Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
പാചകം
  Add your Comment comment
നെയ്മീന്‍ വറത്തരച്ച കറി
Staff correspondent
ചേരുവകള്‍

മീന്‍ വറക്കുന്നതിന്

നെയ്മീന്‍ - 1/2 കിലോ

മുളക്‌പൊടി - 2 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്പൂണ്‍

വിനാഗിരി - 1/2 ടീസ്പൂണ്‍

ഉപ്പ് - 1 ടീസ്പൂണ്‍

വെളിച്ചെണ്ണ മീന്‍ വറക്കുന്നതിനാവശ്യമുള്ളത്ര

കറി - തയ്യാറാക്കുന്നതിന്

തേങ്ങ - വറത്തരച്ചത്

ഉപ്പ്

പച്ചമുളക് - എട്ട്

ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ഒരു ടേബിള്‍സ്പൂണ്‍ .

തക്കാളി മൂന്ന്

സവാള നാലെണ്ണം

മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്പൂണ്‍

കൊടംപുളി - നാല് ചെറിയ കഷ്ണം

വെളിച്ചെണ്ണ - മൂന്ന് ടേബിള്‍സ്പൂണ്‍

നെയ്മീന്‍ , മോദ, കാളാഞ്ചി തുടങ്ങിയ നല്ല മാംസം ഏത് മീനും ഈ കറി ഉണ്ടാക്കാന്‍ എടുക്കാം. മീന്‍ വറത്ത ശേഷമാണ് കറി ഉണ്ടാക്കുന്നത് . അരക്കിലോ മീന്‍ കഷ്ണങ്ങളാക്കി, വൃത്തിയാക്കി കഴുകി രണ്ട് ടീസ്പൂണ്‍ മുളക്‌പൊടി, കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, അരടീസ്പൂണ്‍ വിനാഗിരി ആവശ്യത്തിന് ഉപ്പ് എന്നിവ ഇട്ട് രണ്ട് മണിക്കൂര്‍ മസാല പിടിക്കാന്‍ വയ്ക്കുക. ശേഷം എണ്ണ ചൂടാക്കി ഒരു പാത്രത്തില്‍ തീ കുറച്ച് വെച്ച് പൊരിച്ചെടുക്കുക. കൂടുതല്‍ മൊരിയേണ്ടതില്ല.

അരമുറി തേങ്ങ ചിരകിയത് ചെറിയ തീയില്‍ വറത്തെടുക്കുക. കരിഞ്ഞുപോകാതെ തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിക്കണം . കരിഞ്ഞുപോകാതിരിക്കാന്‍ ഇടയ്ക്ക് അല്പം വെളിച്ചെണ്ണ ചേര്‍ക്കാം. വറത്ത തേങ്ങ, തണുത്ത ശേഷം മിക്‌സിയില്‍ വെള്ളം ചേര്‍ക്കാതെ നല്ലവണ്ണം അരച്ചെടുക്കുക.

ഇനി കറി തയ്യാറാക്കാം. മണ്‍ചട്ടിയില്‍ തയ്യാറാക്കുന്നതാണ് അനുയോജ്യം. ചട്ടി ചൂടാകുമ്പോള്‍ രണ്ട് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് അതില്‍ ഒരു ടേബിള്‍സ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് ചൂടാക്കുക. പച്ചമണം മാറുന്നതു വരെ ചൂടാക്കിയാല്‍ മതി. ശേഷം സവാള കനം കുറച്ച് നീളത്തില്‍ അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക. എട്ട് പച്ചമുളകാണ് കറിയില്‍ ഉപയോഗിക്കുന്നത്. എരിവിനായി മറ്റൊന്നും ചേര്‍ക്കുന്നില്ല. എരിവ് കൂടുതല്‍ ഇഷ്ടമില്ലാത്തവര്‍ക്ക് പച്ചമുളകിന്റെ എണ്ണം കുറയ്ക്കാം. വഴറ്റിയ സവാളയിലേയ്ക്ക് കുറച്ച് കറിവേപ്പിലയും നെടുകെ കീറിയ പച്ചമുളകും ഇട്ട് നന്നായി ഇളക്കുക. കൊടംപുളി ചേര്‍ക്കുന്നത് കൊണ്ട് അധികം പുളിയില്ലാത്ത മൂന്ന് തക്കാളിയാണ് കറിയില്‍ ചേര്‍ക്കുന്നത്. പച്ചമുളക് വാടിയ ശേഷം നീളത്തില്‍ അരിഞ്ഞ തക്കാളിയും ചട്ടിയിലേയ്ക്ക് ഇടുക. തുടര്‍ച്ചയായി ഇളക്കികൊണ്ടിരിക്കണം. തക്കാളി വാടിയ ശേഷം കാല്‍ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും അരച്ചുവെച്ചിരിക്കുന്ന തേങ്ങയും ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. തേങ്ങ ചേര്‍ത്ത ശേഷം ഒരു കപ്പ് വെള്ളം ചേര്‍ക്കുക. വെള്ളം ചൂടാകുമ്പോള്‍ നാല് ചെറിയ കഷ്ണം കൊടംപുളി ഇടുക. വറത്തു വെച്ചിരിക്കുന്ന മീനുകള്‍ കറിയില്‍ ചേര്‍ക്കാം. ശേഷം പത്ത് മിനിറ്റുനേരം ചെറിയ തീയില്‍ കറി അടച്ചുവെക്കുക.അവസാനമായി വെളിച്ചെണ്ണ, കടുക്, ഉലുവ, വറ്റല്‍മുളക്, കറിവേപ്പില എന്നിവ കൊണ്ട് മീന്‍കറിയില്‍ താളിക്കുക.
 
Other News in this category

 
 




 
Close Window