സമൂഹമാധ്യമങ്ങളിലൂടെയുള്ള കടുത്ത സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ലൈംഗിക പീഡനത്തിനിരയായ യുവതി പൊലീസില്‍ പരാതി നല്‍കി. യുവതിയില്‍ നിന്നും പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, രാഹുല്‍ മാങ്കൂട്ടത്തില്‍ അനുയായികളുടെ ഗ്രൂപ്പുകളില്‍ നിന്നാണ് യുവതിക്കെതിരെ ആക്രമണം ശക്തമായത്. യുവതിയുടെ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുകയും, ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുവെന്നതാണ് പരാതി. ഇതേത്തുടര്‍ന്ന് സൈബര്‍ പൊലീസ് ഇത്തരം ഹാന്‍ഡിലുകള്‍ കര്‍ശനമായി നിരീക്ഷിക്കുന്നു.
മുഖ്യമന്ത്രിക്ക് നല്‍കിയ ലൈംഗിക പീഡനപരാതിക്ക് പിന്നാലെയാണ് യുവതിക്കെതിരെ വ്യാപകമായ സൈബര്‍ ആക്രമണം ആരംഭിച്ചത്. സൈബര്‍ ആക്രമണ പോസ്റ്റുകള്‍ കണ്ടാല്‍ ഉടന്‍ കേസെടുക്കാന്‍ ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എഡിജിപി എച്ച്. വെങ്കിടേഷ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കോണ്‍ഗ്രസ് നേതാക്കളടക്കം ചിലര്‍ യുവതിയുടെ ചിത്രവും വിവരങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. വിവാദം ഉയര്‍ന്നതോടെ പോസ്റ്റുകള്‍ പിന്‍വലിക്കേണ്ടി വന്നു. പരാതി നല്‍കാന്‍ ധൈര്യം കാണിച്ച യുവതിയുടെ സ്വകാര്യതയെ ഹനിക്കുന്നുവെന്ന വിമര്‍ശനമാണ് ഉയര്‍ന്നത്. യുവതിയെ പിന്തുണച്ചവരോടും സൈബര്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു