Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.0631 INR
ukmalayalampathram.com
Fri 10th Jul 2026
 
 
UK Special
  Add your Comment comment
എന്‍എച്ച്എസ് അത്യാഹിത വിഭാഗത്തിലെ തിരക്ക് കുറയ്ക്കാന്‍ ഡിജിറ്റല്‍ ട്രിയാജ്; പരീക്ഷണം 18 ആശുപത്രികളില്‍
reporter

ലണ്ടന്‍: എന്‍എച്ച്എസ് ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളില്‍ തിരക്കും കാത്തിരിപ്പ് സമയവും കുറയ്ക്കാന്‍ പുതിയ ഡിജിറ്റല്‍ ട്രിയാജ് സംവിധാനം നടപ്പിലാക്കാന്‍ നീക്കം. ഇംഗ്ലണ്ടിലെ 18 ആശുപത്രികളിലാണ് പദ്ധതി നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നത്. അത്യാഹിത വിഭാഗത്തില്‍ നേരിട്ട് എത്തുന്ന രോഗികള്‍ ആദ്യം അവരുടെ രോഗലക്ഷണങ്ങളും അടിസ്ഥാന വിവരങ്ങളും ഡിജിറ്റല്‍ സംവിധാനത്തില്‍ രേഖപ്പെടുത്തണം. തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ രോഗിയുടെ അവസ്ഥ വിലയിരുത്തി ഉടന്‍ അടിയന്തര ചികിത്സ ആവശ്യമാണോ, മറ്റൊരു സേവനത്തിലേക്ക് റഫര്‍ ചെയ്യാമോ എന്നത് തീരുമാനിക്കും.

ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് ഉടന്‍ അത്യാഹിത പരിചരണം നല്‍കും. എന്നാല്‍ ഗുരുതരമല്ലാത്ത ആരോഗ്യപ്രശ്‌നങ്ങളുമായി എത്തുന്നവരെ മറ്റൊരു സമയത്തേക്ക് അപ്പോയിന്റ്മെന്റ് നല്‍കി തിരിച്ചയക്കുകയോ ജിപി, ഫാര്‍മസി, മൈനര്‍ ഇന്‍ജറി യൂണിറ്റ്, ഫിസിയോതെറാപ്പി തുടങ്ങിയ സേവനങ്ങളിലേക്ക് റഫര്‍ ചെയ്യുകയോ ചെയ്യും. ആംബുലന്‍സില്‍ എത്തുന്ന രോഗികളെ നേരിട്ട് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ട്. എല്ലാ എന്‍എച്ച്എസ് ട്രസ്റ്റുകളും ഇത്തരം സംവിധാനം സ്വീകരിക്കണമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്സിക്യൂട്ടീവ് സര്‍ ജിം മാക്കേ ആവശ്യപ്പെട്ടു. അത്യാഹിത സേവനങ്ങളില്‍ കൂടുതല്‍ ക്രമവും മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്ന അപ്പോയിന്റ്മെന്റ് സംവിധാനവും കൊണ്ടുവരുന്നത് തിരക്ക് കുറയ്ക്കാനും അടിയന്തര ചികിത്സ ആവശ്യമായ രോഗികളില്‍ ഡോക്ടര്‍മാര്‍ക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാകും എന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

പദ്ധതി പരീക്ഷിച്ച ഈസ്റ്റ് ലങ്കാഷെയര്‍ ടീച്ചിങ് ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റില്‍ അത്യാഹിത വിഭാഗത്തിലെ ശരാശരി കാത്തിരിപ്പ് സമയം 178 മിനിറ്റില്‍ നിന്ന് 94 മിനിറ്റായി കുറഞ്ഞതായി എന്‍എച്ച്എസ് അറിയിച്ചു. അതായത് കാത്തിരിപ്പ് സമയം ഏകദേശം പകുതിയായി കുറഞ്ഞു. അതേസമയം, ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുള്ള മുതിര്‍ന്നവര്‍, ഇംഗ്ലീഷ് പരിജ്ഞാനം കുറവുള്ളവര്‍, സാങ്കേതിക സൗകര്യങ്ങളില്ലാത്തവര്‍ എന്നിവരെ പരിഗണിച്ചുള്ള വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളും സഹായ സംവിധാനങ്ങളും വേണമെന്ന ആശങ്കകളും ഉയര്‍ന്നിട്ടുണ്ട്. രോഗികളെ തിരിച്ചുവിടുമ്പോള്‍ അവര്‍ക്ക് എവിടെ, എപ്പോള്‍, എങ്ങനെ ചികിത്സ ലഭിക്കുമെന്ന് കൃത്യമായി അറിയിക്കുന്നില്ലെങ്കില്‍ ചിലര്‍ക്ക് ചികിത്സ വൈകാനുള്ള സാധ്യതയുണ്ടെന്നാണ് രോഗി അവകാശ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നത്.

 
Other News in this category

 
 




 
Close Window