പുണെ: വ്യാജ പാസ്പോര്‍ട്ടുമായി ഇന്ത്യയില്‍നിന്ന് മുങ്ങിയതായി കരുതപ്പെടുന്ന ഗുണ്ടാസംഘാംഗം നിലേഷ് ഗയ്വാള്‍ യുകെയിലുണ്ടെന്ന് പുണെ പോലീസ് സംശയിക്കുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് നാടുകടത്തണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് ഹൈക്കമ്മിഷനെ സമീപിച്ചതായി പോലീസ് അറിയിച്ചു.
കൊലപാതകം, പിടിച്ചുപറി ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ഗയ്വാള്‍, മകന്‍ താമസിക്കുന്ന യുകെയിലേക്ക് പോയിരിക്കാമെന്നാണ് പോലീസ് കരുതുന്നത്. സെപ്റ്റംബര്‍ 18-ന് പുണെ നഗരത്തിലെ കോത്രുഡ് പ്രദേശത്ത് സംഘര്‍ഷത്തെ തുടര്‍ന്ന് ഗയ്വാളിന്റെ കൂട്ടാളികള്‍ ഒരാളെ വെടിവച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗയ്വാള്‍ മുങ്ങിയത്.
ഇയാള്‍ രക്ഷപ്പെട്ടതിന് ശേഷം അനധികൃത പാസ്പോര്‍ട്ട് നേടിയതുള്‍പ്പെടെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. ഗയ്വാളിന് യുകെയിലേക്ക് എങ്ങനെ വിസ ലഭിച്ചു, എത്ര കാലമായി അവിടെ താമസിക്കുന്നു, ലഭിച്ച വിസയുടെ തരം, പെര്‍മിറ്റിന്റെ കാലാവധി എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ തേടിയാണ് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷന് കത്തെഴുതിയതെന്നും പോലീസ് വ്യക്തമാക്കി.
ഗയ്വാളിന്റെ യുകെയിലെ താമസം, മകന്‍ ഏത് സര്‍വകലാശാലയിലാണ് പഠിക്കുന്നത്, വിദ്യാഭ്യാസ ചെലവുകള്‍ വഹിക്കുന്നത് ആരാണ് തുടങ്ങിയ വിശദാംശങ്ങളും അന്വേഷിക്കുന്നതായും പോലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഇന്റര്‍പോള്‍ വഴി ബ്ലൂ കോര്‍ണര്‍ നോട്ടീസിനും ശ്രമം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.