|
ഇത് അത്ര മല മറയ്ക്കുന്ന കാര്യമൊന്നുമല്ല. കേക്ക് എന്നു കേട്ടാല്‍ പേടിച്ചോടേണ്ട കാര്യമില്ല. അടുത്ത തവണ പാര്‍ട്ടിക്ക് ചോക്ലേറ്റ് കേക്ക് വീട്ടിലുണ്ടാക്കാം. ഈ ചേരുവകള്‍ ഒന്നു പരീക്ഷിച്ചു നോക്കൂ. ഏതു വീട്ടമ്മയ്ക്കും നിസ്സാരമായി ചെയ്യാവുന്ന പാചക വിദ്യയാണിത്.
മൈദ - ഒരു കപ്പ്
എണ്ണ - കാല്‍ കപ്പ്
പഞ്ചസാര - 1/3 കപ്പ്
ചൂടുവെള്ളം - 3/4 കപ്പ്
കൊക്കോപ്പൊടി - മൂന്നു ടേബിള്‍ സ്പൂണ്‍
നാരങ്ങാനീര് - ഒരു ടേബിള്‍ സ്പൂണ്‍
വാനിലാ എസന്‍സ് - 1/4 ടീസ്പൂണ്‍
ബേക്കിംഗ് പൗഡര്‍ - 1/2 ടീസ്പൂണ്‍
സോഡപ്പൊടി - 1/4 ടീസ്പൂണ്‍
തയാറാക്കുന്ന വിധം
എണ്ണ ഒരു ബൗളില്‍ ഒഴിക്കുക. പഞ്ചസാര, ചൂടുവെള്ളം, വാനില എസന്‍സ് എന്നിവ എടുത്ത് പഞ്ചസാര അലിയും വരെ ഇളക്കുക. ഇതിലേക്ക് ഒരു അരിപ്പവച്ച് അതില്‍ മൈദ കൊക്കൊപ്പൊടി, ബേക്കിംഗ് പൗഡര്‍, ബേക്കിംഗ് സോഡ (സോഡപ്പൊടി) എന്നിവ എടുത്ത് നന്നായി ഇളക്കുക. നാരങ്ങാനീര് ഒഴിച്ച് ഇളക്കുക.
ഒരു പ്രഷര്‍ കുക്കര്‍ അടുപ്പത്ത് വച്ച് അഞ്ചുമിനിറ്റ് പ്രീഹീറ്റ് ചെയ്യുക. പ്രഷര്‍ കുക്കറിന്റെ സെപ്പറേറ്റര്‍ എടുത്ത് അതില്‍ ബട്ടര്‍ തേയ്ക്കുക. ഇതിലേക്ക് കേക്കിന്റെ ബാറ്റര്‍ ഒഴിച്ച് നന്നായി തട്ടുക.
പ്രഷര്‍ കുക്കറിലേക്ക് ഈ തട്ട് വച്ച് അടയ്ക്കുക. വെയ്റ്റ് വയ്ക്കരുത്. 30–35 മിനിറ്റ് അടുപ്പത്ത് വച്ചശേഷം വാങ്ങുക. ഒരു ടൂത്ത് പിക്ക് കേക്കില്‍ കുത്തി നോക്കുക. ഒന്നും ്അതില്‍ ഒട്ടിപ്പിടിക്കുന്നില്ലെങ്കില്‍ പാകമായി എന്നുമാനിക്കാം. ഇനി ഇത് ഒരുപാത്രത്തിലേക്ക് കമഴ്ത്തുക. |