Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6174 INR  1 EURO=109.8539 INR
ukmalayalampathram.com
Sun 26th Jul 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
വിമര്‍ശനവും ട്രോളുകളും കനത്തു; വാഹന മോഡിഫിക്കേഷന്‍ ചട്ടങ്ങള്‍ പഠിക്കാന്‍ സബ് കമ്മിറ്റി രൂപീകരിക്കാന്‍ ഗതാഗത വകുപ്പ്
reporter

തിരുവനന്തപുരം: വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാക്കിയ പുതിയ പട്ടികയ്ക്കെതിരെ വ്യാപക വിമര്‍ശനവും സോഷ്യല്‍ മീഡിയ ട്രോളുകളും ഉയര്‍ന്നതോടെ, വിഷയത്തില്‍ കൂടുതല്‍ പഠനം നടത്താന്‍ സബ് കമ്മിറ്റി രൂപീകരിക്കാന്‍ ഗതാഗത വകുപ്പ് തീരുമാനിച്ചു. ഏതൊക്കെ മോഡിഫിക്കേഷനുകള്‍ പുതുതായി അനുവദിക്കാനാകും, നിലവിലെ പട്ടികയില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്താം തുടങ്ങിയ കാര്യങ്ങളാണ് സബ് കമ്മിറ്റി പ്രധാനമായും പരിശോധിക്കുക. ജനങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പരിഗണിച്ചായിരിക്കും സബ് കമ്മിറ്റി മുന്നോട്ടുപോകുക. അപകടകരമല്ലാത്ത വാഹന മോഡിഫിക്കേഷനുകള്‍ നടപ്പാക്കുമെന്നും അന്തിമരൂപരേഖ ഇതുവരെ തയ്യാറായിട്ടില്ലെന്നും ഗതാഗത മന്ത്രി സി.പി. ജോണ്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ ചര്‍ച്ചകള്‍ തുടരുകയാണെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍, അനുമതി ആവശ്യമില്ലാതെ നടത്താവുന്ന 18 തരം മാറ്റങ്ങളും പ്രത്യേക അനുമതി ആവശ്യമായ ചില മാറ്റങ്ങളുമാണ് ഉള്‍പ്പെടുത്തിയിരുന്നത്. സ്റ്റിക്കറുകള്‍, ഇന്റീരിയര്‍ ആംബിയന്റ് ലൈറ്റിംഗ്, അധിക സ്പീക്കറുകള്‍, സീറ്റ് കവറുകള്‍, ഫ്‌ലോര്‍ മാറ്റുകള്‍, ഡോര്‍ വൈസറുകള്‍, മഡ് ഫ്‌ലാപ്പുകള്‍, ഡാഷ് ക്യാമറ, റിവേഴ്സ് ക്യാമറ, സ്റ്റിയറിംഗ് വീല്‍ കവര്‍, ക്രോം ഗാര്‍ണിഷ്, പാര്‍ക്കിംഗ് സെന്‍സര്‍, ജിപിഎസ് ട്രാക്കര്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ആന്‍ഡ്രോയിഡ് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ടോ ഹുക്ക്, നിയന്ത്രണങ്ങളോടെയുള്ള റൂഫ് കാരിയര്‍, സണ്‍ ഫിലിം എന്നിവയാണ് പട്ടികയില്‍ ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

എന്നാല്‍ പട്ടികയിലെ പലതും നിലവില്‍ തന്നെ സാധാരണയായി ഉപയോഗിക്കുന്ന ആക്സസറികളാണെന്നും, വാഹനപ്രേമികള്‍ പ്രതീക്ഷിച്ചിരുന്ന യഥാര്‍ത്ഥ മോഡിഫിക്കേഷന്‍ ഇളവുകള്‍ ഇതില്‍ ഇല്ലെന്നുമാണ് വിമര്‍ശനം. ഇതിന് പിന്നാലെ ''മോഡിഫിക്കേഷന്‍ വാഗ്ദാനം പാളി'' എന്ന തരത്തിലുള്ള ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. അതേസമയം, വാഹനത്തിന്റെ നിറം മാറ്റം പോലുള്ള രൂപമാറ്റങ്ങള്‍ക്ക് ആര്‍.ടി.ഒ ഓഫീസില്‍ നിശ്ചിത ഫീസ് അടച്ച് മുന്‍കൂര്‍ അനുമതി വാങ്ങേണ്ടിവരും. ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ആര്‍.സി ബുക്കില്‍ രേഖപ്പെടുത്തുകയും വേണം. എന്‍ജിന്‍ മാറ്റം, ബോഡിയില്‍ വലിയ രൂപമാറ്റം, ഇലക്ട്രിക് അല്ലെങ്കില്‍ സി.എന്‍.ജി കണ്‍വെര്‍ഷന്‍ എന്നിവക്കും നിയമാനുസൃത അനുമതി ആവശ്യമാണ്. തെരഞ്ഞെടുപ്പ് കാലത്ത് വാഹന മോഡിഫിക്കേഷനുകള്‍ക്ക് അനുകൂലമായി യു.ഡി.എഫ് നല്‍കിയ വാഗ്ദാനം യുവാക്കള്‍ക്കും വാഹനപ്രേമികള്‍ക്കും ഇടയില്‍ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ പുതിയ പട്ടിക പുറത്തുവന്നതോടെ പ്രതീക്ഷിച്ചത്ര ഇളവുകള്‍ ലഭിച്ചില്ലെന്ന വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ ജനവികാരം പരിഗണിച്ച് കൂടുതല്‍ പ്രായോഗികമായ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിലാണ് ഗതാഗത വകുപ്പ്.

 
Other News in this category

 
 




 
Close Window