ലണ്ടന്‍: അനധികൃത കുടിയേറ്റക്കാരെ ഹോട്ടലുകളില്‍ പാര്‍പ്പിക്കുന്നതിനെതിരെ ജനരോഷം ശക്തമായി ഉയരവേ, പുതിയ നീക്കവുമായി യുകെ സര്‍ക്കാര്‍. അനധികൃത കുടിയേറ്റക്കാരെ നാടുകടത്തണമെന്നും വര്‍ദ്ധിച്ചുവരുന്ന കുടിയേറ്റം രാജ്യത്തിന് തിരിച്ചടിയാണെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. അതേസമയം, അഭയാര്‍ഥികള്‍ക്ക് താമസ സൗകര്യം ഒരുക്കാന്‍ കൗണ്‍സിലുകള്‍ തയാറെടുക്കുകയാണ്.
അടുത്ത മാസം മുതല്‍ ഏകദേശം 1,000 അഭയാര്‍ഥികളെ രണ്ട് സൈനിക ബാരക്കുകളിലായി പാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. സ്‌കോട്ട്‌ലന്‍ഡിലെ ഇന്‍വെര്‍നെസിലെ കാമറൂണ്‍ ബാരക്കും കിഴക്കന്‍ സസെക്‌സിലെ ക്രോബറോ പരിശീലന ക്യാമ്പുമാണ് ഇതിനായി ഒരുക്കുന്നത്. പുരുഷ അഭയാര്‍ഥികളായ 900 പേരെ താല്‍ക്കാലികമായി പാര്‍പ്പിക്കാന്‍ കഴിയുമെന്ന് ഹോം ഓഫീസ് സ്ഥിരീകരിച്ചു.
10,000 കുടിയേറ്റക്കാരെ സൈനിക സ്ഥലങ്ങളില്‍ പാര്‍പ്പിക്കാന്‍ കഴിയുമെന്നാണ് ഹോം ഓഫീസ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തെ 90 ശതമാനം കൗണ്‍സിലുകള്‍ അഭയാര്‍ഥികള്‍ക്ക് താമസ സൗകര്യം ഒരുക്കുമെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. 2025 അവസാനത്തോടെ ഇത് 92 ശതമാനമായി വര്‍ദ്ധിക്കുമെന്നാണ് വിലയിരുത്തല്‍.
രാജ്യത്താകെ ഹോട്ടലുകളില്‍ പാര്‍പ്പിച്ചിരിക്കുന്ന കുടിയേറ്റക്കാരെ മാറ്റി പാര്‍പ്പിക്കാന്‍ ലേബര്‍ സര്‍ക്കാര്‍ ഒരുങ്ങുമ്പോള്‍, ലണ്ടന്‍, തെക്കന്‍ ഇംഗ്ലണ്ട്, കിഴക്കന്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ 40,000 പേരെ വീടുകളില്‍ പാര്‍പ്പിക്കാനുള്ള പദ്ധതിയും ആലോചിക്കപ്പെടുന്നു. നിലവില്‍ 46,640 പേരെ ഉള്‍ക്കൊള്ളുന്ന വീടുകള്‍, ഫ്‌ലാറ്റുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഇതിനായി ഒരുക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ 66,000 പേരെ കൂടി ഉള്‍പ്പെടുത്താനാണ് പദ്ധതി. കൂടുതല്‍ സൈനിക ആസ്ഥാനങ്ങളും ഒഴിഞ്ഞുകിടക്കുന്ന വീടുകളും ഇതിനായി ഉപയോഗിക്കാനാണ് ഹോം ഓഫീസ് നീക്കം.