിന്നാലെ പ്രധാനമന്ത്രിയെ അധ്യക്ഷനാക്കി ദേശീയ സുരക്ഷാ കൗണ്‍സില്‍ (NSC) രൂപീകരിച്ചിരുന്നു. 2018-ല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മേല്‍നോട്ടത്തില്‍ NSC-യുടെ സെക്രട്ടേറിയറ്റായ NSCS രൂപംകൊടുത്തു. വിരമിച്ച സൈനിക ഉദ്യോഗസ്ഥരും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുമടങ്ങുന്ന സമിതിയാണ് ഇതിന്റെ ഭാഗം.
സൈബര്‍ സുരക്ഷ, പ്രതിരോധ നവീകരണം, സാങ്കേതിക മുന്നേറ്റം, ഹൈബ്രിഡ് ഭീഷണികള്‍, സാമ്പത്തിക സ്ഥിരത, തന്ത്രപരമായ നയതന്ത്രം, ആഭ്യന്തര സുരക്ഷ എന്നിവയിലൂന്നിയ തന്ത്രമാണ് NSS. വിവിധ കാലഘട്ടങ്ങളില്‍ ഇത്തരമൊരു തന്ത്രം കൊണ്ടുവരാന്‍ ശുപാര്‍ശകള്‍ ഉണ്ടായിരുന്നെങ്കിലും, മുന്‍ സര്‍ക്കാരുകള്‍ രാഷ്ട്രീയ സൗകര്യപ്രദതയെ മുന്‍നിര്‍ത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
നിലവില്‍ NSS-ന്റെ അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് ആവശ്യമായ വിവരങ്ങള്‍ ലഭിച്ചുകഴിഞ്ഞതായും, അംഗീകാരം ലഭിച്ചാല്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള NSC-യ്ക്ക് കരട് സമര്‍പ്പിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.