ന്യൂഡല്‍ഹി: ഇന്ത്യ-യുകെ വ്യാപാരകരാറിലെ തീരുവയിളവ് ബള്‍ക്ക് സ്‌കോച്ച് വിസ്‌കിക്കും ബാധകമാണോയെന്ന തര്‍ക്കം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടങ്ങി. കുറഞ്ഞ തീരുവ ആവശ്യപ്പെട്ട ഇറക്കുമതിക്കാരും ഉയര്‍ന്ന നിരക്ക് ഈടാക്കണമെന്ന കസ്റ്റംസ് നിലപാടും തമ്മിലുള്ള ഭിന്നതയെ തുടര്‍ന്ന് തടഞ്ഞുവച്ച കണ്ടെയ്നറുകള്‍ വിട്ടുനല്‍കിയതായി വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാള്‍ അറിയിച്ചു. വിഷയത്തില്‍ ബ്രിട്ടനും ആശങ്ക ഉന്നയിച്ചിട്ടുണ്ട്. വ്യാപാരകരാറില്‍ സ്‌കോച്ച് വിസ്‌കിയുടെ അടിസ്ഥാന ഇറക്കുമതിത്തീരുവ 150 ശതമാനത്തില്‍നിന്ന് 75 ശതമാനമായി കുറച്ചിരുന്നു. എന്നാല്‍ ഇന്ത്യയില്‍ മറ്റ് മദ്യങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ബള്‍ക്ക് സ്‌കോച്ചിനെ അതേ വിഭാഗത്തില്‍ ഉള്‍പ്പെടുത്താനാകുമോയെന്നതാണ് തര്‍ക്കം.
ഇറക്കുമതിക്കാര്‍ വിസ്‌കിക്കുള്ള കസ്റ്റംസ് വിഭാഗത്തിലാണ് ഉല്‍പ്പന്നം ഉള്‍പ്പെടുത്തിയിരുന്നത്. അധികൃതര്‍ ഇത് പാനീയനിര്‍മാണത്തിനുള്ള സംയുക്ത ആല്‍ക്കഹോള്‍ തയ്യാറിപ്പുകളുടെ വിഭാഗത്തിലേക്ക് മാറ്റിയതോടെയാണ് 150 ശതമാനം അടിസ്ഥാന തീരുവ ആവശ്യപ്പെട്ടത്. അധിക ലെവി ഉള്‍പ്പെടുമ്പോള്‍ മൊത്തം ബാധ്യത ഇറക്കുമതിമൂല്യത്തിന്റെ 162.5 ശതമാനമാകുമെന്നാണ് വിലയിരുത്തല്‍. പെര്‍നോ റിക്കാര്‍ഡ്, ഡിയാജിയോ, ബക്കാര്‍ഡി തുടങ്ങിയ കമ്പനികളുടെ എണ്‍പതിലധികം കണ്ടെയ്നറുകളാണ് നേരത്തെ തുറമുഖങ്ങളില്‍ കുടുങ്ങിയത്. വ്യാപാരകരാറിലെ ആനുകൂല്യം ബള്‍ക്ക് സ്‌കോച്ചിനും ലഭിക്കണമെന്നാണ് കമ്പനികളുടെ നിലപാട്. കോടതിവിധികളും വ്യാപാരകരാറിലെ പ്രതിബദ്ധതകളും പാലിച്ചുകൊണ്ട് സാങ്കേതിക പരിഹാരം കണ്ടെത്താന്‍ വാണിജ്യ-ധനകാര്യ മന്ത്രാലയങ്ങള്‍ പ്രവര്‍ത്തിക്കുകയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കണ്ടെയ്നറുകള്‍ വിട്ടുനല്‍കിയെങ്കിലും തീരുവയുടെ വര്‍ഗീകരണം സംബന്ധിച്ച തര്‍ക്കത്തിന് അന്തിമപരിഹാരം പ്രഖ്യാപിച്ചിട്ടില്ല.