ലണ്ടന്‍: വാടക വരുമാനത്തിനുള്ള ആദായനികുതി നിരക്ക് ബജറ്റില്‍ വീണ്ടും ഉയര്‍ത്തിയതോടെ വാടക കൂട്ടുകയോ വീടുകള്‍ വില്ക്കുകയോ ചെയ്യേണ്ടിവന്നേക്കുമെന്ന് ബ്രിട്ടനിലെ വീടുടമകള്‍. മുന്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്സ് പ്രഖ്യാപിച്ച രണ്ട് ശതമാന പോയിന്റിന്റെ വര്‍ധനയ്ക്കു പിന്നാലെയാണ് ചാന്‍സലര്‍ ജോണ്‍ ഹീലി നിരക്ക് വീണ്ടും രണ്ട് ശതമാന പോയിന്റ് ഉയര്‍ത്തിയത്. 2027 ഏപ്രില്‍ മുതല്‍ അടിസ്ഥാന നിരക്കില്‍ നികുതി അടയ്ക്കുന്ന വീടുടമകളുടെ വാടക വരുമാനത്തിനുള്ള നികുതി നിലവിലെ 20 ശതമാനത്തില്‍നിന്ന് 24 ശതമാനമാകും. ഉയര്‍ന്ന നിരക്കിലുള്ളവര്‍ക്ക് 44 ശതമാനമായിരിക്കും നികുതി. ഏറ്റവും ഉയര്‍ന്ന നികുതി വിഭാഗത്തിലുള്ളവരുടെ നിരക്ക് 45 ശതമാനത്തില്‍നിന്ന് 49 ശതമാനമാകും.
അടിസ്ഥാന നിരക്കില്‍ നികുതി ബാധകമായ വാര്‍ഷിക വാടക വരുമാനം 12,000 പൗണ്ടാണെങ്കില്‍, നിലവില്‍ അടയ്ക്കേണ്ട നികുതി 2,400 പൗണ്ടാണ്. പുതിയ നിരക്കില്‍ ഇത് 2,880 പൗണ്ടാകും. വര്‍ഷത്തില്‍ 480 പൗണ്ടിന്റെ അധിക ബാധ്യത. നികുതി കൂടുന്നതോടെ വാടകയ്ക്ക് നല്‍കാനായി വീട് വാങ്ങുന്നതില്‍നിന്ന് ആളുകള്‍ പിന്‍വാങ്ങിയേക്കുമെന്ന് വീടുടമകള്‍ പറയുന്നു. നിലവില്‍ വീടുകള്‍ വാടകയ്ക്ക് നല്കുന്നവരില് ചിലര്‍ അധിക ചെലവ് നികത്താന്‍ വാടക കൂട്ടിയേക്കുമെന്നും മറ്റുചിലര്‍ വീടുകള്‍ വില്ക്കാന് തീരുമാനിച്ചേക്കുമെന്നുമാണ് ഇവരുടെ മുന്നറിയിപ്പ്.