ലണ്ടന്‍: ഇംഗ്ലണ്ടിലെ ആയിരക്കണക്കിന് എന്‍എച്ച്എസ് (NHS) ജീവനക്കാര്‍ രോഗികളുടെയും പൊതുജനങ്ങളുടെയും അക്രമങ്ങള്‍ക്കും അപമാനങ്ങള്‍ക്കും ഇരയാകുന്നതായി പുതിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. 2025-ലെ എന്‍എച്ച്എസ് സ്റ്റാഫ് സര്‍വേ പ്രകാരം ഏഴിലൊന്ന് ജീവനക്കാര്‍ നേരിട്ട് അക്രമം അനുഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തി.
കാല്‍ശതമാനം ജീവനക്കാര്‍ അപമാനങ്ങളും, ബുള്ളിയിംഗും, ചൂഷണവും നേരിട്ടതായി വ്യക്തമാക്കുന്നു. എന്‍എച്ച്എസില്‍ 1.5 മില്ല്യണ്‍ ജോലിക്കാരാണുള്ളത്. ഇതനുസരിച്ച് 2025-ല്‍ മാത്രം 217,000 പേര്‍ അക്രമത്തിനും, 380,000 പേര്‍ അപമാനങ്ങള്‍ക്കും, ബുള്ളിയിംഗിനും ഇരയായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
ലൈംഗിക പീഡനങ്ങള്‍ റെക്കോര്‍ഡ് തോതില്‍ എത്തിയിട്ടുണ്ട്. പത്തിലൊന്ന് എന്‍എച്ച്എസ് ജീവനക്കാര്‍, കാല്‍ശതമാനം ആംബുലന്‍സ് ജീവനക്കാര്‍, പത്തിലൊന്ന് നഴ്സുമാരും മിഡ്വൈഫുമാരും കഴിഞ്ഞ വര്‍ഷം അനാവശ്യ ലൈംഗിക പെരുമാറ്റങ്ങള്‍ നേരിട്ടതായി റിപ്പോര്‍ട്ട് പറയുന്നു.
എന്നാല്‍ അപമാനങ്ങളും ചൂഷണങ്ങളും റിപ്പോര്‍ട്ട് ചെയ്യാന്‍ ജീവനക്കാര്‍ മടിക്കുന്നുവെന്നതാണ് വലിയ പ്രശ്‌നം. ഗുരുതര അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴും, ചെറിയ അപമാനങ്ങള്‍ പലരും രേഖപ്പെടുത്തുന്നില്ലെന്ന് സര്‍വേ വ്യക്തമാക്കുന്നു.
വംശവെറിയും വിവേചനവും വ്യാപകമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2025-ല്‍ അഞ്ചിലൊന്ന് കറുത്തവരും, വംശീയ ന്യൂനപക്ഷത്തില്‍ പെട്ടവരുമായ ജോലിക്കാര്‍ ചൂഷണം, ബുള്ളിയിംഗ്, അപമാനങ്ങള്‍ എന്നിവ നേരിട്ടതായി രേഖപ്പെടുത്തിയപ്പോള്‍, വെള്ളക്കാരില്‍ ഇത് 20-ല്‍ ഒന്ന് മാത്രമാണ്. സഹജീവനക്കാരും മാനേജരും ടീമ്ലീഡര്‍മാരും തന്നെ ഇത്തരം പെരുമാറ്റം കാണിക്കുന്നുവെന്ന് ന്യൂനപക്ഷ ജീവനക്കാര്‍ പറഞ്ഞു.
''നഴ്സിംഗ് ജീവനക്കാരും മറ്റ് എന്‍എച്ച്എസ് ജോലിക്കാരും നേരിടുന്ന വിവേചനവും, ചൂഷണവും, അക്രമങ്ങളും, ലൈംഗിക അതിക്രമങ്ങളും വീണ്ടും വെളിപ്പെട്ടിരിക്കുന്നു. വര്‍ഷം കഴിയുംതോറും അക്രമങ്ങള്‍ വര്‍ധിക്കുന്നു. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ദേശീയ എമര്‍ജന്‍സിയാണ്,'' എന്ന് റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് ജനറല്‍ സെക്രട്ടറി പ്രൊഫ. നിക്കോള റേഞ്ചര്‍ പ്രതികരിച്ചു