|
കോളിളക്കം സൃഷ്ടിച്ച ചന്ദ്രബോസ് കൊലക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി മുഹമ്മദ് നിസാം സഹോദരങ്ങള്‍ക്കെതിരേ വധഭീഷണി മുഴക്കിയെന്ന പരാതിയില്‍ അന്വേഷണം. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം. ഇയാള്‍ മൊബൈല്‍ ഫോണ്‍ വഴി വിളിച്ചു ഭീഷണി മുഴക്കിയെന്നാണ് ആരോപണം.
നിസാം ജയിലില്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടോയെന്ന കാര്യം അന്വേഷിക്കുന്നുണ്ട്. സഹോദരങ്ങളെ എവിടെനിന്നാണ് നിസാം വിളിച്ചതെന്നും ആരുടെ ഫോണില്‍നിന്നാണിതെന്നും പരിശോധിച്ചുവരുന്നു.
കൊല്ലപ്പെട്ട ചന്ദ്രബോസിന്റെ ബന്ധുക്കള്‍ ഇക്കാര്യം ഒരാഴ്ച മുമ്പുതന്നെ തൃശൂര്‍ റൂറല്‍ എസ്പി നിശാന്തിനിയെ കണ്ടു പരാതിപ്പെട്ടിരുന്നു. പോലീസിന്റെയും ജയില്‍ അധികൃതരുടെയും വഴിവിട്ട സഹായം നിസാമിനു കണ്ണൂരില്‍ ലഭിക്കുന്നുണ്ടോ എന്ന കാര്യം അന്വേഷണ സംഘം പരിശോധിക്കും.
തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഇരട്ട ജീവപര്യന്തത്തിനു ശിക്ഷിക്കപ്പെട്ടു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണു നിസാം ഇപ്പോള്‍. നിസാം തങ്ങള്‍ക്കെതിരേ വധഭീഷണി മുഴക്കിയെന്നു സഹോദരങ്ങളാണു തൃശൂര്‍ റൂറല്‍ എസ്പി നിശാന്തിനിക്കു പരാതി നല്‍കിയത്.
എവിടെ നിന്നാണ്, എപ്പോ ഴാണു ഭീഷണി മുഴക്കിയതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ബംഗളൂരുവില്‍ മറ്റൊരു കേസിന്റെ വിചാരണയ്ക്കായി കൊണ്ടുപോകുമ്പോഴാണു നിസാം ബന്ധുക്കളെ വിളിച്ചു വധഭീഷണി മുഴക്കിയതെന്നാണു സൂചന. വിചാരണയ്ക്കു കൊണ്ടുപോയ ബസില്‍ നിസാമിന്റെ സുഹൃത്തുക്കളും ഓഫീസ് ജീവനക്കാരും യാത്ര ചെയ്തിരുന്നുവെന്നും പരാതിയുയര്‍ന്നിട്ടുണ്ട്. നിസാമിന്റെ ചെലവിലായിരുന്നു ബംഗളൂരു യാത്രയെന്നും ആരോപണമുണ്ട്. ഇക്കാര്യങ്ങളും പോലീസ് അന്വേഷിക്കും. |