തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ സുരക്ഷാ വീഴ്ചകള്‍ പരിഹരിക്കണമെന്ന ആവശ്യവുമായി കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ (കെജിഎംഒഎ) ഇന്ന് മുതല്‍ ജീവന്‍ രക്ഷാ സമരം ആരംഭിക്കുന്നു. താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ നടന്ന ആക്രമണമാണ് സമരത്തിന് ആധാരമായത്.
സംഘടനയുടെ വിശദീകരണപ്രകാരം, സമരത്തിന്റെ ആദ്യഘട്ടമായി നാളെ മുതല്‍ സംസ്ഥാനവ്യാപകമായി രോഗിപരിചരണം ഒഴികെയുള്ള മറ്റ് ഡ്യൂട്ടികളില്‍ നിന്ന് ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കുന്ന നിസ്സഹകരണ സമരം ആരംഭിക്കും.
ആശുപത്രികളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായ തൊഴില്‍ സാഹചര്യങ്ങള്‍ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടതായി കെജിഎംഒഎ ആരോപിച്ചു. ആരോഗ്യപ്രവര്‍ത്തകരുടെ ജീവന് സുരക്ഷ ഉറപ്പാക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സംഘടന ആവശ്യപ്പെടുന്നു.
പ്രധാന ആവശ്യങ്ങള്‍:
- സര്‍ക്കാര്‍ ആശുപത്രികളെ അതിസുരക്ഷാ മേഖലകളായി പ്രഖ്യാപിക്കുക
- പ്രധാന ആശുപത്രികളുടെ സുരക്ഷാ ചുമതല സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിന് ഏല്‍പ്പിക്കുക
ഈ ആവശ്യങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കാത്തതില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നതാണ് സമരത്തിന്റെ ലക്ഷ്യം.