ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രി കൂടിയായ ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജരിവാളിനെതിരെ 'ശീഷ്മഹല്‍' ആരോപണവുമായി വീണ്ടും ബിജെപി രംഗത്ത്. പഞ്ചാബിലെ ആം ആദ്മി സര്‍ക്കാര്‍ കെജരിവാളിന് രണ്ടേക്കറില്‍ വ്യാപിച്ചുകിടക്കുന്ന സെവന്‍ സ്റ്റാര്‍ ബംഗ്ലാവ് അനുവദിച്ചുവെന്നതാണ് ബിജെപിയുടെ ആരോപണം. ബംഗ്ലാവിന്റെ സാറ്റലൈറ്റ് ചിത്രങ്ങളും ബിജെപി പങ്കുവച്ചിട്ടുണ്ട്.
എക്‌സ് പോസ്റ്റിലൂടെയാണ് ആരോപണം ഉയര്‍ന്നത്. പഞ്ചാബിലെ 'സൂപ്പര്‍ മുഖ്യമന്ത്രി' കെജരിവാളാണ് എന്നും, ഡല്‍ഹിയിലെ ചില്ലുകൊട്ടാരം ഒഴിഞ്ഞതിന് പിന്നാലെ പഞ്ചാബില്‍ അതിനേക്കാള്‍ ആഡംബരപൂര്‍ണമായ ബംഗ്ലാവ് ലഭിച്ചുവെന്നും ബിജെപി ആരോപിച്ചു. ചണ്ഡീഗഢിലെ സെക്ടര്‍ 2-വിലായാണ് ഈ ബംഗ്ലാവ് സ്ഥിതിചെയ്യുന്നത്. മുഖ്യമന്ത്രിയുടെ ക്വാട്ടയില്‍ നിന്നാണ് ഇത് അനുവദിച്ചതെന്നും ബിജെപി വ്യക്തമാക്കി.
ആം ആദ്മിയുടെ പ്രതികരണം
ബിജെപി നുണ പ്രചരിപ്പിക്കുകയാണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. 'പ്രധാനമന്ത്രിക്കായി വ്യാജ യമുന നിര്‍മിച്ചതിന് ശേഷം ബിജെപി നിരാശയിലാണ്. അതിന്റെ ഫലമായി വ്യാജ യമുന, വ്യാജ മലിനീകരണ തോത്, വ്യാജ മഴ അവകാശവാദം, ഇപ്പോഴിതാ വ്യാജ സെവന്‍ സ്റ്റാര്‍ ബംഗ്ലാവ് ആരോപണവും' ആം ആദ്മി പ്രതികരിച്ചു.
രാഷ്ട്രീയ തലത്തില്‍ വിവാദം ശക്തമാകുന്നതിനിടെ, ആം ആദ്മി-ബിജെപി പോര് വീണ്ടും ചൂടുപിടിക്കുകയാണ്.