തൃശൂര്‍: ഇന്‍സ്റ്റഗ്രാമില്‍ നടത്തിയ പോസ്റ്റിനെ തുടര്‍ന്ന് 19കാരന്‍ വിദ്യാര്‍ഥിക്ക് നേരെ ആള്‍ക്കൂട്ടമര്‍ദ്ദനം നടന്നതായി റിപ്പോര്‍ട്ട്. ദേശമംഗലം സ്വദേശിയായ ജസീമിനെയാണ് വ്യാഴാഴ്ച വൈകുന്നേരം ദേശമംഗലം പഞ്ചായത്തിന്റെ സമീപത്തുള്ള റോഡില്‍ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്.
ജസീമിന്റെ മുഖത്തും ശരീരത്തിലും ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. സംഘം ചവിട്ടുന്നതും ജസീം റോഡിലേക്കു വീഴുന്നതുമുള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ വലിയ ചര്‍ച്ചയുണ്ടാക്കിയിട്ടുണ്ട്.
മര്‍ദ്ദനത്തില്‍ പരിക്കേറ്റ ജസീം ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജിലും ചികിത്സ തേടുകയായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗത്തെക്കുറിച്ചുള്ള ആക്ഷേപമാണ് സംഘത്തെ പ്രകോപിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം.
പള്ളം സ്വദേശികളായ യുവാക്കളാണ് ആക്രമണത്തില്‍ പങ്കെടുത്തതെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പതിമൂന്ന് പേര്‍ക്കെതിരേ ചെറുതുരുത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.