ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ കാശിബുഗ്ഗയില്‍ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും 9 പേര്‍ മരിച്ച സംഭവത്തില്‍ ക്ഷേത്ര ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. 94 വയസ്സുള്ള ഹരി മുകുന്ദ് പാണ്ഡെയ്ക്ക് കുറ്റകരമായ നരഹത്യക്കുറ്റം ചുമത്തിയാണ് നടപടി.
ശനിയാഴ്ച നടന്ന കാര്‍ത്തിക ഏകാദശി ഉത്സവം ക്ഷേത്രം ഉദ്ഘാടനം ചെയ്തതിനു ശേഷമുള്ള ആദ്യത്തെ ആഘോഷമായിരുന്നു. മതിയായ അനുമതികളില്ലാതെ ക്ഷേത്രം നിര്‍മിച്ചതും, ഉത്സവം സംഘടിപ്പിച്ചതിന് പൊലീസ് അനുമതി ഇല്ലായിരുന്നുമാണ് അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് ജില്ലാ പൊലീസ് മേധാവി കെ വി മഹേശ്വര റെഡ്ഡി അറിയിച്ചു.
ക്ഷേത്ര പരിസരത്തിന് ഉള്‍ക്കൊള്ളാനാവുന്നതിലും ഏഴിരട്ടി ജനങ്ങള്‍ എത്തിയത് അപകടത്തിന് കാരണമായതായി പൊലീസ് വിലയിരുത്തുന്നു. ഉത്സവത്തെക്കുറിച്ചും ജനക്കൂട്ടത്തെക്കുറിച്ചും ജില്ലാ ഭരണകൂടത്തെയോ പൊലീസിനെയോ അറിയിക്കുന്നതില്‍ ക്ഷേത്ര അധികൃതര്‍ പരാജയപ്പെട്ടതായും പൊലീസ് വ്യക്തമാക്കി.
തിക്കിലും തിരക്കിലും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 9 പേരാണ് മരിച്ചത്. നാല് ക്ഷേത്ര ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 12 ഏക്കര്‍ കുടുംബ ഭൂമിയില്‍ പാണ്ഡെ നിര്‍മിച്ച ഈ ക്ഷേത്രം 'ചിന്ന-തിരുപ്പതി' എന്നറിയപ്പെടുന്നു. തിരുപ്പതിയില്‍ കൊത്തിയെടുത്ത 9 അടി ഉയരമുള്ള ഒറ്റക്കല്ല് വിഗ്രഹമാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. പാണ്ഡയുടെ സ്വകാര്യ ഫണ്ടുകള്‍ ഉപയോഗിച്ചാണ് ക്ഷേത്രം നിര്‍മിച്ചത്; സംഭാവനകളോ ട്രസ്റ്റികളോ ഇല്ല.
സംഭവം രാജ്യത്തെ നടുക്കിയതോടെ സുരക്ഷാ വീഴ്ചകള്‍ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.