|
പണ്ടൊക്കെ മല്ലിയും മുളകും തിരുമ്മിയിട്ട് ചട്ടിയില്‍ വേവിച്ചെടുത്ത് സ്വാദിഷ്ടമായി കഴിച്ചിരുന്ന വിഭവമാണ് കോഴിക്കറി. അമ്മച്ചിമാരുടെ ചേരുവകളായിരുന്നു സ്വാദിന്റെ രഹസ്യം. ആ കൈപ്പുണ്യം സ്വന്തമാക്കാന്‍ പാചകത്തില്‍ ബിരുദമൊന്നും വേണ്ട. ഈ രീതിയിലൊരു പാചകം മതി.
കോഴിയിറച്ചി - അര കിലോ (കഷണങ്ങളാക്കിയത്)
ഉരുളക്കിഴങ്ങ് - മൂന്നെണ്ണം (കഷണങ്ങളാക്കിയത്)
സവാള - ഒരു കപ്പ് (അരിഞ്ഞത്)
വെളുത്തുള്ളി - 8 അല്ലി
ഇഞ്ചി - അര ഇഞ്ച് നീളത്തില്‍
പെരുംജീരകം - ഒരു ടീസ്പൂണ്‍
കാഷ്മീരി മുളകുപൊടി - ഒന്നര ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി - ഒന്നര ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - അര ടേബള്‍ സ്പൂണ്‍
കുരുമുളകുപൊടി - 1/8 ടീസ്പൂണ്‍
ഗരം മസാല - ഒരു ടേബിള്‍ സ്പൂണ്‍
കടുക് - ഒരു ടേബിള്‍ സ്പൂണ്‍
തക്കാളി(അരിഞ്ഞത്) - ഒരെണ്ണം
വിന്നാഗിരി - ഒരു ടേബിള്‍ സ്പൂണ്‍
വെളിച്ചെണ്ണ - മൂന്ന് ടേബിള്‍ സ്പൂണ്‍
പച്ചമുളക് - മൂന്നെണ്ണം (കനം കുറച്ച്
നീളത്തില്‍ അരിഞ്ഞത്)
തേങ്ങാപ്പാല്‍ - അര കപ്പ് (തലപ്പാല്‍)
വെളിച്ചെണ്ണ - രണ്ടു കപ്പ്
മസാലക്കൂട്ടിന്
വെളിച്ചെണ്ണ - രണ്ടു ടേബിള്‍ സ്പൂണ്‍
ചുവന്നുള്ളി - ആറ് എണ്ണം (അരിഞ്ഞത്)
കറിവേപ്പില - ആവശ്യത്തിന്.
തയാറാക്കുന്ന വിധം
മല്ലിപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, മഞ്ഞള്‍പ്പൊടി, ഗരം മസാല എന്നിവ അല്‍പം വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇഞ്ചിയും പെരുംജീരകവും വെളുത്തുള്ളിയും ചതച്ചെടുക്കുക.
പാന്‍ അടുപ്പില്‍ വച്ച് എണ്ണ ഒഴിച്ച ശേഷം കടുകു പൊട്ടിക്കുക. ഇതിലേക്ക് ഇഞ്ചി - വെളുത്തുള്ളി - പെരുംജീരകം - പച്ചമുളക് എന്നിവ ഇടുക. അരിഞ്ഞു വച്ചിരിക്കുന്ന ചുവന്നുള്ളിയും തക്കാളിയും ഇതിലേക്കിട്ട് നന്നായി വഴറ്റുക. ഇതിലേക്ക് തയാറാക്കി വച്ചിരിക്കുന്ന പൊടിക്കൂട്ട് ഇട്ട് വിനാഗിരിയും ചേര്‍ത്ത ശേഷം നന്നായി ഇളക്കുക. തീ കുറച്ചു വച്ച് എണ്ണ വറ്റുന്നതുവരെ ഇളക്കണം.
കോഴിയിറച്ചി കഷണങ്ങളും അരിഞ്ഞുവച്ചിരിക്കുന്ന ഉരുളക്കിഴങ്ങും ഈ മസാലക്കൂട്ടിലേക്ക് ഇട്ട് തേങ്ങാപ്പാലും ആവശ്യത്തിന് ഉപ്പും ഇട്ടശേഷം പാത്രം അടച്ചു വെച്ച് വേവിക്കുക. കോഴിക്കഷണങ്ങള്‍ വെന്തു വരുമ്പോള്‍ തലപ്പാല്‍ ചേര്‍ത്തു കുറുകുന്നതുവരെ വേവിക്കണം.
മറ്റൊരു പാനില്‍ എണ്ണ ചൂടാക്കിയ ശേഷം ചുവന്നുള്ളി ഇട്ട് സ്വര്‍ണ നിറമാകുന്നതുവരെ വഴറ്റുക, ഇതിലേക്ക് കറിവേപ്പില കൂടി ചേര്‍ക്കണം. ഈ കൂട്ട് വേവിച്ചു വച്ചിരിക്കുന്ന ഇറച്ചിക്കറിയിലേക്ക് ചേര്‍ത്ത് വിളമ്പാം. പാലപ്പത്തിനൊപ്പം ഇത് കഴിക്കാം. |