കൊച്ചി: സൈബര്‍ തട്ടിപ്പിനെതിരേ കേരള പൊലീസ് ആരംഭിച്ച 'ഓപ്പറേഷന്‍ സൈ ഹണ്ട്' നടപടികള്‍ ശക്തമാകുന്നു. കൊച്ചി സിറ്റിയില്‍ മാത്രം 300 വാടക ബാങ്ക് അക്കൗണ്ടുകള്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കളമശ്ശേരി സ്റ്റേഷന്‍ പരിധിയില്‍ 60 വയസ്സുള്ള അമ്മയുടെ അക്കൗണ്ട് മകന്‍ ദുരുപയോഗം ചെയ്തതും കോടികള്‍ അക്കൗണ്ടിലേക്ക് എത്തിയതും അന്വേഷണത്തില്‍ പുറത്തുവന്നു.
ഒളിവില്‍ പോയ മകനെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ തുടരുകയാണ്. ഇതുവരെ കൊച്ചി സിറ്റിയില്‍ അറസ്റ്റിലായത് 6 പേരാണ്. തട്ടിപ്പുപണം കൂടുതലും വിദ്യാര്‍ഥികളുടെ അക്കൗണ്ടുകളിലേക്കാണ് എത്തുന്നതായി സിറ്റി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായവര്‍ വിദ്യാര്‍ഥികളാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ വ്യക്തമാക്കി.
അറസ്റ്റിലായവര്‍:
- ഏലൂര്‍ സ്വദേശി അഭിഷേക് ബിജു (21)
- വെങ്ങോല സ്വദേശി ഹാഫിസ് (21)
- എടത്തല സ്വദേശി അല്‍ത്താഫ് (21)
ഏലൂരില്‍ തട്ടിപ്പുപണം പിന്‍വലിക്കുന്നതിനിടെ അഭിഷേകിനെ പൊലീസ് പിടികൂടുകയായിരുന്നു. ഇയാളുടെ അക്കൗണ്ട് മറ്റൊരു കുറ്റകൃത്യത്തിന് ഉപയോഗിച്ചതായി കണ്ടെത്തിയതോടെയാണ് ഹാഫിസ്, അല്‍ത്താഫ് എന്നിവരെക്കുറിച്ചുള്ള വിവരം ലഭിച്ചത്. മരടിലെ മഹാരാഷ്ട്ര ബാങ്ക് ബ്രാഞ്ചില്‍ പണം പിന്‍വലിക്കുമ്പോഴാണ് ഇവരെ പിടികൂടിയത്. പിടിയിലാകുമ്പോള്‍ ആറുലക്ഷത്തോളം രൂപ ഇവരില്‍ നിന്നും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
തട്ടിപ്പിന്റെ വ്യാപ്തി
'ഓപ്പറേഷന്‍ സൈ ഹണ്ടില്‍' ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ - 382
മൂന്നു മാസത്തിനുള്ളില്‍ അറസ്റ്റിലായവര്‍ - 263
നോട്ടീസ് നല്‍കി നിരീക്ഷണത്തില്‍ വിട്ടവര്‍ - 125
തട്ടിപ്പിന്റെ മൊത്തം മൂല്യം - 300 കോടിയിലധികം
സൈബര്‍ തട്ടിപ്പിനെതിരായ പൊലീസ് നടപടികള്‍ സംസ്ഥാനത്ത് കൂടുതല്‍ ശക്തമാകുമെന്ന് അധികൃതര്‍ അറിയിച്ചു.