ലണ്ടന്‍/കോട്ടയം: വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു പിന്നാലെയുണ്ടായ അണുബാധയെ തുടര്‍ന്ന് യുകെയില്‍ കോട്ടയം സ്വദേശി അന്തരിച്ചു. ബേണ്‍ലിയില്‍ താമസിച്ചിരുന്ന പുതുപ്പള്ളി തോട്ടയ്ക്കാട് പയറ്റുവിലയില് കുടുംബാംഗമായ അനില്‍ തോമസ് (56) ആണ് മരിച്ചത്. മാഞ്ചസ്റ്റര്‍ എംആര്‍ഐ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഒരു മാസം മുന്‍പാണ് അനിലിന് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. തുടര്‍ചികിത്സയ്ക്കിടെ മാറ്റിവച്ച വൃക്കയില്‍ അണുബാധയുണ്ടാകുകയും ആരോഗ്യനില വഷളാകുകയുമായിരുന്നു.
ഭാര്യ ഹാഷ്ലി കുര്യന് ബേണ്‍ലി ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ്. മകന് ഷോണ്‍ ജര്‍മനിയിലെ ബെര്‍ലിനില്‍ വിദ്യാര്‍ഥിയും മകള്‍ ഫെയ്ത് സര്‍വകലാശാലാ വിദ്യാര്‍ഥിനിയുമാണ്. മാഞ്ചസ്റ്ററിലെ ഹെവന്‍ലിഫീസ്റ്റ് (സ്വര്‍ഗീയ വിരുന്ന്) ചര്‍ച്ച് അംഗങ്ങളാണ് കുടുംബം. ബേണ്‍ലി പെന്ഡില് മലയാളി അസോസിയേഷന് (ബിപിഎംഎ) അംഗമായിരുന്ന അനിലിന്റെ അപ്രതീക്ഷിത വിയോഗം പ്രദേശത്തെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി. മൃതദേഹം യുകെയില്‍ തന്നെ സംസ്കരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടന്നുവരുന്നതായി കുടുംബാംഗങ്ങളും അസോസിയേഷന് ഭാരവാഹികളും അറിയിച്ചു. ബിപിഎംഎ പ്രസിഡന്റ് ലിറ്റോ ടൈറ്റസ്, സെക്രട്ടറി ഷിജു വേലായുധന് തുടങ്ങിയവര്‍ അനിലിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.