Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഒമാന്‍, ഖത്തര്‍, യുഎഇ പൗരന്മാര്‍ക്ക് വിസയില്ലാതെ യുകെ സന്ദര്‍ശിക്കാം, വത്തിക്കാനില്‍ നിന്നുള്ളവര്‍ക്ക് വിസ നിര്‍ബന്ധം: ഇമിഗ്രേഷന്‍ നിയമമാറ്റം
reporter
മിഡില്‍ ഈസ്റ്റ് രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ യുകെയുടെ വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടുകൊണ്ട് ബ്രിട്ടനില്‍ ഇമിഗ്രേഷന്‍ നിയമഭേദഗതി. യുഎഇ, ഒമാന്‍, ഖത്തര്‍ പൗരന്മാര്‍ക്ക് പാരമ്പര്യ രീതിയിലുള്ള വിസ ഇല്ലാതെതന്നെ യുകെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുന്നതാണ് പുതിയ മാറ്റം. 2014ല്‍ കുവൈറ്റ് പൗരന്മാര്‍ക്കും ഇതേ ഇളവ് അനുവദിക്കും. നിയമ ഭേദഗതി ഒമ്പതാം തീയതി പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. യഥാര്‍ഥ ടൂറിസ്റ്റുകളെ ബ്രിട്ടനിലേക്ക് ആകര്‍ഷിക്കുകയാണ് ഭേദഗതിയുടെ ലക്ഷ്യമെന്ന് ഹോം സെക്രട്ടറി തെരേസ മേ പാര്‍ലമെന്റില്‍ അവകാശപ്പെട്ടു.

യുഎഇ, ഖത്തര്‍, ഒമാന്‍ പൗരന്മാര്‍ 2014 ജനുവരി ഒന്നു മുതല്‍ പാരമ്പര്യ രീതിയിലുള്ള ബ്രിട്ടീഷ് വിസയ്ക്കായി കാത്തിരിക്കേണ്ടതില്ല. യുകെ സന്ദര്‍ശിക്കാന്‍ താത്പര്യമുള്ളവര്‍ നാല്‍പ്പത്തെട്ടു മണിക്കൂര്‍ മുമ്പ് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്താല്‍ മതി. പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, ഈ സമയംകൊണ്ട് അപേക്ഷകര്‍ക്ക് ഇലക്ട്രോണിക് വിസ വെയ്‌വര്‍ (EVW) ലഭിക്കും. യുകെയില്‍ വന്നിറങ്ങുന്ന സമയത്ത് ഇമിഗ്രേഷന്‍ ഓഫീസില്‍ വിസയ്ക്കു പകരം EVW കാണിച്ചാല്‍ മതി. EVW ലഭിക്കുന്നതിന് ഫീസ് അടയ്‌ക്കേണ്ടതില്ല. ഇതു തന്നെയാണ് ഇപ്പോഴത്തെ ഭേദഗതിയിലെ ഏറ്റവും വലിയ ആകര്‍ഷണം. EVW വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ബയോമെട്രിക് തെളിവുകള്‍ ബാധകമല്ല. എന്നു മാത്രമല്ല, വിസ ആപ്ലിക്കേഷന്‍ സെന്റില്‍ പോവുകയേ വേണ്ട.

യുകെ സന്ദര്‍ശിക്കുന്ന മിഡില്‍ ഈസ്റ്റ് പൗരന്മാര്‍ വിസയ്ക്കായി നയാപൈസപോലും മുടക്കേണ്ട എന്നാണ് തെരേസ മേയുടെ പ്രഖ്യാപനം. കൂടുതല്‍ കാലം യുകെയില്‍ വിസിറ്റിങ് വിസയില്‍ കഴിയാന്‍ ആഗ്രഹിക്കുന്ന അറേബ്യന്‍ പൗരന്മാര്‍ക്ക് പാരമ്പര്യരീതിയിലുള്ള വിസിറ്റിങ് വിസ ലഭിക്കും.

അതേസമയം, വത്തിക്കാന്‍ സിറ്റിയില്‍ നിന്നുള്ളവരുടെ വിസയില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. വത്തിക്കാനില്‍ നിന്നുള്ള നോണ്‍ - നാഷണല്‍ യാത്രക്കാര്‍ക്ക് ഇനി മുതല്‍ യുകെ സന്ദര്‍ശിക്കാന്‍ വിസ നിര്‍ബന്ധം. സര്‍വീസ്, ടെംപററി സര്‍വീസ്, ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്കും ഈ നിയമം ബാധകമാണ്. വത്തിക്കാന്‍ നേരിട്ട് ഇഷ്യൂ ചെയ്ത സര്‍ട്ടിഫിക്കറ്റുണ്ടെങ്കിലും വത്തിക്കാനില്‍ നിന്നുള്ള നോണ്‍ - നാഷണല്‍ സന്ദര്‍ശകര്‍ക്ക് ഈ നിയമം ബാധകമാണ്. വിസിറ്റിങ് വിസയുടെ പരിധിയില്‍ വരുന്നില്ല എന്നാണ് ഈ നടപടിക്ക് തെരേസ മേ നല്‍കിയ വിശദീകരണം. വത്തിക്കാന്‍ പൗരത്വവും പാസ്‌പോര്‍ട്ടും ഉള്ളവര്‍ക്ക് യുകെ സന്ദര്‍ശനത്തിന് വിസ ആവശ്യമില്ല. ആര്‍മി, വിദ്യാസമ്പന്നരായ വ്യവസായികള്‍ എന്നീ വിഭാഗത്തിന് ചില ഇളവുകള്‍ ലഭിക്കും.

ബിസിനസ് രംഗത്തും, യഥാര്‍ഥ ടൂറിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിലും ബ്രിട്ടനു താത്പര്യമുണ്ട് എന്ന മുഖവുരയോടെയാണ് തെരേസ മേ പുതിയ മാറ്റങ്ങള്‍ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചത്. എന്നാല്‍, വിമര്‍ശകര്‍ക്ക് വന്‍വിവേചനം ചൂണ്ടിക്കാണിക്കാവുന്ന ഭേദഗതിയാണ് 2014 ജനുവരി മുതല്‍ നടപ്പാക്കുന്നത്. ബ്രിട്ടനു സാമ്പത്തികശക്തി പകരുന്ന പ്രധാന രാഷ്ട്രങ്ങള്‍ക്കൊന്നും നല്‍കാത്ത പരിഗണനയാണ് മിഡില്‍ ഈസ്റ്റ് രാഷ്ട്രങ്ങള്‍ക്ക് തെരേസ മേ പ്രഖ്യാപിച്ചിട്ടുള്ളത്.

ഇന്ത്യ, ശ്രീലങ്ക, ഫിലിപ്പീന്‍സ് തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നുള്ളവരെയും, മിഡില്‍ ഈസ്റ്റ് പൗരന്മാരെയും രണ്ടു വിഭാഗങ്ങളാക്കി തിരിക്കുന്നതാണ് നിയമഭേദഗതിയെന്ന് വിമര്‍ശനം ഉയരും. ഒരു വിഭാഗം രാഷ്ട്രങ്ങളിലെ പൗരന്മാര്‍ വിസിറ്റിങ് വിസയ്ക്ക് ബോണ്ട് നല്‍കണമെന്നാവശ്യപ്പെടുകയും, മറ്റൊരു വിഭാഗം രാജ്യങ്ങളെ ഉപാധികളില്ലാതെ ക്ഷണിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പിനെതിരേ യുകെയില്‍ത്തന്നെ വിമര്‍ശനം ഉയരാനിടയുണ്ട്.
 
Other News in this category

 
 




 
Close Window