തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി മുന്‍ എംഎല്‍എ കെ എസ് ശബരീനാഥനെ മത്സരത്തിലിറക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. കവടിയാര്‍ വാര്‍ഡില്‍ ശബരീനാഥനെ മത്സരിപ്പിക്കാനാണ് ഡിസിസി ഓഫീസില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായത്.
മുതിര്‍ന്ന നേതാക്കളെ മത്സരിപ്പിച്ച് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കരുത്തുകാട്ടണമെന്ന എഐസിസിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ശബരീനാഥനെ ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസില്‍ ധാരണയായത്. ശബരീനാഥിന്റെ വീട് സ്ഥിതി ചെയ്യുന്ന ശാസ്തമംഗലം വാര്‍ഡ് വനിതാ സംവരണമായതിനാല്‍ തൊട്ടടുത്ത കവടിയാര്‍ വാര്‍ഡിലാണ് മത്സരിക്കുന്നത്.
തിരുവനന്തപുരം കോര്‍പ്പറേഷന്റെ ചുമതല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനാണ്. കെപിസിസി, കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളെയും മത്സരിപ്പിച്ച് കോര്‍പ്പറേഷന്‍ പിടിക്കാനുള്ള തന്ത്രപരമായ നീക്കത്തിലാണ് കോണ്‍ഗ്രസ്.
മൂന്നാം സ്ഥാനത്തുള്ള കോര്‍പ്പറേഷനില്‍ പരമാവധി സീറ്റുകള്‍ നേടുക എന്ന ലക്ഷ്യത്തോടെയാണ് ശബരിയെ പോലൊരു മുന്‍ എംഎല്‍എയെ മത്സരത്തിലിറക്കുന്നത്. ശബരിയെ മുന്‍നിര്‍ത്തിയുള്ള പ്രചാരണം നഗരത്തിലെ യുവാക്കളെ ആകര്‍ഷിക്കുമെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി. കണ്ടുപഴകിയ മുഖങ്ങള്‍ക്കു പകരം പൊതു സ്വീകാര്യതയും, വിദ്യാസമ്പന്നരുടെ വോട്ടും ആകര്‍ഷിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.