Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6174 INR  1 EURO=109.8539 INR
ukmalayalampathram.com
Sun 26th Jul 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കരുവന്നൂര്‍ കള്ളപ്പണ കേസ്: സിപിഎം നേതാക്കള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി; 28 പ്രതികള്‍ വിചാരണ നേരിടണം
reporter

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎം നേതാക്കളടക്കം 28 പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കൊച്ചിയിലെ പിഎംഎല്‍എ കോടതി. കേസില്‍ പ്രതികള്‍ വിചാരണ നേരിടണമെന്നും കോടതി ഉത്തരവിട്ടു. പ്രതികള്‍ക്ക് സമ്മന്‍സ് അയക്കാനും ജൂലൈ നാലിന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ നേരിട്ട് ഹാജരാകാനും കോടതി നിര്‍ദേശിച്ചു. കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രണ്ടാംഘട്ട കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് കോടതി നടപടികള്‍ മുന്നോട്ട് പോയത്. കുറ്റപത്രം സമര്‍പ്പിച്ച ശേഷം വിചാരണ ആരംഭിക്കുന്നതിന് മുമ്പ് പ്രതികളുടെ വാദം കേള്‍ക്കണമെന്ന നിയമനടപടിയുടെ ഭാഗമായാണ് കോടതി വാദം കേട്ടത്. കേസില്‍ കുറ്റം നിലനില്‍ക്കില്ലെന്നും കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്നതിന് തെളിവില്ലെന്നുമായിരുന്നു പ്രതികളുടെ പ്രധാന വാദം. എന്നാല്‍ ഈ വാദങ്ങള്‍ തള്ളിയ കോടതി, പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുന്നുവെന്ന് കണ്ടെത്തുകയായിരുന്നു.

സിപിഎം നേതാക്കളായ എ.സി. മൊയ്തീന്‍, കെ. രാധാകൃഷ്ണന്‍, സിപിഎം തൃശൂര്‍ മുന്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് എന്നിവര്‍ വിചാരണ നേരിടണമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. കേസില്‍ ആകെ 83 പ്രതികളാണുള്ളത്. ഇതില്‍ 55 പ്രതികള്‍ക്കെതിരെ നടപടികള്‍ ആരംഭിച്ചപ്പോള്‍, 28 പേര്‍ക്കെതിരെയാണ് ഇപ്പോള്‍ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുന്നതായി കോടതി കണ്ടെത്തിയത്. കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെയും പാര്‍ട്ടി നേതാക്കളെയും പ്രതിചേര്‍ത്ത് ഇഡി നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. രണ്ടാംഘട്ട കുറ്റപത്രത്തില്‍ പുതിയ പ്രതികളെ ഉള്‍പ്പെടുത്തിയതോടെ കേസിലെ ആകെ പ്രതികളുടെ എണ്ണം 83 ആയി ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു. കരുവന്നൂര്‍ ബാങ്കില്‍ വഴിവിട്ട വായ്പകള്‍ അനുവദിച്ചതിലും അതിലൂടെ ലഭിച്ച പണം കള്ളപ്പണ ഇടപാടുകളിലേക്ക് വഴിമാറിയതിലും സിപിഎം നേതൃത്വത്തിന് പങ്കുണ്ടെന്നാണ് ഇഡിയുടെ പ്രധാന ആരോപണം. സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള സബ് കമ്മിറ്റി വഴി പലര്‍ക്കും നിയമവിരുദ്ധമായി വായ്പകള്‍ അനുവദിച്ചുവെന്നും ഇഡി വാദിക്കുന്നു. എന്നാല്‍ കരുവന്നൂര്‍ തട്ടിപ്പില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന നിലപാടാണ് സിപിഎം തുടര്‍ച്ചയായി സ്വീകരിച്ചുവരുന്നത്. ഇഡിയുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും കേസ് നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നുമാണ് സിപിഎം നിലപാട്.

 
Other News in this category

 
 




 
Close Window