ലണ്ടന്‍: ഒക്ടോബര്‍ 28ന് പുറത്തിറങ്ങിയ യു ഗോവിന്റെ ഏറ്റവും പുതിയ സര്‍വേഫലത്തില്‍ റിഫോം യുകെ 27 ശതമാനം വോട്ടുകള്‍ നേടി മുന്നിലെത്തി. ലേബര്‍ പാര്‍ട്ടിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും 17 ശതമാനം വോട്ടുകള്‍ വീതം നേടി ഒപ്പത്തിനൊപ്പമായപ്പോള്‍, ഗ്രീന്‍സ് പാര്‍ട്ടി 16 ശതമാനവും ലിബറല്‍ ഡെമോക്രാറ്റുകള്‍ 15 ശതമാനവും നേടി മൂന്നും നാലും സ്ഥാനങ്ങളില്‍ എത്തി. എസ് എന്‍ പിക്ക് ലഭിച്ചത് മൂന്നു ശതമാനം വോട്ടുകളാണ്.
ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ പരമ്പരാഗത ശക്തികളായ ലേബര്‍-കണ്‍സര്‍വേറ്റീവ് പാര്‍ട്ടികള്‍ക്ക് കൂടി 34 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത് എന്നതാണ് ശ്രദ്ധേയമായത്. 2017-ല്‍ ഈ രണ്ട് പാര്‍ട്ടികള്‍ക്ക് ലഭിച്ച വോട്ടുകള്‍ 80 ശതമാനമായിരുന്നു.
ഗ്രീന്‍സ് പാര്‍ട്ടിക്ക് ഇതുവരെ ലഭിച്ചതില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഇത്തവണ ലഭിച്ചത്. നാല് പ്രധാന പാര്‍ട്ടികള്‍ക്കിടയിലെ വോട്ടു വ്യത്യാസം മൂന്ന് പോയിന്റുകള്‍ മാത്രമാണെന്നതും ശ്രദ്ധേയമാണ്.
25 ശതമാനത്തിലധികം വോട്ടുകള്‍ നേടിയ റിഫോം യുകെയ്ക്ക് ഏറ്റവും കൂടുതല്‍ എംപിമാര്‍ ലഭിക്കുമെന്നാണ് പ്രവചനം. എന്നാല്‍, ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമോ എന്നതില്‍ ഉറപ്പില്ല. ഇലക്ഷന്‍ മാപ്സ് ഡോട്ട് യുകെയുടെ പ്രവചനം പ്രകാരം റിഫോം പാര്‍ട്ടിക്ക് 324 സീറ്റുകള്‍ ലഭിക്കുമെന്നാണ് കണക്ക്. കേവല ഭൂരിപക്ഷത്തിന് രണ്ട് സീറ്റുകള്‍ കൂടി വേണ്ടിവരുന്ന അവസ്ഥയാണ്. ലിബറല്‍ ഡെമോക്രാറ്റുകള്‍ പ്രധാന പ്രതിപക്ഷമാകുമെന്നാണ് റിപ്പോര്‍ട്ട്.