ലണ്ടന്‍: മുസ്ലീങ്ങളുടെ പൊതുസ്ഥലത്തെ പ്രാര്‍ഥന നിരോധിക്കണമെന്ന് ആവശ്യപ്പെട്ട റിഫോം യുകെ നേതാവ് നിഗല്‍ ഫരാഗെയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. മുസ്ലിം നേതാക്കള്‍ ഈ നിലപാട് ''വിവേചനപരവും അപകടകരവുമാണ്'' എന്ന് വിമര്‍ശിച്ചു. വര്‍ഗീയ വിദ്വേഷം വളര്‍ത്താനുള്ള ശ്രമമാണിതെന്നും ആരോപിച്ചു.
സ്‌കോട്ടിഷ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുള്ള മാനിഫെസ്റ്റോ പ്രകാശന വേളയിലാണ് വിവാദ പ്രസ്താവന. ലണ്ടനിലെ ട്രാഫല്‍ഗര്‍ സ്‌ക്വയറില്‍ ഈദിനോടനുബന്ധിച്ച് നടന്ന പൊതുപ്രാര്‍ഥനയെ ഫരാഗെ ''എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പ്'' എന്ന് വിശേഷിപ്പിച്ചു. റംദാന്‍ ടെന്റ് പ്രൊജക്ട് സംഘടിപ്പിച്ച പരിപാടിയില്‍ ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ പങ്കെടുത്തിരുന്നു.
''സ്വകാര്യ മതാചാരങ്ങളുടെ അതിര് കടന്നതാണ് ഇത്തരം പരിപാടികള്‍. ബ്രിട്ടീഷ് ജീവിതരീതിക്ക് ഭീഷണിയാണ്,'' എന്ന് ഫരാഗെ ആരോപിച്ചു. ഭാവിയില്‍ ഇത്തരം കൂട്ടപ്രാര്‍ഥനകള്‍ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുന്‍ സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റര്‍ ഹംസ യൂസഫ്, ''ക്രിസ്ത്യന്‍, ഹനുക്ക, ദീപാവലി ആഘോഷങ്ങള്‍ക്ക് എതിര്‍പ്പില്ലാത്ത ഫരാഗെ മുസ്ലിം പ്രാര്‍ഥനയോട് മാത്രം പ്രശ്നമുണ്ടെന്ന് കാണിക്കുന്നത് വിവേചനമാണ്,'' എന്ന് പ്രതികരിച്ചു.
അതേസമയം, കെമി ബാഡ്നോച്ച് പൊതുസ്ഥലങ്ങളില്‍ മതാചരണം ''ബ്രിട്ടീഷ് സംസ്‌കാരത്തിന്റെ മാനദണ്ഡങ്ങള്‍ക്കുള്ളിലാണോ'' എന്ന ചോദ്യവും ഉയര്‍ത്തി. സ്‌കോട്ടിഷ് ലേബര്‍ നേതാവ് അനസ് സര്‍വര്‍ ഫരാഗെയുടെ പ്രസ്താവനയെ ''വിഷമുള്ള രാഷ്ട്രീയത്തിന്റെ ഉദാഹരണം'' എന്ന് വിശേഷിപ്പിച്ചു.
ലണ്ടനില്‍ ഇത്തരം പൊതുപ്രാര്‍ഥനകള്‍ മുമ്പും സമാധാനപരമായി നടന്നിട്ടുണ്ടെങ്കിലും, ഇത്തവണ രാഷ്ട്രീയ വിവാദങ്ങള്‍ ശക്തമായി ഉയര്‍ന്നിരിക്കുകയാണ്