ലണ്ടന്‍: സെപ്റ്റംബര്‍ അവസാനത്തിലും യുകെയില്‍ അസാധാരണമായ ചൂട് തുടരുമെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിന്റെ തെക്കുകിഴക്കന്‍ മേഖലകളില്‍ താപനില 26 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ 20 ഡിഗ്രിക്ക് മുകളിലും ഉയര്‍ന്ന മലയോര മേഖലകളില്‍ 15 ഡിഗ്രിക്ക് മുകളിലും താപനില അനുഭവപ്പെടാനാണ് സാധ്യത. ഈ കാലയളവിലെ ശരാശരിയെക്കാള്‍ മൂന്ന് മുതല്‍ ഏഴ് ഡിഗ്രി വരെ ഉയര്‍ന്ന താപനിലയാണ് പ്രതീക്ഷിക്കുന്നത്. ഫ്രാന്‍സ്, സ്പെയിന് എന്നിവിടങ്ങളില്‍നിന്ന് വീശുന്ന ശക്തമായ തെക്കന്‍ കാറ്റാണ് ചൂട് വര്‍ധിക്കാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.
പകല്‍ സമയത്തിനു പുറമേ രാത്രിയിലും അസാധാരണമായ ചൂട് തുടര്‍ന്നേക്കും. സെപ്റ്റംബര്‍ അവസാനവാരങ്ങളില്‍ സാധാരണയായി ഏഴ് മുതല്‍ 11 ഡിഗ്രി വരെയാണ് രാത്രിയിലെ ശരാശരി താപനില. എന്നാല്‍ ഇത്തവണ ചിലയിടങ്ങളില്‍ രാത്രിയിലും താപനില 20 ഡിഗ്രിക്ക് താഴെയെത്താന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. ഈ വര്‍ഷം ഇതുവരെയുള്ള എല്ലാ മാസങ്ങളിലും ശരാശരിയെക്കാള്‍ ഉയര്‍ന്ന താപനില രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. ലഭ്യമായ കാലാവസ്ഥാ രേഖകളുടെ അടിസ്ഥാനത്തില്‍, ഏറ്റവും ചൂടേറിയ വര്‍ഷങ്ങളിലൊന്നായി 2026 മാറിയേക്കുമെന്നും വിലയിരുത്തപ്പെടുന്നു. വരുംമാസങ്ങളിലും സാധാരണയെക്കാള്‍ ചൂടുള്ള കാലാവസ്ഥ തുടരാന്‍ സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. അതേസമയം, തെക്കന്‍ മേഖലകളില്‍ ചൂട് ഉയരുമ്പോള്‍ വടക്കന്‍ അയര്‍ലന്‍ഡിലും സ്കോട്ട്ലന്‍ഡിലും ശക്തമായ കാറ്റും മേഘാവൃതമായ അന്തരീക്ഷവുമാണ് പ്രതീക്ഷിക്കുന്നത്.