ലണ്ടന്‍: കടമെടുപ്പ് ചെലവുകള്‍ ഉയരുന്നതിനിടെ യുകെയില്‍ വീട് വാങ്ങുന്നതിനുള്ള മോര്‍ട്ട്ഗേജ് ആവശ്യകതയില്‍ കനത്ത ഇടിവ്. ആഗസ്റ്റില്‍ അനുവദിച്ച ഭവനവായ്പകളുടെ എണ്ണം 32 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഇറാന് യുദ്ധത്തെ തുടര്‍ന്നുള്ള സാമ്പത്തിക സമ്മര്‍ദവും പലിശനിരക്കിലെ വര്‍ധനയും ഭവനവിപണിയെ ബാധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ കണക്കുകള്‍ പ്രകാരം, ആഗസ്റ്റില്‍ വീട് വാങ്ങുന്നതിനായി 54,918 മോര്‍ട്ട്ഗേജുകള്‍ക്കാണ് അംഗീകാരം ലഭിച്ചത്. 2023 ഡിസംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ എണ്ണമാണിത്.
ഫെബ്രുവരിയില്‍ ഇറാന് യുദ്ധം ആരംഭിച്ചതിനു പിന്നാലെയാണ് യുകെയില്‍ മോര്‍ട്ട്ഗേജ് നിരക്കുകള്‍ ഉയരാന്‍ തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. എണ്ണവില വര്‍ധനയും പലിശനിരക്ക് ഉയര്‍ന്നേക്കുമെന്ന പ്രതീക്ഷയും വായ്പച്ചെലവ് വര്‍ധിക്കാന്‍ കാരണമായി.
നിലവിലുള്ള ഭവനവായ്പയ്ക്ക് പകരം പുതിയ വായ്പയെടുക്കുന്ന റീമോര്ട്ട്ഗേജിങ് വിഭാഗത്തിലും ഇടിവുണ്ടായി. ആഗസ്റ്റില്‍ ഇത്തരം വായ്പകള്‍ക്കുള്ള അംഗീകാരം 34,000 ആയി കുറഞ്ഞു. പുതിയ മോര്‍ട്ട്ഗേജുകളുടെ പലിശനിരക്ക് ഇതേ മാസം 4.60 ശതമാനമായി ഉയര്‍ന്നതായും ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യക്തമാക്കി. മണിഫാക്ട്സിന്റെ റിപ്പോര്‍ട്ട് പ്രകാരം, അഞ്ചുവര്‍ഷത്തെ ഫിക്സഡ് മോര്‍ട്ട്ഗേജ് പദ്ധതികളുടെ ശരാശരി പലിശനിരക്ക് ഇപ്പോള്‍ 5.94 ശതമാനമാണ്. 2023 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. രണ്ടുവര്‍ഷത്തെ ഫിക്സഡ് മോര്‍ട്ട്ഗേജുകളുടെ ശരാശരി നിരക്ക് 5.93 ശതമാനത്തിലെത്തി. 2024 ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണിത്. വായ്പച്ചെലവ് വര്‍ധിക്കുന്നത് വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ സാമ്പത്തിക ബാധ്യത ഉയര്‍ത്തുകയും ഭവനവിപണിയിലെ ഇടപാടുകളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുകയാണ്.